10 പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാധ്യമങ്ങളുടെ വായടക്കാൻ മൂഢനാണോ ഞാൻ? മെറ്റക്ക് നിങ്ങൾ പരാതി കൊടുക്കൂ, ഞാനും കൂടെ നിൽക്കാം - മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തന്നെ അഭിനന്ദിക്കുന്ന വാർത്തകൾ അടക്കം മെറ്റ നീക്കം ചെയ്തിട്ടുണ്ടെന്നും 10 പോസ്റ്റ് റിമൂവ് ചെയ്യിച്ചിട്ട് കേരളത്തിലെ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന ഒരു മൂഢനാണോ താനെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ‘ഞാൻ എഴുതി കൊടുക്കുന്നതൊക്കെ മെറ്റ ഉടനെ ഡിലീറ്റാക്കുന്നു എന്ന വാർത്ത വായിച്ചപ്പോൾ ഞാൻ ഒരു ഭയങ്കര സംഭവമാണെന്ന് തോന്നി. ജോണി ലൂക്കോസിന് ഞാൻ കൊടുത്ത ഇന്റർവ്യൂ പൊലീസിനെ ഉപയോഗിച്ച് റിമൂവ് ചെയ്യിപ്പിച്ച ആളുകളാണ് എനിക്കെതിരെ ഈ പറയുന്നത്’ -അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘സിഎംഒ കേരളം എന്ന ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് തങ്ങൾക്ക് ലഭ്യമാക്കി തരണം എന്ന റിക്വസ്റ്റ് മാത്രമാണ് ഇതുവരെ മെറ്റക്ക് ആകെ കൊടുത്തത്. എന്റെ ഓഫിസിൽ നിന്ന് ഇതിനുള്ള അപേക്ഷ കൊടുത്തിട്ട് രണ്ടു മാസമായിട്ടും അതുപോലും ശരിയാക്കി തന്നിട്ടില്ല. ആ ഞാൻ പറഞ്ഞിട്ടാണ് മെറ്റ മറ്റുള്ളതൊക്കെ ഡിലീറ്റ് ചെയ്യുന്നത് എന്നാണ് ചിലർ പറയുന്നത്.
ഞാനുമായി ബന്ധപ്പെട്ട വാർത്തകൾ അടക്കം മെറ്റ പിൻവലിച്ചിരുന്നു. മത്സ്യത്തൊഴിലാളി മേഖലയിൽ ഉണ്ടായ വിഷയങ്ങളിൽ ഞാൻ ഇടപെട്ടതിനെ അഭിനന്ദിച്ചുകൊണ്ട് തിരുവനന്തപുരം ആർച്ച് ബിഷപ്പ് കൊല്ലം രൂപതയുടെ വാർഷികത്തിൽ നടത്തിയ പ്രസംഗം പല ചാനലുകളിലും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, അത് പിന്നീട് റിമൂവ് ചെയ്യിച്ചു. ഷിബു ബേബി ജോണും ഞാനും ഒരുമിച്ച് ഗൗതം കൃഷ്ണയുടെ വീട്ടിൽ പോയത് അത് ചില ചാനൽ കൊടുത്തതും റിമൂവ് ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആരും രാഷ്ട്രീയം പറയരുത് എന്ന് പറഞ്ഞ് കെ.സി.ബി.സി എന്റെ കൂടി ഫോട്ടോ വെച്ചുകൊണ്ടുള്ള പോസ്റ്റും മെറ്റ ഒഴിവാക്കി. തെലുങ്കാന മുഖ്യമന്ത്രിയുടെയും അസം, ഹിമാചൽ മുഖ്യമന്ത്രിമാരുടെതും റിമൂവ് ചെയ്തിട്ടുണ്ട്. എന്താണ് മെറ്റ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. പോസ്റ്റ് റിമൂവ് ചെയ്തതിന് മെറ്റ പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞു എന്നുള്ള വാർത്ത നമ്മൾ കണ്ടു. ഇത് ഇന്ത്യയൊട്ടാകെയുണ്ട്. കേരളത്തിൽ മാത്രമല്ല. അതുകൊണ്ടാണ് തെലങ്കാന, ഹിമാചൽ മുഖ്യമന്ത്രിമാരുടെ കാര്യം പറഞ്ഞത്. ഇങ്ങനെ പല സംസ്ഥാനങ്ങളിലും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വരുന്നുണ്ട്.
