കോടതിവിധി തിരിച്ചടിയല്ല; ചെയര്മാൻ സ്ഥാനത്തെ ബാധിക്കില്ല -ജോസ് കെ.മാണി
text_fieldsകോട്ടയം: ചെയര്മാൻ തെരഞ്ഞെടുപ്പിനെ ഇടുക്കി മുന്‍സിഫ് കോടതി വിധി ബാധിക്കില്ലെന്ന് ജോസ് കെ.മാണി എം.പി. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് പാര്‍ട്ടി ഭരണഘടന അനുസരിച്ച് നടത്തിയതാണ് ചെയര്മാന് തെരഞ്ഞെടുപ്പ്. ചെയര്മാെനന്ന നിലയിലുള്ള തെൻറ പ്രവര്‍ത്തനങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഇടുക്കി മുന്‍സിഫ് കോടതി പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ ഉടന്‍ നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കും. കേരള കോണ്‍ഗ്രസ് എം ചെയര്മാന് എന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങളുടെ വിനിയോഗത്തില്‍ ചിലതുമാത്രം പരിമിതപ്പെടുത്തുന്നത് മാത്രമായിരുന്നു തൊടുപുഴ കോടതിയുടെ ഉത്തരവ്.
പാര്‍ട്ടി പ്രവര്‍ത്തകരുടെമേല്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതുപോലെയുള്ള ചില പ്രത്യേക കാര്യങ്ങളില്‍ മാത്രമാണ് ഇത് ബാധകമാകുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടുള്ള ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമീഷെൻറ തീരുമാനങ്ങളാണ് ആത്യന്തികമായി ബാധകമാകുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ പരിഗണനയിലാണ് ഈ വിഷയമെന്നതിനാൽ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.
