നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള ഇ.എസ്.ജി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, (Environmental) സാമൂഹികം, (Social) ഭരണപരവുമായ (Governenance) നയം രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പരിസ്ഥിതിക്ക് അനുയോജ്യവും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങള്‍ ആവാസ വ്യവസ്ഥക്ക് അനുയോജ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.എസ്. ജി നയം രൂപീകരിക്കുന്നത്.
ആഗോളതലത്തില്‍ നിക്ഷേപ തീരുമാനങ്ങളുടെ കേന്ദ്ര ബിന്ദുവായി ഇ.എസ്.ജി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇ.എസ്. ജി അനുസരിച്ചുള്ള നിക്ഷേപത്തിനുള്ള ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
വയനാട് ടൗണ്‍ഷിപ്പ് പദ്ധതി
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അഡ്വാന്‍സ് പേമെന്റ് ഗ്യാരണ്ടി വ്യവസ്ഥ ഒഴിവാക്കാന്‍ തീരുമാനിച്ചു. വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫിസര്‍ നല്‍കിയ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് ഇളവ്.
തസ്തിക
നിയമ വകുപ്പില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ 6 മാസ കാലയളവിലേക്ക് ഒരു സെക്ഷന്‍ രൂപീകരിക്കുകയും അതിലേക്ക് ഒരു സെക്ഷന്‍ ഓഫിസര്‍ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. ധനകാര്യ നിയമം, നികുതി ചുമത്തല്‍ നിയമങ്ങള്‍ (ഭേദഗതി) ആക്ടുകള്‍ എന്നിവ മുഖാന്തരം വിവിധ ആക്ടുകളില്‍ കൊണ്ടുവരുന്ന ഭേദഗതികള്‍ അതാത് പ്രധാന ആക്ടുകളില്‍ ഉള്‍പ്പെടുത്തുന്നതിനാണ് സെക്ഷന്‍ രൂപീകരിക്കുന്നത്.
ഇളവ് അനുവദിച്ചു
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ കരിങ്കുന്നം വില്ലേജില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി 30 വര്‍ഷത്തേക്ക് സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ വസ്തുവിന്റെ പാട്ട കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ മുദ്രവില രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് അനുവദിച്ചു.
കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന TECIL കെമിക്കല്‍സ് ആന്റ് ഹൈഡ്രോ പവര്‍ ലിമിറ്റഡ് കമ്പനിയുടെ കൈവശമുള്ള അധിക ഭൂമിക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഭൂപരിധിയില്‍ ഇളവ് അനുവദിക്കും. നാട്ടകം, കുറിച്ചി വില്ലേജുകളില്‍പ്പെട്ട 9.3275 ഹെക്ടര്‍ ഭൂമിയില്‍ ഭൂപരിധിയില്‍ അധികമുള്ള 8.048 ഏക്കര്‍ ഭൂമിക്കാണ് ഇളവ് അനുവദിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ ഏനാത്ത് ജങ്ഷനുമായി ബന്ധിപ്പിക്കുന്ന പഴയ എം.സി റോഡ്, ലിങ്ക് റോഡ് എന്നിവയുടെ പൊതുമരാമത്ത് പ്രവർത്തികൾക്കായി ക്വാട്ട് ചെയ്ത എസ്റ്റിമേറ്റ് തുകയേക്കാൾ (3,68,45,941 രൂപ) കൂടുതൽ ആയ സാഹചര്യത്തിൽ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ അനുവദനീയമായ പരമാവധി ടെൻഡർ എക്സസ് ഇളവ് നൽകാൻ അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