ചാനലുകൾ കൊടുത്തിരിക്കുന്ന കാര്യങ്ങൾ തിരിച്ച് വരുന്നതിൽ എനിക്ക് സന്തോഷമാണുള്ളത്. അങ്ങനെ റിമൂവ് ചെയ്യാൻ പാടില്ല. നാളെ എന്റെയും പോകുമല്ലോ. നിങ്ങളൊക്കെ ഓൺലൈൻ ചാനലിൽ കൊടുക്കുന്നവ ഞാനോ എന്റെ ഓഫിസോ പറഞ്ഞിട്ട് റിമൂവ് ചെയ്യുമോ? ആ സ്വാധീനം എനിക്ക് മെറ്റയിൽ ഉണ്ടോ? ഞാൻ പറഞ്ഞാൽ അങ്ങനെ മെറ്റ ചെയ്യുമോ?
മെറ്റ ഒരു നിയന്ത്രണവും ഇല്ലാതെ വാർത്തകൾ എടുത്തു കളയുന്നതിനെതിരെ നിങ്ങൾ ഇടപെടണം. നിങ്ങൾ പരാതി കൊടുക്കണം. അതിന്റെ കൂടെ സർക്കാറും നിൽക്കും. ഒരു സംശയവും ആ കാര്യത്തിൽ ഇല്ല, കൂടെ നിൽക്കും.
പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് മനോരമ കൊടുത്ത ഒരു അഭിമുഖം പൊലീസിനെ ഉപയോഗിച്ചിട്ടാണ് അന്ന് നീക്കം ചെയ്തത്. അത് തെറ്റാണെന്ന് മനസ്സിലാക്കിയപ്പോൾ അവർ അത് പുനസ്ഥാപിച്ചു. ഏതെങ്കിലും പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ രത്തൻ ഖേൽക്കർ മെറ്റയുമായിട്ടൊന്നും സംസാരിച്ചിട്ടില്ല. മെറ്റ മുഖ്യമന്ത്രിമാർ അടക്കമുള്ളവരുടെ പോസ്റ്റ് റിമൂവ് ചെയ്യുകയാണ്. അവരുടെ പോളിസിയിൽ ഉണ്ടായിരിക്കുന്ന എന്തെങ്കിലും ചേഞ്ച് ആണോ എന്ന് വ്യക്തമല്ല.
നിങ്ങളുടെ ചാനലുകളിൽനിന്നോ ഓൺലൈൻ മീഡിയയിൽ നിന്നോ റിമൂവ് ചെയ്തത് തിരിച്ചു കൊണ്ടുവരാൻ നിങ്ങൾ പരിശ്രമിക്കണം. അതിന്റെ കൂടെ സർക്കാരുണ്ടാവും. സർക്കാർ വേണമെങ്കിൽ മെറ്റക്ക് കത്ത് എഴുതാം. എന്നെ വിമർശിച്ചുകൊണ്ട് വരുന്ന പോസ്റ്റ് ഒന്നും റിമൂവ് ചെയ്യരുത് എന്ന് പറഞ്ഞുകൊണ്ട് ഞാൻ വേണമെങ്കിൽ മെറ്റയ്ക്ക് കത്ത് എഴുതാം. ഞാൻ റെഡിയാണ്. നിങ്ങൾ ഇപ്പോൾ എനിക്കെതിരെ ഇട്ടിരിക്കുന്ന സംഭവങ്ങൾ പോലും പുനസ്ഥാപിക്കണം എന്ന് ഞാൻ ആവശ്യപ്പെടാം. അത് വന്നാൽ എനിക്കൊരു ബുദ്ധിമുട്ടുമില്ല’ -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

