ലോട്ടറിയടിച്ച ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
text_fieldsതിരുവനന്തപുരം: ലോട്ടറി അടിച്ച സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി യുവാവ്. ലോട്ടറി ഏജൻറും വില്‍പനക്കാരനുമായ ഹംസയും കുടുംബവുമാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനാര്‍ഹമായ ടിക്കറ്റുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്. കഴിഞ്ഞ 10ന് നടത്തിയ നറുക്കെടുപ്പില്‍ ലക്ഷം രൂപ സമ്മാനം ലഭിച്ച ടിക്കറ്റ് നല്‍കാനാണ് ഹംസ ഭാര്യ സോണിയക്കും മക്കളായ ഹന്ന ഫാത്തിമ, ഹാദിയ എന്നിവര്‍ക്കൊപ്പം എത്തിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരെ ഏൽപിച്ച് തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറാൻ നടപടിയെടുത്തു.
പ്രളയത്തിൽ നഷ്ടപ്പെട്ട വീടുകള്‍ പുനര്‍നിർമിക്കാന്‍ പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി രംഗത്ത്. 70 വീടുകള്‍ പുനര്‍നിർമിച്ചു നല്‍കുമെന്ന് ഗള്‍ഫാര്‍ മുഹമ്മദലി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ ഒരു ലക്ഷം രൂപയും മുന്‍ പ്രധാനമന്ത്രി ദേവ ഗൗഡ ഒരു മാസത്തെ ശമ്പളവും നൽകി.ദാദ്ര-നാഗര്‍ഹവേലി പാര്‍ലമെൻറ് അംഗം നദുഭായ് പട്ടേല്‍ എം.പിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് ഒരു കോടിയും ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ രണ്ടു കോടിയും നൽകി.
സാലറി ചലഞ്ചിന് ആവേശകരമായ പ്രതികരണം
തിരുവനന്തപുരം: പുതുകേരള സൃഷ്ടിക്ക് ഒരുമാസത്തെ ശമ്പളം നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ ആഹ്വാനത്തിന് ആവേശകരമായ പ്രതികരണം. സംസ്ഥാനത്തെ െഎ.പി.എസ് ഉദ്യോഗസ്ഥരെല്ലാം ഒരുമാസെത്ത ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സന്നദ്ധത അറിയിച്ചു. െഎ.പി.എസ് അസോസിയേഷൻ യോഗം ചേർന്നാണ് തീരുമാനം എടുത്തതെന്ന് സെക്രട്ടറി സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. കൂടുതൽ സർവിസ് സംഘടനകൾ ശമ്പളം നൽകാമെന്ന വാഗ്ദാനവുമായി മുന്നോട്ടുവന്നു.
മാസവരുമാനമില്ലെന്നും ‘സൂര്യനെ അണിഞ്ഞ സ്ത്രീ’ എന്ന തെൻറ പുതിയ നോവലിെൻറ ഒരു പതിപ്പിെൻറ റോയൽറ്റിയായ 171000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കാൻ ഡി.സി ബുക്സിനോട് ആവശ്യപ്പെട്ടതായി എഴുത്തുകാരി കെ.ആർ. മീര ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന മുഖ്യ വിവരാവകാശ കമീഷണർ വിൻസൺ എം. പോൾ, കമീഷണർമാരായ എസ്. സോമനാഥൻ പിള്ള, ഡോ. കെ.എൽ. വിവേകാനന്ദൻ, കെ.വി. സുധാകരൻ, പി.ആർ. ശ്രീലത എന്നിവർ ഒരു മാസത്തെ വേതനം നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാർ ഒരു മാസത്തെ ശമ്പളവും മുൻ എം.എൽ.