പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി; അവകാശവാദവുമായി കേരള കോൺഗ്രസ്
text_fieldsഇടുക്കി: കാബിനറ്റ് പദവികൾ നൽകണമെന്ന ആവശ്യവുമായി യു.ഡി.എഫിൽ സമ്മർദം ശക്തമാക്കി ഘടകകക്ഷികൾ. മുതിർന്ന നേതാവായ പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നൽകണമെന്ന് കേരള കോൺഗ്രസ് നേതാവും പാർട്ടിയുടെ ഏകമന്ത്രിയുമായ മോൻസ് ജോസഫ് ആവശ്യപ്പെട്ടു. പി.ജെ. ജോസഫിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യു.ഡി.എഫിന്റെ ആദ്യ കൺവീനർ എന്ന നിലയിലും മുന്നണിയിലെ ഏറ്റവും മുതിർന്ന നേതാവ് എന്ന നിലയിലും കാബിനറ്റ് പദവി ജോസഫിന് സ്വാഭാവികമായും അവകാശപ്പെട്ടതാണെന്ന് മോൻസ് പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകാലം നിയമസഭാംഗവുമായിരുന്നു പി.ജെ. ജോസഫ്. ആവശ്യം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മോൻസ് കൂട്ടിച്ചേർത്തു.
പദവി ഏതെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഭരണപരിഷ്കാര കമീഷൻ അധ്യക്ഷസ്ഥാനം പാർട്ടി നോട്ടമിടുന്നുണ്ട്. ഭരണരംഗത്ത് ജോസഫിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന പദവി എന്നതാണ് കേരള കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്.
ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിലും കേരള കോൺഗ്രസ് സ്ഥാനാർഥികൾ വിജയം വരിച്ചിരുന്നു. മികച്ച വിജയം കൈവരിച്ചതിനാൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇപ്പോൾ പി.ജെ. ജോസഫിന് അർഹമായ ഔദ്യോഗിക പദവി നൽകണമെന്ന ആവശ്യമാണ് പാർട്ടി ഉന്നയിക്കുന്നത്.
മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികളും കാബിനറ്റ് പദവികൾ ലക്ഷ്യമിട്ട് രംഗത്തുണ്ട്. എം.കെ. മുനീറിന് ഭരണപരിഷ്കാര കമീഷൻ, വയോജന കമീഷൻ അധ്യക്ഷപദവികളിലൊന്ന് നൽകണമെന്നാണ് ലീഗിന്റെ ആവശ്യം. പാലാ എം.എൽ.എ മാണി സി. കാപ്പൻ, ജി. ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്) എന്നിവരുടെ പേരുകളും കാബിനറ്റ് പദവികളിലേക്ക് ഉയർന്നുവരുന്നുണ്ട്.
രണ്ടര വർഷത്തിനുശേഷം അനൂപ് ജേക്കബിനു പകരം മന്ത്രിയാകാൻ കാത്തിരിക്കുന്ന മാണി സി. കാപ്പൻ അതുവരെ കാബിനറ്റ് റാങ്കുള്ള മറ്റൊരു സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഡൽഹിയിൽ സംസ്ഥാന സർക്കാറിന്റെ പ്രത്യേക പ്രതിനിധി പദവിയാലാണ് ജി. ദേവരാജന്റെ നോട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

