സ്വർണക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിന് അനുമതി; ഒരുമണിക്ക് ചർച്ച
text_fieldsതിരുവനന്തപുരം: നിയമ സഭയിൽ രണ്ടാം ദിനം സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി. ഷാഫി പറമ്പിൽ എം.എൽ.എയാണ് നോട്ടീസ് നൽകിയത്. സ്വപ്നയുടെ രഹസ്യ മൊഴി തിരുത്തിക്കാൻ നീക്കം നടന്നു. വിജിലൻസ് ഡയറക്ടറേയും ഇടനിലക്കാരനേയും ഇതിനായി ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസിൽ കാണിച്ചിരിക്കുന്നത്.
ചോദ്യോത്തരവേള കഴിഞ്ഞ ഉടൻ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ വായിച്ചു. അതിനു ശേഷം മഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകാൻ എഴുന്നേറ്റു. ഇത് നേരത്തെ ചർച്ച ചെയ്ത വിഷയമാണ്. എങ്കിലും നിയമ സഭയിൽ ചർച്ച ചെയ്യാമെന്ന് നിലപാട് അദ്ദേഹം സ്വീകരിച്ചു. ഉച്ചക്ക് ഒരു മണിക്ക് ചർച്ച നടത്താമെന്ന് സ്പീക്കർ അറിയിച്ചു. രണ്ടു മണിക്കൂറാണ് ചർച്ചക്ക് സമയം അനുവദിച്ചത്.
തുടർന്ന് ശ്രദ്ധക്ഷണിക്കൽ നടക്കുകയാണ്. ബഫർ സോണുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ശ്രദ്ധക്ഷണിക്കൽ. പാറശ്ശാല എം.എൽ.എ സി.കെ ഹരീന്ദ്രനാണ് ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചത്. അതിന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ മറുപടി നൽകുകയാണ്. ഒരു ശ്രദ്ധക്ഷണിക്കൽ കൂടിയുണ്ട്. അതിനു ശേഷം സബ്മിഷനിലേക്ക് കടക്കും.
പിന്നീട് ധനാഭ്യർഥന ചർച്ച നടക്കും. അതിനു ശേഷം അടിയന്തര പ്രമേയ ചർച്ചയും ശേഷം ധനാഭ്യർഥന ചർച്ച തുടരുകയും ചെയ്യും.
അതിനിടെ പ്രതിപക്ഷ എം.എൽ.എമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കാണിച്ച് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി. പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രതിപക്ഷ എം.എൽ.എമാർ സഭാ നടപടികൾ മൊബൈലിൽ പകർത്തുകയും മാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയത് സഭാ ചട്ടത്തിന് എതിരാണെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

