സമുദായ നേതാക്കളെ വിലക്കെടുത്താൽ കേരളത്തെ കൈയിലൊതുക്കാനാവില്ല -വിസ്‌ഡം യൂത്ത്
text_fieldsവിസ്ഡം യൂത്ത് സംസ്ഥാന പ്രവർത്തക സമിതിയോഗം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് ഉത്ഘാടനം ചെയ്യുന്നു
തിരൂർ: പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സമുദായങ്ങളെ കൂടെനിർത്താമെന്നത് മലയാളിയുടെ പ്രബുദ്ധതയെ വെല്ലുവിളിക്കലാണെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ. വ്യക്തമായ രാഷ്ട്രീയം പറഞ്ഞും വികസനം നടത്തിയും വിവിധ ജനവിഭാഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി നിർവഹിച്ചും മുന്നോട്ടു പോകുന്നവർക്കേ നിലനിൽപ്പുണ്ടാകൂവെന്നും വിസ്‌ഡം യൂത്ത് സംസ്ഥാന പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
കേരള ജനതയുടെ മതനിരപേക്ഷ മനസിനെ പാർട്ടികൾ വിലകുറച്ചു കാണുന്നത് അതീവ ഗൗരവതരമാണ്. സമുദായ നേതാക്കളെ വിലക്കെടുത്താൽ കേരളത്തെ കൈയിലൊതുക്കാൻ കഴിയുമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ഓരോ ജനതയുടെയും അടിസ്ഥാന പ്രശ്നങ്ങൾ ദുർന്യായങ്ങൾ പറഞ്ഞ് അവഗണിക്കരുത്. വർഗീയതയും മതനിരപേക്ഷതയും നേർക്കുനേർ പോരാടുന്ന വർത്തമാന കേരളത്തിൽ ഉറച്ച മതനിരപേക്ഷതയുടെ പക്ഷത്തെ ചേർത്ത് പിടിക്കാൻ പൊതുസമൂഹം തയാറാകണമെന്നും വിസ്ഡം അഭിപ്രായപ്പെട്ടു.
കേരള ടീച്ചേഴ്സ് കോൺഫറൻസ്, ഡയലോഗ്, ക്യു.എച്ച്.എൽ എസ്. പ്രൊഫൈസ്, മുഖാമുഖം തുടങ്ങി അടുത്ത മൂന്ന് മാസക്കാലത്തേക്കുള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി. വിസ്‌ഡം യൂത്ത് എക്സിക്യൂട്ടീവ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. അഷ്റഫ് ഉത്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻറ് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. ടി.കെ. നിഷാദ് സലഫി, ഡോ. അൻഫസ് മുക്രം, ഡോ. നസീഫ് പി.പി, ഡോ. ബഷീർ വി.പി, ഡോ. ഫസ്ലുറഹ്മാൻ, മുസ്തഫ മദനി, യു. മുഹമ്മദ് മദനി, ജംഷീർ സ്വലാഹി, ഡോ. അബ്ദുൽ മാലിക്, ഫിറോസ് സ്വലാഹി, സിനാജുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

