കണ്ണേ കരളേ വിഎസ്സേ... വിപ്ലവസൂര്യന് കണ്ണീരോടെ വിടചൊല്ലി കേരളം; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. എസ്.യു.ടി ആശുപത്രിയിൽനിന്ന് വി.എസിന്‍റെ മൃതദേഹം ആംബുലൻസിൽ തിരുവനന്തപുരത്തെ എ.കെ.ജി പഠന കേന്ദ്രത്തിലെത്തിച്ചു.
പ്രിയനേതാവിനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. പൊതുദർശനത്തിന് ശേഷം രാത്രി 12 മണിയോടെ ഭൗതികദേഹം ബാർട്ടൻ ഹില്ലിലെ വേലിക്കകത്തെ വസതിയിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. എല്ലാവര്‍ക്കും പൊതുദര്‍ശനത്തിന് അവസരമൊരുക്കും. ഉച്ചക്കുശേഷം ദേശീയപാത വഴി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് ജില്ല കമ്മിറ്റി ഓഫിസിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് അനുവദിക്കും. ഉച്ചക്കുശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും.
പട്ടം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വി.എസിന്‍റെ അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വി.എസിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആദരസൂചകമായി സംസ്‌ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും ജൂലൈ 22 (ചൊവ്വാഴ്ച) അവധിയായിരിക്കുമെന്ന് സർക്കാർ അറിയിപ്പിൽ പറഞ്ഞു. നാളെ മുതൽ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം നടത്തും. ഈ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

