Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right10115 പേർക്കുകൂടി കർഷക...

10115 പേർക്കുകൂടി കർഷക പെൻഷൻ, വിളനാശത്തിന് അടിയന്തര സഹായം, 1857 അധ്യാപക തസ്കിക

text_fields
bookmark_border
10115 പേർക്കുകൂടി കർഷക പെൻഷൻ, വിളനാശത്തിന് അടിയന്തര സഹായം, 1857 അധ്യാപക തസ്കിക
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മന്ത്രിസഭായോഗം. കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെല്ലാം ജനം കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന നിരവധി ആവശ്യങ്ങൾക്കാണ് ഒറ്റ മന്ത്രിസഭാ യോഗത്തിൽ അംഗീകാരമായത്. പുതുതായി 10115 പേർക്ക് കൂടി 2000 രൂപ കർഷക പെൻഷൻ അനുവദിക്കുമെന്നതാണ് ഇതിൽ പ്രധാനം. കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാല് പേരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഏഴ് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാനും തീരുമാനമായി.

2021 ശേഷം 60 വയസ് തികഞ്ഞ 10115 കർഷകർക്ക് കൂടി ചെറുകിട - നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000 രൂപ പെൻഷൻഅനുവദിക്കാൻ സര്‍ക്കാർ അനുമതി നൽകി. ഇതിനായി 24. 276 കോടി രൂപ അനുവദിക്കും. ഇതിന് പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. മറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ:

വിളനാശത്തിന് അടിയന്തിര സഹായം

പ്രകൃതിക്ഷോഭങ്ങൾ മൂലമുള്ള വിളനാശം അഭിമുഖീകരിക്കുന്നതിനുള്ള അടിയന്തിര സഹായ പദ്ധതി പ്രകാരം 2021 ഒക്ടോബർ മുതലുള്ള 76.68 കോടി രൂപ കുടിശ്ശിക അനുവദിക്കാൻ തീരുമാനിച്ചു. നിലവിൽ വിതരണം ചെയ്ത് കഴിഞ്ഞ 87.89 കോടി രൂപക്ക് പുറമേയാണ് തുക അനുവദിക്കുന്നത്. 150267 കർഷകർക്കാണ് അടിയന്തിര സഹായ പദ്ധതി പ്രകാരം തുക വിതരണം ചെയ്യുക.സംസ്ഥാന വിള ഇൻഷുറൻസ് ഇനത്തിൽ 2024 ജൂൺ മുതൽ കുടിശ്ശികയുള്ള 43.19 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ വിതരണം ചെയ്ത് കഴിഞ്ഞ 136 കോടി രൂപക്ക് പുറമേയാണ് തുക അനുവദിക്കുക. 18,171 കർഷകർക്കാണ് ഇൻഷുറൻസ് അനുകൂല്യം നൽകാനുള്ളത്. വിളനാശത്തിനുള്ള അടിയന്തിര സഹായ പദ്ധതിയിലും സംസ്ഥാന വിള ഇൻഷ്വറൻസ് ഇനത്തിലുമുള്ള കുടിശ്ശിക തീർക്കുന്നതിന് കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്നും തുക ചിലവഴിക്കും.

13 ഉന്നതി കുടുംബങ്ങള്‍ക്ക് ടൗണ്‍ഷിപ്പ് മാതൃകയില്‍ വീട്

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. KIIFCON നെ എംപ്ലോയേഴ്സ് റെപ്രസെന്‍ററ്റീവായും ULCCS നെ EPC കോണ്‍ട്രാക്ടറായും നിയമിക്കുന്നതിന് അനുമതി നല്‍കി

1857 അധ്യാപക തസ്തികകള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 1857 അധ്യാപക അധിക തസ്തികകള്‍ അനുവദിക്കും. 2025 - 26 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചു കൊണ്ടാണ് തീരുമാനം. ഇതനുസരിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ 655 അധിക തസ്തികകളും എയ്ഡഡ് സ്കൂളുകളില്‍ 1202 അധിക തസ്തികളുമാണ് സൃഷ്ടിക്കുന്നത്. തസ്തികകള്‍ക്ക് 1/ 10 /2025 മുതല്‍ പ്രാബല്യം അനുവദിക്കും.

ജൽജീവൻ മിഷൻ പദ്ധതികൾ

ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് മുമ്പ് മന്ത്രിസഭായോഗം അംഗീകാരം നൽകിയ പദ്ധതികളിൽ കരാർ നടപടികളുമായി മുന്നോട്ടു പോകുന്നതിനും ഇതിനുള്ള തുക കേന്ദ്രം ലഭ്യമാകാത്ത പക്ഷം സംസ്ഥാന ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു .നിലവിൽ 10 പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി ലെറ്റർ ഓഫ് ആക്സെപ്റ്റൻസ് നൽകാൻ സജ്ജമായ അവസ്ഥയിലാണ്. ഇവയുടെ ആകെ അടങ്കൽ തുക 15337.09 ലക്ഷം രൂപയാണ്.നിലവിൽ കരാർ ഒപ്പിടാൻ ഉദ്ദേശിക്കുന്ന 10 പ്രവർത്തികൾ കുടിവെള്ള പദ്ധതിയുടെ അഭിവാജ്യ ഘടകങ്ങളാണ്. അതുകൊണ്ടു ഇവ പൂർത്തിയാക്കാതെ ഇരുന്നാൽ മറ്റ് വിതരണം ശ്യംഖലകൾ സജ്ജമായാലും ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ സാധിക്കില്ല. ഈ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചാണ് മന്ത്രിസഭ കരാറുകൾ ഒപ്പിടാൻ അനുമതി നൽകിയത്.നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കേന്ദ്ര വിഹിതം ഉറപ്പില്ലാത്തതിനാൽ കേന്ദ്ര സർക്കാർ തുക നൽകാത്ത പക്ഷം സംസ്ഥാന ഫണ്ടിൽ നിന്നും വഹിക്കാമെന്ന് എന്ന ഉറപ്പിന്മേലാണ് കരാറുകൾ ഒപ്പിടാൻ അനുമതി നൽകുന്നത്.


കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍

കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍ സൃഷ്ടിക്കും. മെഡിക്കല്‍ ഓഫീസര്‍, നേഴ്സിങ് ഓഫീസര്‍,ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2 ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികളാണ് സൃഷ്ടിക്കുന്നത്. കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ക്രിയാശരീര വകുപ്പില്‍ ഒരു പ്രൊഫസര്‍ തസ്തികയും ഒരു അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinetchief minister keralaKeraka NewspensionsFarmers
News Summary - kerala cabinet dicisions
Next Story