നിയമസഭ തെരഞ്ഞെടുപ്പ്: മാർച്ച് ആദ്യം വിജ്ഞാപനമുണ്ടായേക്കും, കലക്ടർമാരുടെ യോഗം ചേർന്നു
text_fieldsതിരുവനന്തപുരം: എസ്.ഐ.ആർ നടപടികൾ പുരോഗമിക്കുന്നതിനിടെ, സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ആദ്യഘട്ടത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ (സി.ഇ.ഒ) നേതൃത്വത്തിൽ കലക്ടർമാരുടെയും ജില്ല പൊലീസ് മേധാവിമാരുടെയും യോഗം ഓൺലൈനായി ചേർന്നു. തെരഞ്ഞെടുപ്പ് ചുമതലയുള്ള എ.ഡി.ജി.പിയും യോഗത്തിൽ പങ്കെടുത്തു. ഓരോ ജില്ലയിലെയും ബൂത്ത് എണ്ണമനുസരിച്ച് നിയോഗിക്കേണ്ട ഉദ്യോഗസ്ഥരുടെയും സുരക്ഷ ജീവനക്കാരുടെയും എണ്ണം, മറ്റ് സൗകര്യങ്ങൾ, സാങ്കേതിക ക്രമീകരണങ്ങൾ എന്നിവ നിശ്ചയിക്കൽ, ജില്ലയിലെ പൊതുസ്ഥിതിഗതി വിലയിരുത്തൽ എന്നിവയായിരുന്നു പ്രധാന അജണ്ട.
സാധാരണ ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അതത് ജില്ലയിലെ പൊലീസും ഭരണകൂടവും തയാറാക്കുന്ന രണ്ട് പട്ടികകൾ കമീഷനിലേക്ക് അയക്കാറുണ്ട്. ഇത് ആശയക്കുഴപ്പത്തിനും ഇടയാക്കാറുണ്ട്. ഈ സാഹചര്യത്തിൽ കലക്ടറും ജില്ല പൊലീസ് മേധാവിയും ആശയവിനിമയം നടത്തി ഒറ്റ പട്ടിക നൽകാൻ നേരത്തെ നിർദേശം നൽകിയിരുന്നു. ജില്ലകളിൽനിന്ന് സമാഹരിച്ച വിവരങ്ങൾ സി.ഇ.ഒ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറും.
കേരളമടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർമാരുടെ യോഗം ഈ മാസം അഞ്ചിന് ഡൽഹിയിൽ നടക്കും. സി.ഇ.ഒക്ക് പുറമേ തെരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പിയും പങ്കെടുക്കും. മാർച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടിങ് യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന തുടങ്ങി. ഭാരത് ഇലക്ട്രോണിക്സിലെ എൻജിനീയർമാരാണ് യന്ത്രങ്ങൾ പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കമീഷൻ കടന്ന പശ്ചാത്തലത്തിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ശനിയാഴ്ചകളിൽ ചേരുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗം നിർത്തി. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുംമുമ്പ് ആവശ്യമെങ്കിൽ യോഗം ചേരാമെന്നാണ് ധാരണ. സി.ഇ.ഒ ഓഫിസിലെ അഡീഷനൽ സെക്രട്ടറിമാരടക്കം ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി നിയോഗിക്കുന്ന സാഹചര്യത്തിലാണ് പ്രതിവാര യോഗം ഒഴിവാക്കിയത്.
2026 ഫെബ്രുവരി 21നാണ് എസ്.ഐ.ആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. ഇതുപ്രകാരമാകും തെരഞ്ഞെടുപ്പ്. സംസ്ഥാനത്ത് എസ്.ഐ.ആറിന് സമാന്തരമായി ബൂത്ത് പുനഃക്രമീകരണവും നടന്നിരുന്നു. ഒരു ബൂത്തിൽ പരമാവധി 1150 പേരെ ഉൾപ്പെടുത്തിയാണ് പുനഃക്രമീകരിച്ചത്. ഇതുപ്രകാരം പുതുതായി വന്ന 5003 എണ്ണമടക്കം 30,044 ബൂത്തുകളാണ് ഉണ്ടാവുക. കോവിഡ് സാഹചര്യത്തിൽ, പ്രധാന ബൂത്തുകൾക്ക് (25,041) പുറമേ ഓക്സിലറി ബൂത്തുകൾ (15,730) ഉൾപ്പെടെ 40,771 ബൂത്തുകളാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

