വിജ്ഞാനവും വ്യവസായവും ഒന്നിപ്പിക്കാൻ ‘നോളജ് വാലി’ വരുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ വ്യവസായ, നിക്ഷേപ മേഖലകളുമായി നേരിട്ട് ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ‘നോളജ് വാലി’കൾക്ക് (വിജ്ഞാന മേഖല) അനുമതി നൽകാൻ സ്വകാര്യ സർവകലാശാല നിയമത്തിൽ വ്യവസ്ഥ. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം, സാങ്കേതികവിദ്യ, നിക്ഷേപം, വിദേശ സർവകലാശാല കാമ്പസുകൾ എന്നിവയെ ഒറ്റ ഭൂപ്രദേശത്ത് കൂട്ടിച്ചേർത്ത്, വിജ്ഞാനാധിഷ്ഠിത സാമ്പത്തിക വളർച്ച സൃഷ്ടിക്കാനുള്ള പുതിയ വികസന മാതൃകയായാണ് നോളജ് വാലിയെ സർക്കാർ അവതരിപ്പിക്കുന്നത്. സ്വകാര്യ സർവകലാശാലകളുടെ സ്ഥാപനവും നിയന്ത്രണവും നോളജ് വാലിയുടെ വികസനവും ഒറ്റ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന ബിൽ ചൊവ്വാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിയമസഭയിൽ അവതരിപ്പിക്കും.
നിക്ഷേപത്തിനും നൂതന സാങ്കേതികവിദ്യക്കും പ്രത്യേക മേഖലകൾ നിർദേശിക്കുന്ന നോളജ് വാലിയിൽ, സംരംഭകർക്കായി നികുതി ഇളവുകളും ഏകജാലക അനുമതിയും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. വിവരസാങ്കേതികവിദ്യ, ഡീപ് ടെക്, ബയോടെക്നോളജി, സ്പോർട്സ് സയൻസ്, മറൈൻ ടെക്നോളജി, ഏവിയേഷൻ, എനർജി സ്റ്റഡീസ് തുടങ്ങിയ വിജ്ഞാന വ്യവസായങ്ങൾക്ക് പ്രത്യേക പരിഗണനയുണ്ടാകും.
പ്രത്യേക മേഖലകൾ; മാസ്റ്റർ പ്ലാൻ
നോളജ് വാലികൾക്കായി സർക്കാർ പ്രത്യേക പ്രദേശങ്ങൾ വിജ്ഞാപനം ചെയ്യും. ഓരോ മേഖലക്കും ഭൂവിനിയോഗം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, വ്യവസായങ്ങൾ, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിടം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയാറാക്കും. ഘട്ടംഘട്ടമായ വികസനമാണ് മേഖലയിൽ ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി അധ്യക്ഷനായി വികസന അതോറിറ്റി
നോളജ് വാലിയുടെ ആസൂത്രണത്തിനും വികസനത്തിനും നടത്തിപ്പിനും കേരള നോളജ് വാലി വികസന അതോറിറ്റി രൂപവത്കരിക്കും. മുഖ്യമന്ത്രിയായിരിക്കും ചെയർപേഴ്സൺ. ഉന്നത വിദ്യാഭ്യാസം, വ്യവസായം, ഐ.ടി, കായികം തുടങ്ങിയ വകുപ്പ് മന്ത്രിമാർ വൈസ് ചെയർപേഴ്സൺമാരാകും.
ചീഫ് സെക്രട്ടറി, ധനകാര്യം, ഉന്നത വിദ്യാഭ്യാസം, വ്യവസായം, ഐ.ടി. റവന്യൂ, തദ്ദേശ സ്വയംഭരണം, തൊഴിൽ, നിയമ വകുപ്പുകളുടെ സെക്രട്ടറിമാർ എക്സ് ഒഫീഷ്യേ അംഗങ്ങളാകുന്ന അതോറിറ്റിയിൽ ഇൻവെസ്റ്റ് കേരളം സെൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, അക്കാദമിക-വ്യവസായ-ഗവേഷണ മേഖലകളിൽനിന്ന് സർക്കാർ നാമനിർദേശം ചെയ്യുന്ന ഏഴ് വിദഗ്ധർ എന്നിവർ അംഗങ്ങളാകും.
നോളജ് വാലി പ്രദേശങ്ങളുടെ ആസൂത്രണം, വികസനം, വിപണനം, നടത്തിപ്പ് എന്നിവയെല്ലാം അതോറിറ്റിയുടെ ചുമതലയായിരിക്കും. അതോറിറ്റിക്ക് കീഴിൽ അക്കാദമിക ഉപദേശക സമിതി, ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ കമ്മിറ്റി, ഗ്രീവൻസ് റിഡ്രസ്സൽ കമ്മിറ്റി എന്നിവ ഉൾപ്പെടെ സംവിധാനങ്ങളും രൂപവത്കരിക്കും.