എ എന്ന നിലയിലെ ഒരു മാസത്തെ പെൻഷനും നൽകും. കേരള ഗവ. നഴ്സസ് അസോസിയേഷൻ അംഗങ്ങൾ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ജനറല്‍ സെക്രട്ടറി പി. ഉഷാദേവി അറിയിച്ചു. വൈദ്യുതി, തുറമുഖ, ഉന്നതവിദ്യാഭ്യാസം, ആരോഗ്യമന്ത്രിമാരുടെയും സ്പീക്കറുടെയും പേഴ്സനൽ സ്റ്റാഫ് അംഗങ്ങളും ശമ്പളം നൽകാൻ സന്നദ്ധത അറിയിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ് ശമ്പളത്തുക ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഈ ദൗത്യം ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സാമൂഹികനീതി വകുപ്പ് മേധാവി ബിജു പ്രഭാകർ, സാക്ഷരത മിഷൻ ഡയറക്ടർ, ജീവനക്കാർ, കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ അംഗങ്ങൾ എന്നിവരും ഒരു മാസ ശമ്പളം നൽകുമെന്ന് വ്യക്തമാക്കി. കേരള ഫീഡ്‌സ് ലിമിറ്റഡ്, പൗള്‍ട്രി െഡവലപ്മെൻറ് കോര്‍പറേഷന്‍, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, കേരള ലൈവ്സ്റ്റോക് െഡവലപ്മെൻറ് ബോര്‍ഡ് എന്നിവയുടെ ചെയര്‍മാൻ, മാനേജിങ് ഡയറക്ടര്‍, സ്റ്റാഫ് എന്നിവരുടെ ശമ്പളവും സഹായധനമായി ലഭിക്കും.
ദുരിതാശ്വാസനിധിയിലേക്ക് കുടുംബശ്രീയുടെ അഞ്ചുകോടി
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ പെട്ടവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ സംഭാവനയായി അഞ്ചുകോടിയിലേറെ രൂപ. ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 5.27 കോടി രൂപയാണ് കുടുംബശ്രീ സ്വരൂപിച്ചത്.
മന്ത്രി എ.സി. മൊയ്തീെൻറ സാന്നിധ്യത്തില്‍ ഈ ആഴ്ചതന്നെ മുഖ്യമന്ത്രിക്ക് തുക കൈമാറാനാണ് കുടുംബശ്രീ അധികൃതര്‍ ഒരുങ്ങുന്നത്. ഓരോ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളും ഒരാഴ്ചത്തെ ലഘുസമ്പാദ്യ (ത്രിഫ്റ്റ്) തുകയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എസ്. ഹരികിഷോറിെൻറ അഭ്യർഥനപ്രകാരം ലഭിച്ച തുകയാണിത്. ഇതിനു പുറമേ, പ്രാദേശികമായി അയല്‍ക്കൂട്ടങ്ങൾ സംഭാവനയായി സ്വീകരിച്ച തുകയും ഓണാഘോഷ പരിപാടികള്‍ക്കും മറ്റുമായി സ്വരൂപിച്ച തുകയും ഇതിലുള്‍പ്പെടും. കുടുംബശ്രീയുടെ റിസോഴ്‌സ് പേഴ്‌സണ്‍മാരും പരിശീലന സംഘങ്ങളും കാസ് (കുടുംബശ്രീ അക്കൗണ്ട്‌സ് ആന്‍ഡ് ഓഡിറ്റ് സര്‍വിസ് സൊസൈറ്റി) അംഗങ്ങളും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
ലക്ഷത്തിലധികം വീടുകളും രണ്ടായിരത്തിലധികം പൊതുസ്ഥലങ്ങളും കുടുംബശ്രീ ശുചിയാക്കി. 8000ത്തോളം പേര്‍ക്ക് കൗണ്‍സലിങ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പ്രളയബാധിതരായ എണ്ണായിരത്തോളം പേര്‍ക്ക് സ്വന്തം വീടുകളില്‍ അഭയം നല്‍കുകയും ചെയ്തു. ദുരിതം നേരിട്ടവര്‍ക്ക് ഭക്ഷണപ്പൊതി തയാറാക്കുന്ന പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ പങ്കാളികളായി.
