Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ് വർഷത്തെ...

തെരഞ്ഞെടുപ്പ് വർഷത്തെ വാഗ്ദാനപ്പെരുമഴ

text_fields
bookmark_border
തെരഞ്ഞെടുപ്പ് വർഷത്തെ വാഗ്ദാനപ്പെരുമഴ
cancel

ഒരു തെരഞ്ഞെടുപ്പ് വർഷത്തിൽ നാലു മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി നിയമസഭ പിരിയുക എന്നതാണ് ഉന്നതമായ ജനാധിപത്യ മര്യാദ. അതിനു പകരം തദ്ദേശ തെരഞ്ഞെടുപ്പിലെ പിന്നോട്ടടി പരിഹരിക്കത്തക്കവിധം സമ്മതിദായകർക്ക് പ്രലോഭനങ്ങൾ എറിഞ്ഞുകൊടുക്കുകയാണ് 2026-27ലെ ബജറ്റ്.

പരിഹാസ്യമായ അവകാശവാദങ്ങൾ

കേന്ദ്രത്തിന്റെ ഞെരുക്കലുകൾക്ക് ഇടയിലും സംസ്ഥാനം പിടിച്ചുനിന്നത് തനതു വിഭവസമാഹരണത്തിലൂടെയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങുന്നത്. പക്ഷേ, ഈ അവകാശവാദത്തിന് വസ്തുതകളുടെ പിൻബലമില്ല. 2020-21ൽ, അതായത്, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ അവസാന വർഷം ഇന്ത്യയിലെ സംസ്ഥാനങ്ങളും യൂനിയൻ ടെറിട്ടറികളും സമാഹരിച്ച മൊത്ത തനതുവരുമാനത്തിൽ കേരളത്തിന് 4.08 ഓഹരിയുണ്ടായിരുന്നു. പക്ഷേ, ധനമന്ത്രി ബാലഗോപാലിന്റെ അവസാനവർഷമായ 2025-26ലെ ബജറ്റ് എസ്റ്റിമേറ്റ് കാണിക്കുന്നത് ഇത് 3.71 ശതമാനമായി കുറഞ്ഞു എന്നാണ്.

സമൂഹത്തിന്റെ നികുതി നൽകൽ ശേഷിയിൽ കുറവുണ്ടായിട്ടാണ് ഇത് സംഭവിച്ചതെങ്കിൽ മനസ്സിലാക്കാമായിരുന്നു. 2022-23ലെ അവസാന ദേശീയ ഉപഭോഗ സർവേയിലും കേരളം ആളോഹരി ഗാർഹിക ഉപഭോഗത്തിൽ ഒന്നാമതാണ്. ഇത് സൂചിപ്പിക്കുന്നത് യഥാർഥത്തിൽ തനതുവിഭവസമാഹരണത്തിൽ സംസ്ഥാനം പിന്നോട്ടുപോവുകയാണ് ചെയ്തത് എന്നാണ്.

ഒരു രൂപയുടെപോലും അധിക വിഭവസമാഹരണ നിർദേശങ്ങൾ 2026-27 ബജറ്റിൽ ഇല്ല. പക്ഷേ, ശമ്പള പരിഷ്കരണം, ക്ഷാമബത്ത കുടിശ്ശിക തീർക്കൽ, ആശാവർക്കർമാർ, സാക്ഷരതാ പ്രേരക്മാർ എന്നു തുടങ്ങി വിവിധ വിഭാഗങ്ങളുടെ ശമ്പളവും ഓണറേറിയവും വർധിപ്പിക്കൽ എന്നിവക്കുള്ള അധിക ചെലവ് എങ്ങനെ നികത്തും? അതിനൊക്കെ വേണ്ട വരുമാനം ഖജനാവിൽ ഒഴുകിയെത്തുമെന്നാണ് ധനമന്ത്രിയുടെ ശുഭപ്രതീക്ഷ.

2025-26ൽ മൊത്തം വരുമാനം 1,37,082.61 കോടിയായിരുന്നു. അതുതന്നെ തലേവർഷത്തേക്കാൾ 9.79 ശതമാനം വർധിച്ചതുകൊണ്ടാണ്. പക്ഷേ, 2026-27ൽ 1,82,972.10 കോടി രൂപയാണ് ധനമന്ത്രി പ്രതീക്ഷിക്കുന്ന വരുമാനം. അതായത്, 33.48 ശതമാനം കണ്ട് വരുമാനം വർധിച്ചാൽ മേൽപറഞ്ഞതൊക്കെ നടക്കുമെന്ന്! താൻ അവതരിപ്പിച്ച ബജറ്റ് തനിക്ക് നടപ്പിൽവരുത്തേണ്ടിവരില്ലെന്ന് ഉറപ്പുള്ള ഒരു ധനമന്ത്രിക്ക് മാത്രമല്ലേ ഇത്തരം കണ്ണുകെട്ടിക്കളി നടത്താനാവൂ?