സർക്കാർ ഭൂമിയും പൂളിങ് വഴി സ്വകാര്യ ഭൂമിയും
നോളജ് വാലിക്കായി സർക്കാർ ഭൂമി അതോറിറ്റിക്ക് കൈമാറുകയോ പാട്ടത്തിന് നൽകുകയോ ചെയ്യാം. സ്വകാര്യ ഭൂമിയിൽ ഭൂവുടമകളുടെ സമ്മതത്തോടെയുള്ള ലാൻഡ് പൂളിങ്, ഭൂമി പുനഃക്രമീകരണം തുടങ്ങിയ സംവിധാനങ്ങളും അനുവദിക്കും. ഭൂമി നൽകുന്ന ഉടമകൾക്ക് വികസിപ്പിച്ച പ്ലോട്ടുകൾ, ആന്വിറ്റി അല്ലെങ്കിൽ മറ്റാനുകൂല്യങ്ങൾ നൽകാനുള്ള വ്യവസ്ഥകൾ പദ്ധതിയിൽ ഉൾപ്പെടുത്താം. എന്നാൽ, നിർബന്ധിത ഭൂമി ഏറ്റെടുക്കലിന് ബിൽ സ്വതന്ത്ര അധികാരം നൽകിയിട്ടില്ല.
നിക്ഷേപകരെ ആകർഷിക്കാൻ ഇളവുകൾ
നോജ് വാലിയിൽ വ്യവസായങ്ങൾ, നിക്ഷേപകർ എന്നിവയെ ആകർഷിക്കാൻ ഭൂമി, കെട്ടിടം എന്നിവയുടെ കൈമാറ്റം, പാട്ടം, പണയം എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ആദ്യ 10 വർഷത്തേക്ക് ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യാം. വൈദ്യുതി തീരുവയിൽ നിർദിഷ്ട കാലയളവിലേക്ക് റീ ഫണ്ട്, വസ്തു-കെട്ടിട നികുതിയിൽ ഇളവ്, തൊഴിൽ നികുതി ഇളവ്, സംസ്ഥാന ജി.എസ്.ടി വിഹിതത്തിന് തുല്യമായ ഇൻസെൻറിവ് എന്നിവയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
നോളജ് വാലി മേഖലകൾക്ക് പ്രത്യേക സാമ്പത്തിക മേഖല (എസ്.ഇ.ഇസഡ്)/ ഇൻറർനാഷനൽ ഫിനാൻഷ്യൽ സർവിസസ് സെൻറർ പദവികൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാറിൽനിന്ന് നികുതി, കസ്റ്റംസ്, ഐ.ജി.എസ്.ടി ഇളവുകൾ നേടും. ഇതിനുള്ള ഇടപെടൽ നടത്താൻ വികസന അതോറിറ്റിയെ ചുമതലപ്പെടുത്തും.
വിദേശ സർവകലാശാലകൾക്ക് അവസരം
വിദേശ സർവകലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകൾ നോളജ് വാലിയിൽ സ്ഥാപിക്കാം.
വിദേശ സ്ഥാപനങ്ങളും ഇന്ത്യൻ സർവകലാശാലകളും തമ്മിലെ സംയുക്ത സംരംഭങ്ങൾ, ട്വിന്നിങ് സംവിധാനങ്ങൾ, ഗവേഷണ സഹകരണം എന്നിവയും പ്രോത്സാഹിപ്പിക്കും.
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന കൊളാബറേറ്റീവ് സ്ഥാപനങ്ങൾക്ക് ബാധകമായ റെഗുലേറ്ററി ചട്ടങ്ങൾക്ക് വിധേയമായി പാഠ്യപദ്ധതി, അധ്യാപക നിയമനം, വിദ്യാർഥി പ്രവേശനം, ഫീസ് നിർണയം എന്നിവയിൽ സ്വയംഭരണം വിദേശ സർവകലാശാല കാമ്പസുകളിൽ അനുവദിക്കാനാണ് ബില്ലിലെ നിർദേശം. കേരളത്തിൽ സ്ഥിരതാമസമുള്ള അർഹരായ വിദ്യാർഥികൾക്കായി ഫീസ് ഇളവോ സ്കോളർഷിപ്പോ അടിസ്ഥാനമാക്കി നിശ്ചിത ശതമാനം സീറ്റുകൾ മാറ്റിവെക്കും.
60 ദിവസത്തിനകം അനുമതി; ഏകജാലക സംവിധാനം
നിക്ഷേപകർക്ക് വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് രൂപവത്കരിക്കും.
ഭൂവിനിയോഗം, കെട്ടിട നിർമാണം, അഗ്നിസുരക്ഷ, മലിനീകരണ നിയന്ത്രണം, തൊഴിൽ, വൈദ്യുതി, വെള്ളം തുടങ്ങിയ വിവിധ അനുമതികൾ ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കും. പൂർണമായ അപേക്ഷയിൽ 60 ദിവസത്തിനകം തീരുമാനം അറിയിക്കാത്ത സാഹചര്യങ്ങളിൽ നിയമത്തിലെ നിബന്ധനകൾക്കും തുടർ പരിശോധനക്കും വിധേയമായി കൽപ്പിത അംഗീകാരം നൽകുന്ന സംവിധാനവും ബിൽ നിർദേശിക്കുന്നു.

