അഞ്ച് വർഷം; ഒറ്റത്തവണ കെട്ടിട നികുതിയായി ഖജനാവിലെത്തിയത് 1122 കോടി
text_fieldsകൊച്ചി: സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടെ ഒറ്റത്തവണ കെട്ടിട നികുതിയായി പിരിച്ചെടുത്തത് 1,122.45 കോടി രൂപ. 2021-22 സാമ്പത്തിക വർഷം മുതൽ 2025-26 വരെയുള്ള കാലയളവിലെ കണക്കുകളാണിത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം തുക ഈയിനത്തിൽ സർക്കാർ ഖജനാവിലെത്തിയത്. ഇ
വിടെ 209.38 കോടി രൂപ അഞ്ചു വർഷത്തിനിടെ പിരിച്ചെടുത്തതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2025-26 കാലയളവിൽ മാത്രം ജില്ലയിൽ 159.57 കോടി രൂപ ഒറ്റത്തവണ കെട്ടിട നികുതിയായി പിരിച്ചെടുത്തു. 200 കോടിക്കു മുകളിലേക്ക് മുന്നേറാൻ മറ്റു ജില്ലകൾക്കൊന്നും കഴിഞ്ഞിട്ടില്ല. നികുതി പിരിവിൽ രണ്ടാം സ്ഥാനത്തുള്ളത് ഇക്കാലയളവിൽ 149.53 കോടി രൂപ സമാഹരിച്ച എറണാകുളം ജില്ലയാണ്. 130.76 കോടി പിരിച്ചെടുത്ത് കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി.
വയനാട് ജില്ലയാണ് നികുതി സമാഹരണത്തിൽ ഏറ്റവും പിന്നിൽ. ഇക്കാലയളവിൽ ആകെ 28.85 കോടി മാത്രമേ ജില്ലക്ക് സമാഹരിക്കാനായുള്ളൂ. 29.94 കോടി സമാഹരിച്ച ഇടുക്കിയും 33.24 കോടി പിരിച്ചെടുത്ത കാസർകോടുമാണ് പിന്നിലുള്ള മറ്റു ജില്ലകൾ. അഞ്ചു വർഷത്തിനിടെ ഏറ്റവും ഉയർന്ന തുക പിരിച്ചെടുത്തത് 2025-26 കാലഘട്ടത്തിലാണ്-305.55 കോടി രൂപ.
2023-24 കാലയളവിൽ 229.20 കോടിയും 2022-23 കാലത്ത് 213.10 കോടിയും സമാഹരിച്ചു. 211.36 കോടി രൂപയാണ് 2024-25 വർഷം പിരിച്ചെടുത്തത്. ഏറ്റവും കുറവ് നികുതി പിരിവ് നടന്നത് 2021-22 കാലയളവിലാണെന്നും കാസർകോട് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ മുഹമ്മദ് അഷ്റഫിന് ലാൻഡ് റവന്യൂ കമീഷണറുടെ കാര്യാലയത്തിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.
ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ പരിധികളിൽ 100 ചതുരശ്ര മീറ്റർ വരെയുള്ള താമസ കെട്ടിടങ്ങൾക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്. അതിനു മുകളിലുള്ളവക്ക് വിസ്തീർണത്തിന് അനുസൃതമായി നിശ്ചിത സ്ലാബുകളിലാണ് നികുതി ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