ക്ഷേമപെൻഷൻകാർക്ക് കുമ്പിളിൽ കഞ്ഞി!

62 ലക്ഷം വരുന്ന ക്ഷേമപെൻഷൻകാർ സർക്കാറിന്റെ ഉറച്ച വോട്ടുബാങ്കാണ്. അവർക്ക് കൂട്ടിക്കൊടുത്തില്ലെങ്കിലും ആ വോട്ട് പെട്ടിയിൽ വീഴുമെന്ന് ധനമന്ത്രിക്ക് ഉറപ്പുണ്ട്. അല്ലെങ്കിൽതന്നെ അവർക്കല്ലേ അടുത്തകാലത്ത് 400 രൂപ കൂട്ടിക്കൊടുത്തത്?

പക്ഷേ, വസ്തുതയെന്താണ്? 2016ൽ ധനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തിയ ഡോ. തോമസ് ഐസക്ക് ഉമ്മൻ ചാണ്ടി സർക്കാറിന്റെ അവസാന വർഷത്തിൽ 600 രൂപയായിരുന്ന ക്ഷേമപെൻഷൻ ഒറ്റയടിക്ക് 1,000 രൂപയായി വർധിപ്പിച്ചു എന്നു മാത്രമല്ല, ഓരോ വർഷവും 100 രൂപ വീതം കൂട്ടി 1,600 ആക്കിയാണ് 2021ൽ ധനമന്ത്രിപദം ഒഴിഞ്ഞത്. കേരള ധനകാര്യം ഈവിധം കുളംതോണ്ടിയതിന്റെ പാപഭാരം പേറുന്നെങ്കിൽ കൂടി ക്ഷേമപെൻഷൻകാരോട് കാണിച്ച ഈ ദയാവായ്പ്മൂലം അദ്ദേഹത്തിന്റെ പാപങ്ങൾ ക്ഷമിക്കപ്പെടും.

പക്ഷേ, ധനമന്ത്രി ബാലഗോപാൽ ചുമതലയേറ്റ 2021നു ശേഷം ക്ഷേമപെൻഷനിൽ 400 രൂപ വർധന വരുത്തിയത് ഇക്കഴിഞ്ഞ നവംബറിലാണ്. ഇക്കഴിഞ്ഞ മൂന്നുനാലു വർഷങ്ങളിൽ കേരളത്തിൽ വിലക്കയറ്റംമൂലം സാധാരണ ജനങ്ങൾ വലഞ്ഞു. ക്ഷേമപെൻഷന് ശരാശരി അഞ്ച് ശതമാനം കണ്ട് മൂല്യശോഷണമുണ്ടാകുന്നു എന്ന് സങ്കൽപിച്ചാൽ 2026ൽ അതിന്റെ മൂല്യം 1238 രൂപ മാത്രമാണ്. 400 രൂപ കൂട്ടിയതുകൂടി കണക്കിലെടുത്താലും യഥാർഥ മൂല്യം വെറും 1638 രൂപ മാത്രം.

ക്ഷേമപെൻഷൻ 2500 രൂപയായി വർധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത സർക്കാർ ഈ ബജറ്റിൽ അത് വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. പക്ഷേ, പേടിക്കാനില്ല. അവരുടെ വോട്ട് എവിടെപ്പോകാനാണ്?

