ഒടുവിൽ കണ്ണന്താനത്തെ ‘സ്വീകരിക്കാൻ’ ബി.ജെ.പി സംസ്ഥാന നേതൃത്വം
text_fieldsതിരുവനന്തപുരം: ഒടുവിൽ അൽഫോൻസ് കണ്ണന്താനത്തിെൻറ മന്ത്രിസ്ഥാനം ബി.ജെ.പി സംസ്ഥാനഘടകം അംഗീകരിച്ചു; ഞായറാഴ്ച കേരളത്തിലെത്തുന്ന മന്ത്രിക്ക് വിവിധയിടങ്ങളിൽ സ്വീകരണം നൽകും. ബി.ജെ.പി സംസ്ഥാന നേതാക്കളിൽ പലരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് കണ്ണന്താനം കേന്ദ്ര ടൂറിസം-ഐ.ടി മന്ത്രിയായത്. അതിനാൽ, കണ്ണന്താനം മന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടപ്പോഴും സത്യപ്രതിജ്ഞ ചെയ്തപ്പോഴും പാർട്ടി സംസ്ഥാനത്ത് എവിടെയും ആഘോഷമൊരുക്കിയില്ല. കണ്ണന്താനത്തിെൻറ ജന്മദേശത്തല്ലാതെ മറ്റൊരിടത്തും ആഹ്ലാദപ്രകടനങ്ങൾ പോലും നടന്നില്ല.
ബി.ജെ.പി ആസ്ഥാനത്ത് ആളും ആരവവുമൊന്നുമുണ്ടായിരുന്നില്ല. ഇത് വിവാദമായതിനെ തുടർന്നാണ് കണ്ണന്താനത്തിെൻറ മന്ത്രിസ്ഥാനം അംഗീകരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത്. അതിെൻറ ഭാഗമായാണ് ഞായറാഴ്ച കേരളത്തിലെത്തുന്ന അൽഫോൻസ് കണ്ണന്താനത്തിന് വിവിധയിടങ്ങളിൽ സ്വീകരണം നൽകാനാണ് പാർട്ടി തയാറെടുക്കുന്നത്. മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തുന്ന കണ്ണന്താനെത്ത ഞായറാഴ്ച രാവിലെ 9.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരെൻറ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ സ്വീകരണം നൽകും.
അവിടെ നിന്ന് കോട്ടയം ജില്ല അധ്യക്ഷൻ എൻ. ഹരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിച്ച് ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് 1.30ന് നടക്കുന്ന റോഡ്ഷോ ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഒമ്പത്പഞ്ചായത്തുകളിലൂടെയും കടന്നുപോകുന്ന റോഡ്ഷോ കണ്ണന്താനത്തിെൻറ വീടിന് സമീപം മണിമലയിൽ സമാപിക്കും. കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണയോഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച സ്വകാര്യ ചടങ്ങിനായി കണ്ണൂരിലെത്തുന്ന മന്ത്രിക്ക് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. 12ന് കോട്ടയത്ത് തിരിെകയെത്തുന്ന മന്ത്രി വൈകീട്ട് തിരുനക്കര ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. 15ന് ജന്മനാട്ടിൽ മന്ത്രിക്ക് കാഞ്ഞിരപ്പള്ളി പൗരാവലി പൗരസ്വീകരണം ഒരുക്കുന്നുണ്ട്. അമൽ ജ്യോതി എൻജിനീയറിങ് കോളജ് ഒാഡിറ്റോറിയത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർമാത്യു അറയ്ക്കലിെൻറ അധ്യക്ഷതയിൽ ചേരുന്ന യോഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് നിലയ്ക്കൽ എക്യുമെനിക്കൽ കൗൺസിലിലെ ബിഷപ്പുമാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. 16ന് തിരുവനന്തപുരത്ത് എത്തുന്ന കണ്ണന്താനത്തിന് ബി.ജെ.പി സ്വീകരണം നൽകുന്നുണ്ട്. അന്ന് വൈകീട്ട് മന്ത്രി ഡൽഹിക്ക് മടങ്ങും. തിരുവനന്തപുരത്ത് എത്തുന്ന കണ്ണന്താനം കേരളത്തിലെ ടൂറിസം വികസനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.