ദുരന്തം നേരിടാനും അതിജീവനത്തിനും തുക; ബജറ്റിലാണ് പ്രതീക്ഷ
text_fields
തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനുള്ള ഇടപെടലുകൾക്ക് സംസ്ഥാന ബജറ്റിൽ പ്രാമുഖ്യം നൽകാൻ സാധ്യത. വയനാടിന്റെയടക്കം പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ തുടർച്ചയായി പ്രഹരമേൽപിക്കുന്നതും പുനരധിവാസ കാര്യത്തിൽ കേന്ദ്രത്തിന്റെ നിസ്സഹകരണവും കണക്കിലെടുത്താണ് ബജറ്റിൽ അതിജീവനത്തിനും കരുതലിന് പുതുവഴിയും തുറക്കുക. പ്രളയവും ഓഖിയും കടലാക്രമണങ്ങളും ഉരുൾപൊട്ടലുകളുമടക്കം ദുരന്തങ്ങളെ കേരളം നിരന്തരം നേരിടുകയാണ്. ദുരന്തനിവാരണത്തിന് ബജറ്റിലെ കണക്കുകൂട്ടലിനപ്പുറമാണ് ചെലവഴിക്കേണ്ടിവരുന്നത്.
2018ന് ശേഷം അപ്രതീക്ഷിത ദുരന്തങ്ങള്‍ നേരിടാനായി സംസ്ഥാനം ബജറ്റിന് പുറമെ, 4273 കോടി നീക്കിവെച്ചെന്നാണ് കണക്ക്. ഇക്കാലയളവിൽ കേന്ദ്രത്തോട് 9089 കോടി രൂപ കേരളം ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് 2904 കോടി മാത്രം (2018). സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്കുള്ള കേന്ദ്രവിഹിതം 1389.60 കോടി മാത്രമാണ്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ, പ്രകൃതിദുരന്തങ്ങളിലെ ദുരിതാശ്വാസ ദൗത്യത്തിനായി 18910 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും കനിഞ്ഞത് 3146 കോടിയും.
നികുതി വിഹിതം വീതംവെക്കുന്നതിനുള്ള 16 ാം ധനകമീഷൻ മാനദണ്ഡങ്ങളിൽ പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും കൂടി പരിഗണന വിഷയമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 586 കിലോമീറ്റർ നീളുന്ന സംസ്ഥാനത്തിന്റെ തീരമേഖലയുടെ 300 കിലോമീറ്ററിലേറെ കടലാക്രമണ ഭീഷണിയിലാണെന്നതടക്കം സവിശേഷ സാഹചര്യങ്ങൾ അക്കമിട്ടിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെടുമെന്നതിൽ ഉറപ്പില്ല.
കേന്ദ്രത്തിന്റെ മാനദണ്ഡപ്രകാരം ഗുജറാത്ത്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവക്കൊപ്പം ഹൈ റിസ്ക് വിഭാഗത്തിലാണ് കേരളം ഉൾപ്പെടുന്നതെങ്കിലും കടുത്ത വിവേചനം നേരിടുന്ന സാഹചര്യമാണ്. അപ്രതീക്ഷിത ദുരന്തങ്ങളിൽ സംസ്ഥാനം ചെലവഴിച്ച തുക പോലും കേന്ദ്രം നൽകിയിട്ടില്ല. ദുരന്തനിവാരണ ഫണ്ടില്‍ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവുമാണ് വകയിരുത്തുന്നത്.
ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് സമഗ്രമായ സാമ്പത്തിക സമീപനം വേണമെന്ന ആവശ്യം മുൻനിർത്തി ബജറ്റിൽ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നത്. രണ്ടാം പിണറായി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.
കേന്ദ്രസഹായമില്ലെങ്കിലും വയനാടിന് കരുതൽ
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും. കേന്ദ്രസഹായം കിട്ടുമെന്ന പ്രതീക്ഷയിൽ കേരളം മുൻകൂർ പണം നീക്കിവെച്ചാകും പുനരധിവാസ നീക്കങ്ങൾ. ഇനി കേന്ദ്ര സഹായം കിട്ടില്ലെങ്കിലും പുനരധിവാസ ദൗത്യത്തിന് സർക്കാർ സ്വയം പണം കണ്ടെത്തും. ഒരുവർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

