കേരളം 12,000 കോടി കൂടി കടമെടുക്കുന്നു; കടപ്പത്രങ്ങൾ ചൊവ്വാഴ്ച പുറത്തിറക്കും
text_fieldsതിരുവനന്തപുരം: കേന്ദ്രം അനുമതി നൽകിയതിന് പിന്നാലെ, 12,000 കോടി രൂപ വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങൾ ചൊവ്വാഴ്ച പുറത്തിറക്കും. കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ, കഴിഞ്ഞ ദിവസമാണ് അധിക വായ്പക്ക് അനുമതി ലഭിച്ചത്. അതേ സമയം ഏത് ഇനത്തിൽ ഉൾപ്പെടുത്തിയാണ് അനുവദിച്ചതെന്ന് വ്യക്തമല്ല. വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 0.5 ശതമാനം വായ്പയെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ ഇനത്തിലാണ് 12,000 കോടിയിൽ 5500 കോടിയുടെ അനുമതിയെന്ന് കരുതുന്നു. വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിലെ മുഴുവൻ തുകയും ഒപ്പം പ്രത്യേകാനുമതി ലഭിച്ച അധിക തുകയും കേരളം വായ്പയെടുത്തിരുന്നു. കടമെടുപ്പ് പരിധിയിൽ ശേഷിച്ചിരുന്ന 605 കോടിക്കായി കഴിഞ്ഞ ചൊവ്വാഴ്ച കടപ്പത്രമിറക്കിയിരുന്നു. ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനമാണ് കേരള ത്തിന് കടമെടുക്കാനാവുക. ഇതുപ്രകാരം വായ്പയെടുക്കാനാവുന്ന തുക 38,237 കോടിയാണ്. ഓണക്കാലത്തെ അധിക ചെലവുകൾ പരിഗണിച്ച് 4000 കോടി അധിക വായ്പക്ക് അനുമതി നൽകിയിരുന്നു. ഇതും നിലവിലെ 12,000 കോടിയും കൂടി ചേരുമ്പോൾ ഈ സാമ്പത്തിക വർഷം ആകെ കേന്ദ്രം അനുവദിച്ചത് 54,237 കോടിയുടെ വായ്പാനുമതിയാണ്.
സാമ്പത്തിക വർഷമവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. 26000 കോടി രൂപയാണ് സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി വേണ്ടത്. ഇതിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷൻ എന്നിവക്കായുള്ള തുക ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. ഇപ്പോൾ അനുവദിച്ച 12000 കോടി കൂടി കിട്ടുന്നതോടെ, വലിയ ആശ്വാസമാകുമെങ്കിലും ചെലവുകൾക്ക് പൂർണമായും തികയില്ല. സാമൂഹിക പെൻഷൻ 820 കോടിയും കരാറുകാരുടെ കുടിശ്ശിക ഇനത്തിൽ 3000 കോടിയും പ്ലാൻ ഫണ്ടിൽ 7500 കോടിയും വേണം. ബിവറേജസ് കോർപറേഷൻ, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങളിൽ നിന്ന് ധനസമാഹരണം നടത്തി മാർച്ച് മാസം കടന്നുകൂടാനാണ് സർക്കാർ ശ്രമം.
പ്രതിസന്ധി മറികടക്കുന്നതിന് യൂനിവേഴ്സിറ്റികൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലെ നീക്കിയിരിപ്പ്, പങ്കാളിത്ത പെൻഷൻ ഫണ്ടിൽ നിന്നുള്ള അധിക വായ്പ എന്നിവ ട്രഷറിയിലേക്ക് മാറ്റാൻ ധനവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.