കേരള ബാങ്ക്: പുരോഗതിയുടെ ഏഴു വർഷങ്ങൾ
text_fieldsപി. മോഹനൻ മാസ്റ്റർ (പ്രസിഡന്റ്, കേരള ബാങ്ക്)
2019 നവംബർ 29ന് നിലവിൽ വന്ന കേരള ബാങ്ക് ഏഴുവർഷം പിന്നിടുമ്പോൾ സംസ്ഥാനത്തിന്റെ സഹകരണ മേഖലക്ക് വലിയ കരുത്തായി മാറിയിരിക്കുകയാണ്. പ്രഫഷനൽ മികവോടെയുള്ള ജനകീയ ബാങ്കിങ് ബദൽ എന്ന ലക്ഷ്യത്തോടെ ഡോ. എം.എസ്. ശ്രീറാം കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നിരവധി നിയമതടസ്സങ്ങളും പ്രതിസന്ധികളും അതിജീവിച്ചാണ് 13 ജില്ല സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചത്. പിന്നീട് മലപ്പുറം ജില്ല ബാങ്ക് 2023ൽ ലയിച്ചു.
ബാങ്ക് പ്രവർത്തനം തുടങ്ങിയത് 1,151 കോടി രൂപ നഷ്ടത്തിലും 23 ശതമാനം നിഷ്ക്രിയ ആസ്തിയോടെയുമാണ്. എന്നാൽ, പിണറായി വിജയൻ നയിച്ച ഇടതുമുന്നണി സർക്കാറിന്റെ പിന്തുണയോടെ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നിഷ്ക്രിയ ആസ്തി 9.5 ശതമാനമായി കുറക്കാനും മൊത്തം ബിസിനസ് 1.30 ലക്ഷം കോടി രൂപയിലേറെയായി ഉയർത്താനും സാധിച്ചു. 823 ശാഖകളുള്ള കേരള ബാങ്ക് ഇന്ന് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ശാഖാശൃംഖലയുള്ള ബാങ്കും രാജ്യത്തെ ഏറ്റവും വലിയ സഹകരണ ബാങ്കുമാണ്. ലോകത്തെ 300 വലിയ സഹകരണ സ്ഥാപനങ്ങളുടെ പട്ടികയിലും ബാങ്ക് ഇടംനേടി.
ലയനത്തിലൂടെ ജില്ല ബാങ്ക് എന്ന ഇടത്തട്ട് ഇല്ലാതായതോടെ കിസാൻ ക്രെഡിറ്റ് വായ്പാ പലിശ നാല് ശതമാനത്തിൽനിന്ന് മൂന്ന് ശതമാനമായി കുറഞ്ഞു. നബാർഡ് വായ്പകൾ മൂന്നിരട്ടിയോളം വർധിപ്പിക്കാനും കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ശതമാനം പലിശക്ക് വായ്പ നൽകാനും സാധിച്ചു. ഒരു ലക്ഷത്തിലേറെ സംരംഭകർക്ക് വായ്പകളും പി.എസ്.സി വഴി ആയിരത്തോളം നിയമനങ്ങളും ഏകീകൃത കോർ ബാങ്കിങ് സംവിധാനവും നടപ്പാക്കി.ആർ.ബി.ഐയുടെ കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ, ലയന നടപടികൾ റദ്ദാക്കി ജില്ല ബാങ്കുകൾ പുനഃസ്ഥാപിക്കുമെന്ന വാദങ്ങൾ അപ്രായോഗികവും സഹകരണ മേഖലക്ക് വിനാശകരവുമാണ്. ആസ്തി-ബാധ്യതകളുടെ വിഭജനവും ജീവനക്കാരുടെ പുനഃക്രമീകരണവും വലിയ നിയമക്കുരുക്കുകൾക്ക് ഇടയാക്കും. സഹകരണ തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ച് കേരളത്തിന്റെ വികസന മുൻഗണനകൾക്കൊപ്പം കേരള ബാങ്ക് ശക്തമായി മുന്നോട്ട് പോകും.

