മനസ് തുറക്കാതെ കോട്ടയം; കേരള കോൺഗ്രസുകളുടെ ശക്തിപ്രകടനം
text_fieldsജോസ് കെ. മാണി, പി.ജെ. ജോസഫ്
കോട്ടയം: ഏതെങ്കിലും ഒരു മുന്നണിയെ സ്ഥിരമായി പിന്തുണക്കുന്ന സ്വഭാവമില്ലാത്ത കോട്ടയം ഇക്കുറിയും മനസ് തുറന്നിട്ടില്ല. കേരള കോൺഗ്രസുകൾക്ക് വേരോട്ടമുള്ള അക്ഷരനഗരിയിൽ മാണിവിഭാഗത്തിനാണോ അതോ പി.ജെ. ജോസഫിന്‍റെ കേരള കോൺഗ്രസിനാണോ കൂടുതൽ കരുത്ത് എന്ന് കൂടി തെളിയിക്കുന്നതാകും ഈ തെരഞ്ഞെടുപ്പ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പടിവാതിലിൽ വെച്ച് ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എം എൽ.ഡി.എഫിലേക്ക് ചേക്കേറിയത് ഇടതുമുന്നണിക്ക് നേട്ടമായിരുന്നു. കോട്ടയം ജില്ല പഞ്ചായത്തും രണ്ട് നഗരസഭകളും 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തും എൽ.ഡി.എഫിന് കിട്ടി. മാണിവിഭാഗത്തിന്‍റെ ആ കരുത്ത് തിരിച്ചറിഞ്ഞാണ് ഇക്കുറിയും എൽ.ഡി.എഫ് സീറ്റ് വിഭജനം.
കഴിഞ്ഞതവണ കോട്ടയം ഉൾപ്പെടെ അഞ്ച് നഗരസഭകളുടെ ഭരണം നേടിയ യു.ഡി.എഫിന് രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതിനെ തുടർന്ന് ചങ്ങനാശ്ശേരിയുടെ ഭരണം നഷ്ടമായി. ക്രൈസ്തവ വോട്ടുകൾ സ്വന്തമാക്കി ജില്ലയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ മുന്നണി. എന്നാൽ വിമതർ മൂന്ന് മുന്നണികൾക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നുണ്ട്. കോൺഗ്രസിന് മുൻകാലങ്ങളേക്കാൾ വിമതർ കുറവാണെന്ന് നേതൃത്വം അവകാശപ്പെടുമ്പോൾ സി.പി.എം ഉൾപ്പെടെ ഇടതു കക്ഷികൾക്കും ഇക്കുറി വിമതരുണ്ട്.
സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിഞ്ഞപ്പോൾ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും എണ്ണത്തിൽ മുന്നിൽ വനിതകളാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ വനിതകൾ മത്സരരംഗത്തുള്ള തദ്ദേശസ്ഥാപനം കോട്ടയം നഗരസഭയാണ്. കോട്ടയം ഉൾപ്പെടെ ആറ് നഗരസഭകളിൽ ഭൂരിപക്ഷവും സ്വന്തമാക്കുക, ജില്ല പഞ്ചായത്ത് - ബ്ലോക് പഞ്ചായത്ത് ഭരണം നിലനിർത്തുക, പകുതിയിലേറെ ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിക്കുക എന്നിങ്ങനെയാണ് എൽ.ഡി.എഫ് ലക്ഷ്യം. മുനിസിപ്പാലിറ്റികൾക്കും ഗ്രാമപഞ്ചായത്തുകൾക്കും പുറമെ ഇക്കുറി ജില്ലാ പഞ്ചായത്ത് ഭരണം കൂടി പിടിച്ചെടുക്കുമെന്ന അവകാശവാദമാണ് യു.ഡി.എഫിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