ഉണ്ട്; ഭാവനാപൂർണമായ നിർദേശങ്ങൾ

വളരെ ഭാവനാപൂർണമായ നിർദേശങ്ങളാൽ സമ്പന്നമാണ് ഈ ബജറ്റ്. ഏറെക്കുറേ എല്ലാ തൊഴിൽ വിഭാഗങ്ങളിലേക്കും ഗ്രൂപ് ഇൻഷുറൻസ് വ്യാപിപ്പിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. നികുതിദായകർക്ക് പ്രോത്സാഹനം നൽകാൻ അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷ തൊഴിലാളികൾക്കായുള്ള ഇലക്ട്രിക് ഓട്ടോ പ്രോത്സാഹനം, വൃദ്ധജനങ്ങൾക്കുള്ള കമ്യൂണിറ്റി സെന്ററുകൾക്കുള്ള സബ്സിഡി പദ്ധതി, പട്ടണങ്ങളിലെ കേരള കലാകേന്ദ്രങ്ങൾ, കട്ടപ്പന-തേനി തുരങ്കപാത, വിഴിഞ്ഞത്തെ ചവറയും കൊച്ചിയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി എന്നിവ ഉദാഹരണങ്ങൾ. പക്ഷേ, വിഭവസമാഹരണത്തിന് വ്യക്തമായ നിർദേശങ്ങൾ ഇല്ലാത്ത ബജറ്റിൽ ഇവയൊക്കെ വെറും അഭിലാഷങ്ങൾ ആയിത്തന്നെ അവശേഷിക്കും.

വിഭവസമാഹരണ ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കുന്ന നിർദേശങ്ങളും ഇല്ലാതില്ല. ഡിഗ്രി തലംവരെ കോളജ് വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം എന്ന നിർദേശം ഉദാഹരണം. കേരളത്തിലെ കോളജ് വിദ്യാർഥികൾ മൊബൈൽ ഫോണിന് ചെലവാക്കുന്ന തുകപോലും ഒരു വർഷം ഫീസായി കൊടുക്കുന്നില്ല. സത്യത്തിൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ സബ്സിഡികൾ ഏറ്റവും അർഹരായവർക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടു മാത്രമേ കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി പരിഹരിക്കാനാവൂ. ഇത് ധനമന്ത്രിക്ക് അറിയാത്തതല്ല.

2024-25ലെ പുതുക്കിയ കണക്കുകൾ പ്രകാരം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ റവന്യൂ ചെലവ് 52,222.7 കോടി രൂപയാണ്. ഫീസുകളായി പിരിക്കുന്നത് വെറും 769.03 കോടി രൂപ. അതായത്, ചെലവിന്റെ 1.47 ശതമാനം. ഇതേവർഷം തമിഴ്നാട്ടിൽ ഇത് 5.56 ശതമാനമാണ്. തമിഴ്നാട്ടിൽനിന്ന് പക്ഷേ, നമുക്കൊന്നും പഠിക്കാനില്ല. മോട്ടോർവാഹന അപകടങ്ങളിൽ പെടുന്നവർക്ക് അഞ്ച് ദിവസം സൗജന്യ ചികിത്സ എന്ന നിർദേശവും ജനപ്രിയതക്കുവേണ്ടിയുള്ള ഒരു പൊടിക്കൈ മാത്രമാണ്. മോട്ടോർവാഹന ഉടമകൾ നിർബന്ധമായി ആശുപത്രി ചെലവുകൾ നികത്തുന്ന അപകട ഇൻഷുറൻസ് എടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു യഥാർഥത്തിൽ വേണ്ടത്.

നിരാശജനകമായ ധനകാര്യ ഭാവി

നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഒരു തെരഞ്ഞെടുപ്പുകൾക്ക് അപ്പുറം കേരളത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കകൾ ഇല്ല എന്നത് അടിവരയിടുന്ന ബജറ്റാണിത്. യൂറോപ്യൻ യൂനിയനുമായി കേന്ദ്ര സർക്കാർ ഉണ്ടാക്കിയ വ്യാപാരക്കരാർ കണ്ടതായിപ്പോലും ധനമന്ത്രി ഭാവിച്ചില്ല. സത്യത്തിൽ കാർഷിക-വ്യാവസായിക രംഗങ്ങളിൽ കേരളത്തിന് മുന്നേറാനുള്ള നല്ല അവസരമാണിത്. അത് കണ്ടറിഞ്ഞുള്ള ബജറ്റ് നിർദേശങ്ങൾ ഒന്നുംതന്നെയില്ല. പക്ഷേ, ഒരുകാര്യത്തൽ ആശ്വസിക്കാം. ഈ ബജറ്റ് തിരുത്തിക്കാൻ ജനങ്ങൾക്ക് അവസരമുണ്ട്. അവർ അത് പ്രയോജനപ്പെടുത്തുമോ എന്ന് കാത്തിരുന്ന് കാണാം.

(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റി അംഗമാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KN BalagopalKeralaKerala Budget 2026
News Summary - Kerala budget 2026 review
Next Story