13 നിലകളിൽ 60 ഫ്ലാറ്റ്, ജിംനേഷ്യം; എം.എൽ.എമാർക്ക് പുതിയ ‘പമ്പ’ക്ക് ശിലയിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ
text_fieldsRepresentational Image Of Inaguration Function
തിരുവനന്തപുരം: 13 നിലകളിലായി ജിംനേഷ്യമടക്കം അത്യാധുനിക സൗകര്യങ്ങളോടെയുള്ള എം.എൽ.എ ഹോസ്റ്റൽ ‘പമ്പ’ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു. പാർക്കിങ്ങിനുള്ള രണ്ട് ഭൂഗർഭ നിലകൾക്ക് പുറമേ 11 നിലയിലായി 60 ഫ്ലാറ്റാണ് 76.96 കോടി ചെലവിൽ സജ്ജമാക്കുന്നത്. 1200 മുതൽ 1350 ചതുരശ്ര അടി വരെ വിസ്താരമാണ് ഒരോ ഫ്ലാറ്റിനുമുണ്ടാവുക. ബാച്ച്ലറായ അംഗങ്ങൾക്ക് താമസിക്കാൻ 1971ൽ നിർമിച്ച 51 വർഷം പഴക്കമുള്ള ‘പമ്പ’ ഹോസ്റ്റൽ നിലനിന്ന സ്ഥാനത്താണ് 40 മീറ്റർ ഉയരത്തിൽ പുതിയ സമുച്ചയം ഉയരുന്നത്.
സെല്ലാറിലെ രണ്ടുനില പൂർണമായും പാർക്കിങ്ങിനാണ്. 27 കാർ പാർക്ക് ചെയ്യാം. പുറമേ തയാറാക്കുന്ന മൾട്ടിലെവൽ പാർക്കിങ് കേന്ദ്രത്തിൽ 29 ഇരുചക്രവാഹനങ്ങളും. ഒന്നാം നിലയിൽ 80 പേർക്ക് ഇരിക്കാവുന്ന വിവിധോദ്ദേശ്യ ഹാൾ, അത്യാധുനിക സൗകര്യങ്ങളുള്ള രണ്ട് സ്യൂട്ട് റൂം, ജിംനേഷ്യം എന്നിവയാണ്. പുറമേ 59 എം.എൽ.എമാർക്കും 15 സ്റ്റാഫിനും ഒരേസമയം ഉപയോഗിക്കാനാകും വിധമുള്ള കാന്റീനും.
ഒരോ നിലയിലും ആറ് ഫ്ലാറ്റ് എന്ന നിലയിലാണ് പത്ത് നിലകളിലായി എം.എൽ.എമാർക്ക് താമസസൗകര്യം സംവിധാനിക്കുന്നത്. രണ്ട് കിടപ്പുമുറി, ഓഫിസ് റൂം, ഡൈനിങ് റൂം, അടുക്കള, വർക്ക് ഏരിയ, സർവന്റ് ടോയ്ലറ്റ്, ബാൽക്കണി എന്നിങ്ങനെയാണ് ഓരോ ഫ്ലാറ്റിലെയും സൗകര്യം.
14 പേർക്ക് കയറാവുന്ന നാലു ലിഫ്റ്റ്, ഒരു ലക്ഷം ലിറ്റർ ശേഷിയുള്ള മഴസംഭരണി എന്നിങ്ങനെ മറ്റ് പൊതുസൗകര്യങ്ങളും. 2026 ജനുവരി 31 ഓടെ ഉപയോഗസജ്ജമാക്കുമെന്നാണ് പ്രഖ്യാപനം. വായുസഞ്ചാരം കുറഞ്ഞ മുറികളും സ്ഥലപരിമിതിയും കണക്കിലെടുത്ത് 2012 ഡിസംബറിലാണ് പമ്പ പൊളിച്ച് പുതിയ കെട്ടിടം പണിയാൻ എസ്റ്റിമേറ്റ് തയാറാക്കിയത്. 2016ൽ പുതിയ എസ്റ്റിമേറ്റ് തയാറാക്കി. നിർമാണത്തിന് വിമാനത്താവള അതോറിറ്റിയുടെ അനുമതി കിട്ടിയത് 2018 ലാണ്. പഴയ കെട്ടിടം പൊളിക്കൽ ജോലി 2022 സെപ്റ്റംബറിലാണ് പൂർത്തിയായത്.
പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നുണ്ടോ എന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസും പ്രത്യേകം ശ്രദ്ധിക്കുമെന്ന് ശിലാസ്ഥാപനചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മന്ത്രി കെ.എൻ. ബാലഗോപാൽ, ഹൗസ് കമ്മിറ്റി ചെയർമാൻ കോവൂർ കുഞ്ഞുമോൻ, നിയമസഭ സെക്രട്ടറി എ.എം. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

