എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ മഹാരാജാസിന് വൻ കുതിപ്പ്; എഞ്ചിനീയറിങ് കോളജുകൾ പിന്നിലേക്ക്
text_fieldsനാഷനൽ ഇൻസ്റ്റിട്യൂഷനൽ റാങ്കിങ് ഫ്രെയിം വർകിൽ (എൻ.ഐ.ആർ.എഫ് ) കേരളത്തിൽ നിന്നുള്ള ആർട്സ് സയൻസ് കോളജുകൾക്ക് മുന്നേറ്റം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, സെന്റ് തെരേസാസ് കോളജ് എന്നിവയുൾപ്പെടെ കേരളത്തിലെ പ്രമുഖ ആർട്സ് ആൻഡ് സയൻസ് കോളജുകൾ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തി. മാർ ഇവാനിയോസ് കോളജ്, വിമൺസ് കോളജ് എന്നിവയാണ് റിങ്കിൽ പിന്നാക്കം പോയ കോളജുകൾ.
2021ൽ കേരളത്തിലെ 19 കോളജുകൾ രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റിലെ ആദ്യ 100ൽ എത്തിയിരുന്നെങ്കിൽ ഇത്തവണ അത് 17 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം അഞ്ച് കോളജുകളാണ് ആദ്യ 50ൽ എത്തിയതെങ്കിൽ ഇത്തവണ അത് നാലായി കുറഞ്ഞു. 24-ാം റാങ്കോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംസ്ഥാനത്ത് ഒന്നാമതെത്തി. ടീച്ചിങ്, ലേണിംഗ് & റിസോഴ്‌സ് (TLR), റിസർച്ച് ആൻഡ് പ്രൊഫഷണൽ പ്രാക്ടീസ് (RRP), ഗ്രാജ്വേഷൻ ഔട്ട്‌കംസ് (GO), ഔട്ട്‌റീച്ച് ആൻഡ് ഇൻക്ലൂസിവിറ്റി (OI), പിയർ പെർസെപ്‌ഷൻ എന്നീ അഞ്ച് മാനദണ്ഡങ്ങൾ പ്രകാരമാണ് കോളജുകളുടെ റാങ്കിങ് നിശ്ചയിക്കുന്നത്.
എറണാകുളത്തെ രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് 27-ാം റാങ്കോടെ ആദ്യ 30-ലേക്ക് കടന്നു. ജില്ലയിലെത്തന്നെ സെന്റ് തെരേസാസ് കോളജ് 37-ാം സ്ഥാനത്തെത്തി. സംസ്ഥാനത്തെ ഏക സ്വയംഭരണ സർക്കാർ കോളജായ മഹാരാജാസിന്റെ റാങ്കിങ് 2021ലെ 92ൽ നിന്ന് 2022-ൽ എത്തിയപ്പോൾ 60ലേക്ക് ഉയർന്നു.
മഹാരാജാസ് കോളജിലെ അസോസിയേറ്റ് പ്രൊഫസറും ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (ഐക്യുഎസി) ചുമതലക്കാരനുമായ ഡോ ജി എൻ പ്രകാശ് പറയുന്നതനുസരിച്ച്, സ്ഥാപനം അഞ്ച് പാരാമീറ്ററുകളിലും സ്കോറുകളിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. "അധ്യാപനം, ടിഎൽആർ എന്നിവയിൽ ഞങ്ങൾക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചു. ശ്രദ്ധിക്കേണ്ട കാര്യം, ഗവേഷണത്തിലും പ്രൊഫഷണൽ പ്രാക്ടീസിലും ബിരുദ ഫലങ്ങളിലും ഞങ്ങളുടെ സ്കോറുകളിൽ വലിയ പുരോഗതി കൈവരിച്ചു എന്നതാണ്'-ഡോ പ്രകാശ് പറയുന്നു.
എല്ലാ വർഷവും എൻ.ഐ.ആർ.എഫ് റാങ്കിങിൽ കോളജ് സ്ഥിരമായ പുരോഗതി കൈവരിക്കുന്നതായി സെന്റ് തെരേസാസ് കോളജിലെ ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ കല എം എസ് പറഞ്ഞു. വളർച്ച സ്ഥിരമായ വേഗതയിലാണ് സംഭവിക്കുന്നത്. വരും വർഷങ്ങളിൽ ആദ്യ 20-ലേക്ക് കടക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആദ്യ 10-ൽ എത്തുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് കോളേജ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിലെ പ്രിൻസിപ്പൽ ബിനോയ് ജോസഫ് പറയുന്നതനുസരിച്ച്, അഞ്ച് പാരാമീറ്ററുകളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ സ്കോറിംഗ് പാറ്റേണിൽ കാര്യമായ പുരോഗതിയുണ്ടായി. 'ആർപിപിയിൽ മികച്ച സ്കോർ നേടാൻ ഞങ്ങൾക്ക് കഴിഞ്ഞു. മറ്റ് പാരാമീറ്ററുകളിൽ ഞങ്ങളുടെ പ്രകടനം വർധിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു. റാങ്കിംഗിൽ ഇടിഞ്ഞ കോളജുകൾ തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളജും വനിതാ ഗവൺമെന്റ് കോളജുമാണ്. മാർ ഇവാനിയോസ് കോളജിന് 44ൽ നിന്ന് 50ലേക്കും ഗവൺമെന്റ് കോളജ് ഫോർ വുമണിന് 46-ൽ നിന്ന് 53ലേക്കും റാങ്ക് കുറഞ്ഞു.
സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിങിൽ വലിയ ഇടിവാണ് നേരിട്ടത്. എൻ.ഐ.ടി കാലിക്കറ്റ് 25ൽ നിന്ന് 31 ആയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി 40ൽ നിന്ന് 43 ആയും കോളജ് ഓഫ് എഞ്ചിനീയറിംഗ് 95ൽ നിന്ന് 110 ആയും റാങ്ക് കുറഞ്ഞു. എന്നാൽ ഐഐടി പാലക്കാട് 68-ാം സ്ഥാനത്തെത്തിയത് ആശ്വാസകരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

