Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഐ.ആർ ജനാധിപത്യ...

എസ്.ഐ.ആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; ‘തെരഞ്ഞെടുപ്പ് കമീഷനെ കേന്ദ്രത്തിന്‍റെ കളിപ്പാവയാകാന്‍ അനുവദിക്കരുത്’

text_fields
bookmark_border
Pianarayi Vijayan
cancel
camera_alt

പിണറായി വിജയൻ

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള വോട്ടര്‍ പട്ടികക്ക് പകരം 2002 - 2004 ഘട്ടത്തിലെ പട്ടികയുടെ അടിസ്ഥാനത്തിലാണ് തീവ്ര പരിഷ്കരണം നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തയാറാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടര്‍ രജിസ്ട്രേഷന്‍ ചട്ടവും പ്രകാരം നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടര്‍പട്ടിക പുതുക്കേണ്ടത്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസര്‍ തന്നെ അറിയിച്ചിട്ടും എസ്.ഐ.ആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്‍ബന്ധം തെരഞ്ഞെടുപ്പ് കമീഷനെ സംശയത്തിന്‍റെ നിഴലിലാക്കുന്നതാണ്.

"വോട്ടിങ്ങിനെപ്പോലെ മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും" എന്നതായിരുന്നു 2024ലെ വോട്ടര്‍ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവര്‍ തന്നെയാണ് ബിഹാറില്‍ 65 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയത്. ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്‍റെ പൂര്‍ണമായ ലംഘനമാണ് ബിഹാറില്‍ നടന്നതും ഇനി രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാന്‍ പോകുന്നതുമായ എസ്.ഐ.ആര്‍ പ്രക്രിയ.

പൗരന്‍റെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാന്‍ പറ്റുന്നതല്ല. ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ്.ഐ.ആര്‍ പ്രക്രിയ വഴി ഉദ്ദേശിക്കുന്നത് എന്ന ആശങ്ക കൂടുതല്‍ ശക്തമാവുകയാണിവിടെ. തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള നീക്കമാണ് എസ്.ഐ.ആറിലൂടെ കേന്ദ്ര ഭരണാധികാരികള്‍ നടത്തുന്നത് എന്ന വിമര്‍ശനം ഒരുതരത്തിലും നിഷേധിക്കപ്പെട്ടിട്ടില്ല എന്നതു കൂടി ഇവിടെ പ്രസക്തമാണ്.

ബിഹാര്‍ എസ്.ഐ.ആറിന്‍റെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ല. ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപുനഃപരിശോധന തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്നു വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്ന് കമീഷന്‍ പിന്തിരിയണം.

കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പോലുള്ള സ്ഥാപനങ്ങളെ അനുവദിച്ചു കൂടാ. എസ്.ഐ.ആറിനെതിരെ നിയമസഭയില്‍ യോജിച്ചു പ്രമേയം പാസ്സാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാംഘട്ട എസ്.ഐ.ആര്‍ പ്രക്രിയക്കെതിര ജനാധിപത്യം സംരക്ഷിക്കാന്‍ താൽപര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commission of IndiaSIRPinarayi VijayanLatest NewsKerala SIR
News Summary - Kerala CM Pinarayi Vijayan react to Kerala SIR
Next Story