സത്യപ്രതിജ്ഞക്ക് വൻ ഒരുക്കം: വിജയ് ഉൾപ്പെടെ മുഖ്യമന്ത്രിമാർക്കും ക്ഷണം
text_fieldsതിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സമ്പൂർണ മന്ത്രിസഭ 18ന് രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചടങ്ങിന് വമ്പൻ പന്തലിന്റെ നിർമാണം സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. അമ്പതോളം ജോലിക്കാർ ചേർന്ന് രണ്ടുദിവസംകൊണ്ട് നിർമാണം പൂർത്തിയാക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ഒരുലക്ഷത്തോളം പേർക്ക് സത്യപ്രതിജ്ഞ ചടങ്ങുകൾ വീക്ഷിക്കാനുള്ള സൗകര്യങ്ങളാണ് സ്റ്റേഡിയത്തിലും പുറത്തുമായി ഒരുക്കുക.
തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെ അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണക്കത്ത് അയച്ചു. വിജയ്ക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഉൾപ്പെടെയുള്ളവരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് കത്തയച്ചിട്ടുണ്ട്.
10 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുന്ന സാഹചര്യത്തിൽ കോൺഗ്രസ് ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തും. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തലസ്ഥാനത്തെത്തി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ എത്തുമെന്നാണ് വിവരം.സംസ്ഥാനത്തെമ്പാടുമുള്ള യു.ഡി.എഫ് പ്രവർത്തകരിൽ വലിയൊരു വിഭാഗം ചടങ്ങിന് സാക്ഷ്യംവഹിക്കാൻ എത്തും.
ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ പൊലീസ് സുരക്ഷ പരിശോധനകൾ നടത്തി. ഡോഗ്, ബോംബ് സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ സ്റ്റേഡിയത്തിലെത്തി സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. സത്യപ്രതിജ്ഞ ചടങ്ങുകളുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗതനിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തും. വി.വി.ഐ.പികൾ എത്തുമെന്ന വിലയിരുത്തലിൽ അതിനനുസൃതമായ സുരക്ഷ ക്രമീകരണങ്ങളാകും ഏർപ്പെടുത്തുകയെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

