മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമന്‍സ്: ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് വ്യക്തം - കെ.സി വേണുഗോപാല്‍
text_fieldsകണ്ണൂർ: കള്ളപ്പണം വെളിപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമന്‍സ് അയച്ച വിവരം പൂഴ്ത്തിവെച്ചതില്‍ ദുരൂഹതയുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള കേരള ഹൗസിലെ പ്രഭാത ഭക്ഷണം കഴിക്കലും കേന്ദ്ര മന്ത്രിമാരുടെ വീടുകളില്‍ ഉദ്യോഗസ്ഥരില്ലാതെയുള്ള പിണറായി വിജയന്റെ സന്ദര്‍ശനവും ഇതിനിടെയാണ് നടന്നത്. ഇതെല്ലം കൂട്ടിവായിച്ചാല്‍ ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് വ്യക്തമാണ്. അതില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം കേരള മുഖ്യമന്ത്രിക്കുണ്ട്. ഇതെല്ലാം തെറ്റാണെന്നും തട്ടിപ്പാണെന്നും തുറന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ? അതല്ലാതെ മടിയില്‍ കനമില്ലെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും വസ്തുനിഷ്ഠമായി മറുപടിപറയണമെന്നും കെ.സി വേണുഗോപാല്‍ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
‘ഇ.ഡി 2023ലാണ് നോട്ടീസ് നല്‍കിയത്. എന്നാൽ ഇപ്പോഴാണ് പുറത്തുവന്നത്. അതീവ രഹസ്യമായിട്ടാണ് ഇ.ഡി മുഖ്യമന്ത്രിയുടെ മകന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സമന്‍സ് നല്‍കിയത്. കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ക്കെതിരെ നോട്ടീസ് നല്‍കിയാല്‍ അത് ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ രാജ്യവ്യാപകമായി പ്രസിദ്ധീകരിക്കും. ഒരു കാര്യവുമില്ലെങ്കിലും ചോദ്യം ചെയ്യലും അറസ്റ്റും മറ്റുമായി വലിയ വാര്‍ത്താപ്രാധാന്യം അവര്‍ ഉണ്ടാക്കിയെടുക്കും. നാഷണല്‍ ഹെറാള്‍ഡ് കേസ്, ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ തുടങ്ങിയവരുടെ കേസില്‍ കാട്ടിയ കോലാഹലം നമ്മുക്ക് മുന്നിലുണ്ട്.
കേരളത്തിലെ സിപിഎം മുഖ്യമന്ത്രിയുടെയും മകന്റെയും കാര്യത്തില്‍ ഇ.ഡി അത്തരം വലിയ പ്രചരണത്തിന് നിന്നില്ല. മുഖ്യമന്ത്രിയുടെ മകനെതിരായ തുടര്‍ നടപടിയെന്തായിരുന്നുവെന്ന് ഇ.ഡി സമാധാനം പറയണം. ഈ കേസിന്റെ നിലവിലെ അവസ്ഥയെന്താണ്? മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്‌തോ? ഈ കേസ് ഇപ്പോഴും നടക്കുന്നുണ്ടോ? ഉള്‍പ്പെടെ ഇ.ഡിയില്‍ നിന്ന് മറുപടി കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ട്’ -കെസി വേണുഗോപാല്‍ പറഞ്ഞു.
ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് വാദത്തിന് പറഞ്ഞാല്‍ പോലും മുഖ്യമന്ത്രിയും സിപിഎമ്മും എന്തുകൊണ്ട് അന്ന് ഈ സമന്‍സിനെതിരെ പ്രതികരിച്ചില്ലെന്ന് കെസി വേണുഗോപാല്‍ ചോദിച്ചു. ഇഡിയുടെ സമന്‍സിനെതിരെ നിയമപോരാട്ടത്തിന് മുന്നോട്ട് വരാതിരുന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടിനേയും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. ഇ.ഡിയുടേത് പോലെ സമന്‍സിന്റെ വിവരം രഹസ്യമാക്കി വെയ്ക്കണമെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മിനും നിര്‍ബന്ധമുണ്ടായിരുന്നു. സിപിഎമ്മും ഇഡിയും കേരള സര്‍ക്കാരും മുഖ്യമന്ത്രിയും ഈ സമന്‍സ് വിവരം പൂഴ്ത്തിവെച്ചത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

