ഡൽഹിയിൽ പുതിയ ചർച്ചാ നാടകം, കെ.സിക്കുവേണ്ടിയെന്ന് മറുപക്ഷത്ത് ആശങ്ക
text_fieldsന്യൂഡൽഹി: കേരള മുഖ്യമന്ത്രിക്കായുള്ള ചർച്ചകളെല്ലാം പൂർത്തിയായെന്നും പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ എന്നുമറിയിച്ചിരുന്ന കോൺഗ്രസ് ഹൈകമാൻഡ് പൊടുന്നനെ വിശദ ചർച്ചകളിലേക്ക് മലക്കം മറിഞ്ഞത് രാഷ്ട്രീയവൃത്തങ്ങളിൽ കൗതുകമുണർത്തി.
മുഖ്യമന്ത്രി തർക്കത്തിൽ അഭിപ്രായമാരാഞ്ഞ് മുൻ കെ.പി.സി.സി പ്രസിഡന്റുമാരുൾപ്പെടെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽ കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെയാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി വിളിപ്പിച്ചത്.
മുഖ്യമന്ത്രി ചർച്ച കഴിഞ്ഞുവെന്നും ഇനി ഹൈകമാൻഡിന്റെ പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ എന്നുമായിരുന്നു ദീപദാസ് മുൻഷി മൂന്ന് മുഖ്യമന്ത്രി സ്ഥാനാർഥികളുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിച്ചിരുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് സുഗമമായ വഴിയൊരുക്കുന്നതിന് പ്രകടനങ്ങൾ അവസാനിപ്പിക്കാനും ഫ്ലക്സുകൾ നീക്കം ചെയ്യാനും നേതാക്കൾ സംയുക്ത പ്രസ്താവന നടത്തി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഒരുമിച്ചിരുന്ന് അന്തിമ തീരുമാനമെടുക്കുമെന്നും ദീപ വ്യക്തമാക്കിയിരുന്നു. ഘടകകക്ഷികളുമായി ഒരിക്കൽ കൂടി ബന്ധപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയുമായി ആലോചിച്ചായിരിക്കും അന്തിമ പ്രഖ്യാപനം എന്ന് വി.ഡി. സതീശൻ അടക്കമുള്ളവരെ അറിയിക്കുകയും ചെയ്തു.
അതിനിടെയുണ്ടായ ഈ പുതിയ വിളി കേരളത്തിലെ പൊതുവികാരം മറികടന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് മണ്ണൊരുക്കാനാണെന്നാണ് ആക്ഷേപം. ഹൈകമാൻഡിലുള്ള സ്വാധീനമുപയോഗിച്ച് നടത്തുന്ന ഇത്തരം സമ്മർദ തന്ത്രങ്ങളിൽ വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പക്ഷം അസംതൃപ്തരാണ്.
ഹൈകമാൻഡ് പ്രഖ്യാപനത്തിനുള്ള സമയം വെച്ചുനീട്ടുന്നത് കെ.സി പക്ഷത്തിന് കേരളത്തിലെ അതൃപ്തി മറികടക്കാനുള്ള അവസരമൊരുക്കുകയാണെന്ന് നേരത്തേ സംശയമുയർന്നിരുന്നു. ആ നീക്കം ഫലം കണ്ടില്ല.
മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗ് ആദ്യം പ്രഖ്യാപിച്ചതുപോല വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് ചർച്ചയിൽ പങ്കാളിയായ ഉന്നത നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. സതീശൻ അല്ലാത്തൊരു പേര് പറഞ്ഞിട്ടില്ലെന്നും മറ്റൊരു പേരാണ് കോൺഗ്രസ് ഹൈകമാൻഡ് പ്രഖ്യാപിക്കുന്നതെങ്കിൽ ലീഗ് നേതൃത്വം അതേക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഘടകകക്ഷികൾ വഴങ്ങില്ലെന്ന് കണ്ടതോടെയാണ് മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചിരിക്കുന്നത്. ക്ഷണം കിട്ടിയവരെല്ലാം എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരെ നേരിൽ കണ്ട് അഭിപ്രായം അറിയിച്ചിരിക്കെ, പിന്നെയും ഒരു ചർച്ചാനാടകം ആർക്കുവേണ്ടി എന്നാണ് രാഷ്ട്രീയവൃത്തങ്ങളിലുയരുന്ന ചോദ്യം.
വിളിപ്പിച്ചവരിൽ കെ.സിക്കുവേണ്ടി പരസ്യ നിലപാട് എടുത്തയാളാണ് കെ. സുധാകരൻ. പറയാനുള്ളത് നിരീക്ഷകർ കേരളത്തിൽ വന്നപ്പോൾ അറിയിച്ചതാണെന്നും അതേ കാര്യം തന്നെ ഡൽഹിയിൽ പോയി പറയുമെന്നും കെ. മുരളീധരൻ പറഞ്ഞു. ഡൽഹിയിലേക്ക് വരുന്നില്ലെന്നും എത്രയും പെട്ടെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. ഡൽഹിയിലേക്ക് വിളിക്കാത്ത മുൻ കെ.പി.സി.സി പ്രസിഡന്റ് എ.കെ. ആന്റണിയുമായി ഫോണിൽ ചർച്ച നടത്തുമെന്നും അറിയുന്നു. അദ്ദേഹവും നിരീക്ഷകരെ കണ്ട് നിലപാട് വ്യക്തമാക്കിയതാണ്.
എം.പിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് വിലക്കിയ ഹൈകമാൻഡിന് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ അതേ നിർദേശം വിഴുങ്ങേണ്ട സാഹചര്യമാണ്. അതിനാൽ ഘടകകക്ഷികളെ സമ്മതിപ്പിക്കാൻ നേതാക്കളുമായി ഒരുവട്ടം കൂടി ചർച്ചക്ക് ഹൈകമാൻഡ് ശ്രമം നടത്തുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