ഏഴു കോടിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മലബാര്‍ ഗ്രൂപ്
കോഴിക്കോട്: പ്രളയക്കെടുതിയിൽനിന്ന് കേരളത്തെ പുനര്‍നിർമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് നയിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകാന്‍ മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് അഞ്ചുകോടി രൂപയുടെ സഹായ പ്രവര്‍ത്തനങ്ങള്‍ മലബാര്‍ ഹൗസിങ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലബാര്‍ ഗ്രൂപ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച രണ്ടുകോടി രൂപയുടെ ചെക്ക് കൈമാറി. അതിന് പുറമെയാണ് മലബാര്‍ ഗ്രൂപ് ജീവനക്കാരുടെ സംഭാവനയായ ഒരു കോടി രൂപയടക്കം അഞ്ചുകോടി രൂപയുടെ സഹായം നൽകാന് തീരുമാനിച്ചത്. വീടുകളുടെ പുനര്‍നിർമാണത്തിനും റിപ്പയര്‍ ചെയ്യുന്നതിനുമായി ഓരോ കുടംബത്തിനും ഒരുലക്ഷം രൂപയിൽ കവിയാത്ത സാധന സാമഗ്രികള്‍ വാങ്ങിനൽകാനാണ് തീരുമാനം.
മൻമോഹനും ആൻറണിയും ഒരുകോടി വീതം
ന്യൂഡൽഹി: പ്രളയക്കെടുതിയിലായ കേരളത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ വീതം എം.പി ഫണ്ടിൽനിന്ന് നൽകാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ പ്രതിരോധ മന്ത്രി എ.കെ. ആൻറണി എന്നിവർ തീരുമാനിച്ചു. ഇതിനുപുറമെ ഒരു മാസത്തെ ശമ്പളം മൻമോഹൻ സിങ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. എം.പിയെന്ന നിലയിലുള്ള ഒരു മാസത്തെ ശമ്പളം നൽകുമെന്ന് ആൻറണിയും അറിയിച്ചു.
അഞ്ചുകോടി നൽകി ഹാവെൽസ് ഇന്ത്യ
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് ഉൽപന്ന നിർമാതാക്കളായ ഹാവെൽസ് ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5 കോടി രൂപ സംഭാവന ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ഹാവെൽസ് ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനിൽ റായ് ഗുപ്ത അഞ്ചുകോടി രൂപയുടെ ചെക്ക് കൈമാറി. കമ്പനിയിലെ മറ്റംഗങ്ങളും ചെയർമാനൊപ്പമുണ്ടായിരുന്നു. അസാമാന്യമായ ഇച്ഛാശക്തിയോടും കരുത്തോടും അന്തസ്സോടും കൂടി കേരളീയർ ഇൗ പ്രതിസന്ധിയെ മറികടക്കും എന്ന വിശ്വാസം ഞങ്ങൾക്കുണ്ടെന്ന് ഹാവെൽസ് ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനിൽറായ് ഗുപ്ത പറഞ്ഞു.
രണ്ടുകോടി സഹായവുമായി ഇറാം ഗ്രൂപ്പും
തിരുവനന്തപുരം: പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി ഇറാം ഗ്രൂപ്പിെൻറ സംഭാവനയായ രണ്ട് കോടിയുടെ ചെക്ക് ഇറോം ഗ്രൂപ്പിനു കീഴിലുള്ള െഎ.റ്റി.എൽ ടൂർസ് ആൻഡ് ട്രാവൽസിെൻറ പേരിലുള്ള ചെക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. ഇറാം ഗ്രൂപ്പ് മുന്നൂറിലധികം ലൈഫ് ജാക്കറ്റ്സും ഹെഡ് ലാമ്പും രക്ഷാപ്രവർത്തനത്തിനുവേണ്ടിയുള്ള നിരവധി ഉപകരണങ്ങളും പ്രവർത്തനമേഖലകളിൽ എത്തിച്ചു. ക്യാമ്പുകളിൽ നിന്ന് തിരികെ വീടുകളിൽ എത്തുന്നവർക്ക് കട്ടിലുകൾ വിതരണം ചെയ്തു.
കൂടാതെ അടിയന്തിര സഹായമായി 2000ത്തിലധികം കുടുംബങ്ങൾക്ക് പത്ത് ദിവസം കഴിയുന്നതിനായുള്ള ആഹാരസാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. പാലക്കാട് ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണപ്പൊതികൾ എത്തിക്കാൻ സാധിച്ചു. മങ്കര, കോട്ടായി, മണ്ണൂർ പഞ്ചായത്തുകളുമായി സഹകരിച്ച് വിവിധ കിറ്റുകളും വിതരണം ചെയ്തു.
