മുസ്ലിം ലീഗിനെ ഉന്നംവെച്ച് ആക്രമണം, ക്രൈസ്തവരെ അടുപ്പിക്കും -കേരളം പിടിക്കാൻ ബി.ജെ.പിയുടെ ഫോർമുല
text_fieldsതൃശൂർ: കേരളത്തിൽ കാലുറപ്പിക്കാൻ ബി.ജെ.പിക്ക് പ്രത്യേക ഫോർമുല. തൃശൂരിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പരിപാടി തയാറാക്കി. ഇടതുമുന്നണി തുടങ്ങിവെച്ച മുസ്ലിം ലീഗിനെ ഉന്നംവെച്ചുള്ള ആക്രമണത്തിൽ ഒരു പടികൂടി കടന്ന നീക്കങ്ങൾക്കും സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തു. സംസ്ഥാനത്തിെൻറ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ വിഭാഗങ്ങളെ കൂടുതൽ അടുപ്പിക്കാൻ പരിപാടി തയാറാക്കും. യോഗത്തിൽ സ്ഥാനാർഥികളെ സംബന്ധിച്ച് ചർച്ചകളുണ്ടായില്ല. പക്ഷേ, താൻ മത്സര രംഗത്തുണ്ടാവില്ലെന്ന് സുരേന്ദ്രൻ യോഗത്തിൽ സൂചന നൽകി. ഇതോടൊപ്പം മുതിർന്നവരും പ്രമുഖരുമായ പലരും സ്ഥാനാർഥി പട്ടികയിൽ ഉണ്ടാവില്ലെന്നാണ് അറിയുന്നത്.
നേരത്തെ തെരഞ്ഞെടുപ്പുകളില്‍ നേതാക്കൾ കൂട്ടത്തോടെ സ്ഥാനാർഥികളായതിനാല്‍ പ്രചാരണം നയിക്കാന്‍ ആളില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥാനാർഥികളാവേണ്ടതില്ലെന്ന തീരുമാനം. സുരേന്ദ്രനെ കൂടാതെ ഒ. രാജഗോപാൽ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ മത്സര രംഗത്തേക്കില്ലെന്ന് നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.
സഭാ തർക്കങ്ങളടക്കം പ്രശ്നങ്ങളിൽ പ്രതിസന്ധി നേരിടുന്ന ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലേക്ക് കൂടുതൽ അടുക്കാനാണ് തീരുമാനം. സഭാ തർക്കത്തിൽ മിസോറം ഗവർണർ പി. ശ്രീധരൻ പിള്ളയിലൂടെ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടായത് ബി.ജെ.പിയെ സഭക്കുള്ളിൽ സ്വീകാര്യമാക്കിയിട്ടുണ്ട്. ഇതിനെ ഉപയോഗപ്പെടുത്തി കൂടുതൽ അടുക്കാനാണ് പദ്ധതി. സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ സഭാ പിന്തുണ ഉറപ്പാക്കും.
യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്‍ അധ്യക്ഷനായി. ഒ. രാജഗോപാല്‍ എം.എല്‍.എ, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭന്‍, കെ. രാമന്‍പിള്ള, കെ.വി. ശ്രീധരന്‍, എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, ബി. ഗോപാലകൃഷ്ണന്‍, സി. കൃഷ്ണകുമാര്‍, പി. സുധീര്‍, കെ.കെ. അനീഷ്‌കുമാർ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

