നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
text_fieldsസൂചനാ ചിത്രം
തിരുവനന്തപുരം: വിട്ടുവീഴ്ചക്ക് തയാറാകാതെ സർക്കാറും പ്രതിപക്ഷവും നിലപാട് കടുപ്പിച്ചതോടെ ശേഷിക്കുന്ന എട്ടുദിവസത്തെ അജണ്ടകളെല്ലാം ഗില്ലറ്റിൻ ചെയ്ത് (ചർച്ചയില്ലാതെ ബില്ലുകൾ കൂട്ടത്തോടെ പാസാക്കൽ) നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. വിവിധ വകുപ്പുകളുടെ ശേഷിക്കുന്ന ധനാഭ്യർഥനകൾ, ധനകാര്യ-ധനവിനിയോഗ ബില്ലുകൾ, പൊതുജനാരോഗ്യ ബിൽ, പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി ഭേദഗതി ബിൽ, സ്വകാര്യ വനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചുനൽകലും ബിൽ എന്നിവയാണ് സഭ ഇന്നലെ ചർച്ചയില്ലാതെ പാസാക്കിയത്.
രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾതന്നെ ടി.ജെ. വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, എ.കെ.എം. അഷ്റഫ്, കുറുക്കോളി മൊയ്തീൻ എന്നീ അംഗങ്ങൾ നടുത്തളത്തിൽ സത്യഗ്രഹം തുടങ്ങുകയാണെന്ന് പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചു. ഒപ്പം മറ്റ് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. സീറ്റിലേക്ക് മടങ്ങണമെന്ന് സ്പീക്കർ പലതവണ ആവശ്യപ്പെട്ടിട്ടും അവർ വഴങ്ങിയില്ല. ബഹളത്തിനിടയിലും ചോദ്യോത്തര വേളയുമായി സ്പീക്കർ മുന്നോട്ടുപോയി.
ഒരു മണിക്കൂർ നീളുന്ന ചോദ്യോത്തരവേള അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ, പ്രതിപക്ഷം വിട്ടുവീഴ്ചക്ക് തയാറാകാത്ത സാഹചര്യത്തിൽ ചോദ്യോത്തരവേള അവസാനിപ്പിക്കുന്നതായി സ്പീക്കർ അറിയിച്ചു. ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങളുടെയും സബ്മിഷനുകളുടെയും ഉത്തരങ്ങൾ മേശപ്പുറത്ത് വെക്കാൻ ബന്ധപ്പെട്ട മന്ത്രിമാരോട് നിർദേശിച്ചശേഷം ചൊവ്വാഴ്ച സഭയുടെ പരിഗണനക്ക് വരേണ്ട ധനാഭ്യർഥനകൾ അവതരിപ്പിക്കാനും മന്ത്രിമാരെ ക്ഷണിച്ചു. സബ്ജക്ട് കമ്മിറ്റി ശിപാർശ ചെയ്തപ്രകാരമുള്ള സ്റ്റേറ്റ്മെന്‍റ് ധനമന്ത്രിയും സമർപ്പിച്ചു. ഇവയെല്ലാം ചർച്ചകൂടാതെ സഭ അംഗീകരിച്ചശേഷമാണ് ശേഷിക്കുന്ന എട്ടുദിവസത്തെ അജണ്ടകൾ ഗില്ലറ്റിൻ ചെയ്തത്.
വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകളും ധനകാര്യ-ധനവിനിയോഗ ബില്ലുകളും അവതരിപ്പിക്കുകയും സഭ അംഗീകരിക്കുകയും ചെയ്തു. പിന്നാലെ, പൊതുജനാരോഗ്യ ബിൽ മന്ത്രി വീണ ജോർജും പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി ഭേദഗതി ബിൽ മന്ത്രി എം.ബി. രാജേഷും അവതരിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ പാസാക്കി. മന്ത്രി എ.കെ. ശശീന്ദ്രൻ അവതരിപ്പിച്ച സ്വകാര്യ വനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചുനൽകലും സംബന്ധിച്ച ബില്ലും അംഗീകരിച്ചു. ഒറ്റയടിക്ക് ബില്ലുകൾ പാസാക്കുന്നത് ഉൾപ്പെടെ സഭ നടപടികൾ പുരോഗമിക്കുമ്പോഴും പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധം തുടർന്നു.
മുൻ എം.എൽ.എ സി.പി. കുഞ്ഞിന്‍റെ മരണത്തിൽ അനുശോചിച്ച് സ്പീക്കർ സംസാരിക്കാൻ തുടങ്ങിയതോടെ പ്രതിപക്ഷാംഗങ്ങൾ ഇരിപ്പിടങ്ങളിലേക്ക് മടങ്ങി. ചരമോപചാരത്തിന് പിന്നാലെ വീണ്ടും നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നു. ഇതോടെ അജണ്ടകളെല്ലാം പൂർത്തിയായതിനാൽ സമ്മേളനം അവസാനിപ്പിക്കാമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു.
എന്താണ് ഗില്ലറ്റിൻ
ചർച്ചയില്ലാതെ ശബ്ദവോട്ടോടെ ധനാഭ്യർഥനകളും ധന വിനിയോഗ ബില്ലും കൂട്ടത്തോടെ പാസാക്കുന്ന രീതിയാണ് ‘ഗില്ലറ്റിൻ’. ചർച്ചയില്ലാതെ പാസാക്കുന്ന ധനാഭ്യർഥനയുടെ കൂട്ടത്തിൽ ചർച്ച ചെയ്യേണ്ടതുകൂടി ഉൾപ്പെടുത്തും. ധനബിൽ സാധാരണ ഗില്ലറ്റിൻ ചെയ്യാറില്ല. സഭയിൽ അവതരിപ്പിച്ചാൽതന്നെ 180 ദിവസം വരെ കാലാവധി ലഭിക്കും. നേരത്തേ 120 ദിവസം ആയിരുന്നത് കോവിഡ് കാലത്താണ് 180 ദിവസമാക്കി ദീർഘിപ്പിച്ചത്. എന്നാൽ, ഇക്കുറി ധനബില്ലും ഗില്ലറ്റിൻ ചെയ്തു.
നിയമനിർമാണവുമായി ബന്ധപ്പെട്ട ബില്ലുകളിൽ അന്നത്തെ ദിവസം പരിഗണിക്കുന്ന ബില്ലുകളാണ് സാധാരണ ചർച്ചയില്ലാതെ പാസാക്കുന്നത്. മറ്റു ദിവസങ്ങളിൽ പരിഗണിക്കേണ്ട ബില്ലുകൾ ഗില്ലറ്റിൻ ചെയ്യുന്നത് കേരള ചരിത്രത്തിൽ ആദ്യമാണ്. പുതിയ കീഴ്വഴക്കമാണ് ഇതിലൂടെ ഉണ്ടായത്. ഗില്ലറ്റിൻ ചെയ്ത പൊതുജനാരോഗ്യ ബില്ലിൽ സഭ നേരത്തെ പരിഗണിച്ച 82 വകുപ്പുകളിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതാണ് സഭ വീണ്ടും ചർച്ച ചെയ്യാതെ പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

