കേന്ദ്ര ബജറ്റിലെ സംസ്ഥാന അവഗണനയെ അതിജീവിച്ച കേരള ബജറ്റ് മാതൃകാപരം - എ.കെ.പി.സി.ടി.എ
text_fieldsതിരുവനന്തപുരം: കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിലൂടെ കേരളത്തെ പാടേ തഴഞ്ഞതിനെ പ്രാദേശികമായി പ്രതിരോധിക്കാൻ ഉതകുന്ന കേരള ബജറ്റിനെ എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. മധ്യവർഗത്തിന് അനുകൂലമായ ബജറ്റ് എന്ന പ്രതീതി വളർത്തിയെടുത്ത് അടിസ്ഥാന വർഗതാൽപര്യങ്ങൾക്ക് വിരുദ്ധമായ സാമ്പത്തിക നയങ്ങളിൽ ഉറച്ച് നിന്ന കേന്ദ്ര ബജറ്റ് സമ്പന്നരുടെ താൽപര്യങ്ങളെ മാത്രം സംരക്ഷിക്കുന്ന ഒന്നാണ്.
അതേസമയം, എല്ലാ വിഭാഗം ജനങ്ങൾക്കും തൃപ്തികരമായ നിർദേശങ്ങൾ ഉൾച്ചേർത്ത ഒന്നാണ് കേരള സംസ്ഥാന ബജറ്റ്. ഫെഡറൽ തത്വങ്ങളുടെ നിരാകരണം പൂർണമായ തോതിൽ നടപ്പാക്കിയതിനെ തുടർന്ന് കേന്ദ്ര ബജറ്റിൽ നിന്ന് പുറന്തള്ളപ്പെട്ട കേരളത്തിൻറെ തനത് വരുമാനം വർധിപ്പിച്ചെടുത്ത് സംസ്ഥാനത്തിൻറെ സർവതോൻമുഖ വികസനത്തിന് പ്രേരകമാകുന്ന ബജറ്റാണ് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമ സഭയിൽ പ്രഖ്യാപിച്ചത്.
പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും കഴിഞ്ഞ വർഷങ്ങളിൽ കേരളം കാട്ടുന്ന മികവിനെ കൂടുതൽ ഉയരത്തിലെത്തിക്കാൻ ഈ ബജറ്റ് സഹായകമാകും. ഗവേഷകർക്ക് പ്രതിമാസം പതിനായിരം രൂപ നൽകുന്ന മുഖ്യമന്ത്രിയുടെ ഗവേഷക സ്കോളർഷിപ്പ്, മറ്റ് ഹയർ എഡ്യുക്കേഷൻ സ്കോളർഷിപ്പുകൾ, സെൻറർ ഓഫ് എക്സലൻസ് പദവിയിലുള്ള സ്ഥാപനങ്ങൾക്കായി പ്രത്യേക ഫണ്ട്, ഡിജിറ്റൽ സയൻസ് പാർക്ക്, കോളജ് വിദ്യാഭ്യാസ വകുപ്പിന് അക്കാദമിക് ഔട്ട് റീച്ച് പദ്ധതി, വിവിധ സർവകലാശാലകൾക്ക് അക്കാദമിക് - ഭൗതിക വികസനത്തിനായി പ്രത്യേക ഫണ്ട് തുടങ്ങിയവ ബജറ്റിൻറെ പ്രധാന സവിശേഷത ആണ്.
കേന്ദ്രസർക്കാറിൻറെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച വൻ പ്രതിസന്ധിക്കിടയിലും അധ്യാപകർക്കും ജീവനക്കാർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചതിനെയും എ.കെ.പി.സി.ടി.എ അഭിനന്ദിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സേവന രംഗത്ത് നിന്ന് കേന്ദ്ര സർക്കാർ പരിപൂർണമായി പിൻവാങ്ങുമ്പോൾ പൊതുവൽക്കണത്തെയും സാമൂഹ്യനീതിയെയും ഉയർത്തിപ്പിടിച്ച് വികസന കാഴ്ച്ചപ്പാട് മുന്നോട്ട് വെച്ച സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡൻറ് എ നിശാന്ത്, ജനറൽ സെക്രട്ടറി ഡോ.കെ. ബിജുകുമാർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

