മുഖ്യമന്ത്രി: ഇന്ദിരാഭവനിൽ രാവിലെ മൂകത, വൈകീട്ട് ജനത്തിരക്ക്; പിന്നെ...
text_fieldsതിരുവനന്തപുരം: ആളും അനക്കവുമില്ലാതെ മൂകമായിരുന്നു ബുധനാഴ്ച രാവിലെ മുതൽ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവൻ. രാവിലെ ഏതാനും മാധ്യമപ്രവർത്തകർ മാത്രമാണ് ഓഫിസിന് മുന്നിലുണ്ടായിരുന്നത്. വൈകീട്ടോടെ സ്ഥിതി മാറി. മുറ്റം നിറയെ വൻജനക്കൂട്ടം.
പത്ത് ദിവസം മുമ്പ് ഉത്സവസമാനമായ ആഘോഷം നടന്ന ഇടമാണ്. മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടതോടെ പൂരം കഴിഞ്ഞ് ആളൊഴിഞ്ഞ അമ്പലപറമ്പ് പോലെയാണ് പിന്നീട് ഇന്ദിരാഭവൻ കാണപ്പെട്ടത്. സകല സന്തോഷവും കെട്ട്, മൂകമായ നിലയിലായി.
ബുധനാഴ്ച മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകുമെന്ന് കരുതിയാണ് രാവിലെ മുതൽ മാധ്യമപ്രവർത്തകർ എത്തി കാത്തുനിന്നത്. 11 മണിയോടെ മൂകതക്ക് വിരാമമിട്ട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തേക്ക് വന്നു. ചുറ്റും കൂടിയ മാധ്യമ പ്രവർത്തകരോട് പ്രഖ്യാപനം ബുധനാഴ്ചതന്നെ ഉണ്ടാകുമെന്നാണ് തന്റെയും പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ‘‘സോണിയ ഗാന്ധി ആശുപത്രിയിലായിരുന്നുവെന്ന് അറിയാമല്ലോ. ചര്ച്ചകളെല്ലാം കഴിഞ്ഞു, മുഖ്യമന്ത്രിയെ ഇന്നുതന്നെ പ്രഖ്യാപിക്കും. നല്ല തീരുമാനത്തിനായി കാത്തിരിക്കാം’’ എന്നു പറഞ്ഞ് അദ്ദേഹം വീണ്ടും അകത്തേക്ക് പോയി.
രാവിലെ പ്രഖ്യാപനമില്ലാത്തതിനാൽ മിക്കവരും കരുതിയത് ഉച്ചയോടെയുണ്ടാകുമെന്നാണ്. അതുമുണ്ടായില്ല. രണ്ടു മണിയായപ്പോൾ മദ്യപനായ ഒരു മുതിർന്ന പൗരൻ ഇന്ദിരാഭവനു മുന്നിലെത്തി ബഹളമുണ്ടാക്കി. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിലെ പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്. വൈകീട്ട് നാലോടെ പ്രവർത്തകർ ഇന്ദിരാഭവന് മുന്നിലേക്ക് എത്തിത്തുടങ്ങി. ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വരുന്ന വിവരങ്ങൾ അറിഞ്ഞും പരസ്പരം ചർച്ച നടത്തിയും ജനക്കൂട്ടം ഓരോ നിമിഷവും തള്ളിനീക്കി. പക്ഷേ, കാത്തിരിപ്പ് മണിക്കൂറുകൾ പിന്നിട്ടതോടെ മിക്കവരുടെയും മുഖത്ത് നിരാശ പടർന്നു. രാത്രി ഏഴുമണി കഴിഞ്ഞപ്പോൾ, പ്രഖ്യാപനം നാളെയേ ഉണ്ടാകൂ എന്നറിഞ്ഞതോടെ പ്രവർത്തകർ നിരാശയോടെ പിരിഞ്ഞുപോകാൻ തുടങ്ങി.
അതേസമയം, തിരുവനന്തപുരം വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീടിനു മുന്നിൽ ബുധനാഴ്ച രാവിലെ മുതൽ ആൾക്കൂട്ടമുണ്ടായിരുന്നു. മിക്കവരും അദ്ദേഹത്തിന്റെ മണ്ഡലമായ ഹരിപ്പാട്ടുനിന്ന് എത്തിയവരാണ്. മറ്റു ജില്ലകളിൽ നിന്നുള്ളവരും കുറെ പേരുണ്ടായിരുന്നു. അവരെല്ലാം ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന ഉറച്ച വിശ്വാസമാണ് പങ്കുവെച്ചത്.
കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിൽ കളിയാക്കാനും ആക്ഷേപിക്കാനും ഒന്നുമില്ലെന്നുമാണ് എല്ലാവരും പറഞ്ഞത്. ‘‘സി.പി.എമ്മിലാണെങ്കിൽ ഇങ്ങനെ ഉണ്ടാകില്ലല്ലോ. അവിടെ ഏകാധിപത്യമല്ലേ... എന്നിങ്ങനെയായിരുന്നു അവരുടെ പ്രതികരണം. നാളെയേ പ്രഖ്യാപനമുണ്ടാകൂ എന്നറിഞ്ഞതോടെ പലരും നഗരത്തിൽതന്നെ തങ്ങാനാണ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

