മുഖ്യമന്ത്രി ചർച്ചകൾ നിർണായക ഘട്ടത്തിൽ; സാദിഖലി തങ്ങളുമായി സോണിയ ഗാന്ധി സംസാരിച്ചു, സതീശന് ലീഗിന്റെ പൂർണ പിന്തുണ
text_fieldsമലപ്പുറം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടൽ സജീവമായതോടെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് ചർച്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ഘടകകക്ഷികളുടെ നിലപാടുകളും സോണിയ ഗാന്ധി ആരാഞ്ഞു.
വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന ഉറച്ച നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്. സതീശനെ പിന്തുണക്കുന്നതിലുള്ള അനുകൂല മനോഭാവം സാദിഖലി തങ്ങൾ സോണിയ ഗാന്ധിയെ നേരിട്ട് അറിയിച്ചു. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയും നിലവിലെ പൊതുജന വികാരവും സതീശന് അനുകൂലമാണെന്ന കാര്യവും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമ്പോൾ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ അഭിപ്രായം നിർണായകമാകും. സോണിയ ഗാന്ധി ഇതിനോടകം തന്നെ ആന്റണിയുമായി വിശദമായ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഡൽഹിയിൽ ഇന്ന് നടക്കുന്ന ചർച്ചകളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് നീണ്ടുപോകുന്നതിൽ മുസ്‌ലിം ലീഗ് ശക്തമായ അമർഷം രേഖപ്പെടുത്തി. ഭരണപരമായ സ്തംഭനം ഒഴിവാക്കാൻ അടിയന്തര തീരുമാനം വേണമെന്നാണ് ലീഗിന്റെ ആവശ്യം. ഈ സാഹചര്യത്തിൽ ഇന്ന് പാണക്കാട് അടിയന്തര നേതൃയോഗം ചേരും. മന്ത്രിസഭാ രൂപവത്കരണം, ലീഗിന്റെ മന്ത്രിസ്ഥാനങ്ങൾ, വകുപ്പുകൾ എന്നിവ സംബന്ധിച്ച പ്രാഥമിക ധാരണകൾ ഈ യോഗത്തിൽ ഉണ്ടായേക്കും.
മുഖ്യമന്ത്രിയെ തീരുമാനിച്ചാലുടൻ മറ്റ് മന്ത്രിസഭാ ചർച്ചകളിലേക്ക് വേഗത്തിൽ കടക്കാനാണ് യു.ഡി.എഫ് നീക്കം. വി.ഡി. സതീശനായി ലീഗ് നടത്തുന്ന ശക്തമായ സമ്മർദ്ദം ഹൈക്കമാൻഡ് തീരുമാനത്തെ സ്വാധീനിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

