വയനാട് ടൗണ്‍ഷിപ് പദ്ധതി; ത്രികക്ഷി കരാര്‍ അംഗീകരിച്ചു
text_fieldsതിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള വയനാട് ടൗണ്‍ഷിപ് നിര്‍മാണ ത്രികക്ഷി കരാര്‍ മന്ത്രിസഭ അംഗീകരിച്ചു.
സര്‍ക്കാറിനുവേണ്ടി ദുരന്തനിവാരണ അതോറിറ്റി, കിഫ്ബിക്ക് സാങ്കേതിക സഹായം നൽകുന്ന ഉപസ്ഥാപനമായ കിഫ്കോണ്‍, നിര്‍മാണ കരാറുകാരായ ഊരാളുങ്കല്‍ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവരാണ് ടൗണ്‍ഷിപ് നിര്‍മാണ കരാറില്‍ ഒപ്പിടുക.
ഇത് നടപ്പാക്കുന്നതിന് സ്പെഷല്‍ ഓഫിസര്‍ എസ്. സുഹാസിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുടെ നിരന്തര അവലോകനം പദ്ധതിയിലുണ്ടാകും.
കേരള മന്ത്രിസഭ മറ്റു തീരുമാനങ്ങൾ
അട്ടപ്പാടിയിൽ ട്രൈബൽ താലൂക്ക് സപ്ലൈ ഓഫീസ്
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആസ്ഥാനമാക്കി ഒരു ട്രൈബൽ താലൂക്ക് സപ്ലൈ ഓഫീസ് രൂപീകരിക്കും. താലൂക്ക് സപ്ലൈ ഓഫീസർ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിങ് ഇൻസ്പെക്ടർ എന്നിവയുടെ ഓരോ തസ്തികൾ സൃഷ്ടിക്കും. മറ്റ് ജീവനക്കാരെ പൊതുവിതരണ വകുപ്പിൽ നിന്ന് പുനർവിന്യസിക്കും.
പ്രകൃതി ദുരന്തം; ധനസഹായം
പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ/ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 473 ദുരന്തബാധിതർക്ക് വിതരണം ചെയ്യുന്നതിനുളള സിഎംഡിആർഎഫ് വിഹിതമായ 95,32,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.
ടെലികമ്യൂണിക്കേഷൻ ചട്ടങ്ങൾ നടപ്പാക്കും
2024ലെ ടെലികമ്യൂണിക്കേഷൻ (റൈറ്റ് ഓഫ് വേ) ചട്ടങ്ങൾ സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചു.
സർക്കാർ ഗ്യാരണ്ടി അനുവദിക്കും
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന് നാഷണൽ സഫായി കർമചാരീസ് ഫിനാൻസ് & ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്നും വായ്പ എടുക്കുന്നതിന് 5 വർഷത്തേക്ക് 50 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