റെസ്ക്യൂ ഒാപ്പറേഷനിൽ സഹായിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന കേരള സർക്കാരിെൻറ ചടങ്ങിൽ മത്സ്യത്തൊഴിലാളികൾക്ക് ‘‘ജെം ഒാഫ് സീ മെഡൽ’’ നൽകി ആദരിക്കും.മത്സ്യത്തൊഴിലാളികൾക്കും മക്കൾക്കും ബന്ധുക്കൾക്കും ഇറാം ഗ്രൂപ്പിെൻറ സ്കിൽസ് അക്കാദമിയിൽ സൗജന്യമായി തൊഴിൽ അധിഷ്ഠിത നൈപുണ്യ വികസന കോഴ്സ് പഠിക്കുന്നതിന് അവസരം നൽകുമെന്നും ഇറാം ഗ്രൂപ്പ് സി.എം.ഡി ഡോ. സിദ്ദീഖ് അഹമ്മദ് അറിയിച്ചു.
കെ.എൻ.എം 50 ലക്ഷം കൈമാറി
തിരുവനന്തപുരം: കേരള നദ്വതുൽ മുജാഹിദീൻ (കെ.എൻ.എം) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം കൈമാറി. കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനിയാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. കേരളത്തെ പ്രളയക്കെടുതിയിൽനിന്ന് പിടിച്ചുയർത്താൻ നിരവധി സേവനങ്ങളാണ് കെ.എൻ.എം നടപ്പാക്കിയതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിെൻറ ഗ്ലോബൽ ഇനിഷ്യേറ്റിവ് കേരളത്തിലെ പ്രളയക്കെടുതി പരിഗണിച്ച് നൽകിയ 200 ടൺ അരിയും 36 ടൺ റവയും വിതരണം െചയ്തത് കെ.എൻ.എം റിലീഫ് ഹബ് വഴിയാണ്. ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയ കുടുംബങ്ങൾക്ക് ഗൃഹോപകരണങ്ങൾ അടങ്ങുന്ന കിറ്റുകൾ അടുത്ത ദിവസം മുതൽ വിതരണം ചെയ്യുമെന്നും വീട് നഷ്ടപ്പെട്ടവർക്കായി മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്.എം 100 വീടുകൾ നിർമിച്ചുനൽകുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, വൈസ് പ്രസിഡൻറുമാരായ ഡോ. ഹുസൈൻ മടവൂർ, ബാബു സേട്ട്, ഐ.എസ്.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി എന്നിവരും പങ്കെടുത്തു.
പരിഷത്ത് അംഗങ്ങൾ ഒരു മാസത്തെ വരുമാനം നൽകും
തൃശൂർ: ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ 40,000ലധികം അംഗങ്ങൾ തങ്ങളുടെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഒരു പുതിയ കേരളത്തെ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടിനോട് പരിഷത്ത് യോജിക്കുന്നു. അതിലേക്കുള്ള പരിഷത്തിെൻറ സംഭാവനയുടെ ആദ്യപടിയാണ് ഇത്. വരുന്ന മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകളിലും ആശയ രൂപവത്കരണ പ്രവർത്തനങ്ങളിലും പരിഷത്ത് സജീവമായി പങ്കുചേരും. ഇതിനുവേണ്ട നിരവധി പഠനങ്ങൾ പരിഷത്ത് ആസൂത്രണം ചെയ്തുവരികയാെണന്ന് പ്രസിഡൻറ് ടി. ഗംഗാധരനും ജനറൽ സെക്രട്ടറി ടി.കെ. മീരാഭായിയും അറിയിച്ചു.
പി.സി. ജോർജ് ഒരുമാസത്തെ ശമ്പളം നൽകും
കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളവും നൽകുമെന്ന് പി.സി. ജോർജ് എം.എൽ.എ. കുടുംബാംഗങ്ങളുടെ ഒരു മാസത്തെ വരുമാനവും ഫണ്ടിലേക്ക് നൽകും. പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
