സൂപ്പർഹിറ്റായി ബിസിനസ് ക്ലാസ് ബസുകൾ; കലക്ഷനിൽ റെക്കോഡ് വർധന
text_fieldsകെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്
കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ വിമാനയാത്രക്ക് തുല്യമായ ആഡംബര ബിസിനസ്സ് ക്ലാസ് ബസുകളുടെ കലക്ഷനിൽ വൻ വർധനവ്. നിലവിൽ തിരുവനന്തപുരം-എറണാകുളം, തിരുവനന്തപുരം-ഗുരുവായൂർ, ആലപ്പുഴ-ബംഗളൂരു എന്നിങ്ങനെ മൂന്ന് സർവീസുകൾ മാത്രം നടത്തുന്ന രണ്ട് ബസുകളിലായി ഇതുവരെ 4,361 പേർ യാത്ര ചെയ്തതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. ഇതുവഴി 33.76 ലക്ഷം രൂപയുടെ വരുമാനമാണ് സർവീസിൽ നിന്നും ലഭിച്ചത്.
തിങ്കൾ മുതൽ വെള്ളി വരെ തിരുവനന്തപുരം-എറണാകുളം റൂട്ടിലും ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം-ഗുരുവായൂർ റൂട്ടിലുമാണ് ഒരു ബസ് സർവീസ് നടത്തുന്നത്. ഓഗസ്റ്റ് 20ന് സർവീസ് ആരംഭിച്ച് ഇന്നുവരെ 3,236 പേർ യാത്ര ചെയ്യുകയുണ്ടായി. ഇതുവഴി 18.76 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്.
ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ആലപ്പുഴ നിന്നും ബംഗളൂരുവിലേക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്നും ആലപ്പുഴക്കുമാണ് രണ്ടാമത്തെ ബസ് സർവീസ് നടത്തുന്നത്. ഓഗസ്റ്റ് 16ന് ആരംഭിച്ച സർവീസിൽ ഇത് വരെ 1125 പേർ യാത്ര ചെയ്തത് വഴി 15 ലക്ഷം രൂപ വരുമാനം ലഭിച്ചതായി കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.
മുൻ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭരണക്കാലത്ത് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോയുടെ രണ്ട് ബസുകളാണ് കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ വാങ്ങിയത്. തുടർന്ന് റൂട്ടുകൾ നിശ്ചയിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ബസുകൾ സർവീസ് ആരംഭിച്ചിരുന്നില്ല. ശേഷം തെരഞ്ഞെടുപ്പ് നടക്കുകയും എൽ.ഡി.എഫ് സർക്കാർ ഭരണത്തിൽ നിന്നും പുറത്താവുകയും ചെയ്തതോടെ തുടർന്ന് വന്ന യു.ഡി.എഫ് സർക്കാറിന്റെ കീഴിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണാണ് സർവീസ് ആരംഭിക്കാൻ നിർദേശം നൽകിയത്.
നാല് കോടി രൂപ വിലവരുന്ന ബസിൽ പാൻട്രി (ഭക്ഷണശാല), ശുചിമുറി, ബസ് ഹോസ്റ്റസ് തുടങ്ങിയ സർവീസുകൾ ലഭ്യമാണ്. കൂടാതെ, എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങൾ, വ്യക്തിഗത ടിവി, വൈഫൈ, മൊബൈൽ ചാർജിങ് സൗകര്യം എന്നിവ ബസിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

