‘മുഖ്യമന്ത്രി തിരച്ചിൽ: കാലാവസ്ഥ മോശമായതിനാൽ ഇന്നലെ നിർത്തി, ഇന്ന് പുനരാരംഭിച്ചു’ -പരിഹാസവുമായി ബിനീഷ് കോടിയേരി
text_fieldsകണ്ണൂർ: ഫലംവന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ തമ്മിലടി തുടരുന്ന കോൺഗ്രസിനെ പരിഹസിച്ച് ബിനീഷ് കോടിയേരി. കേരളത്തിനൊപ്പം ഫലംപ്രഖ്യാപിച്ച തമിഴ്നാട്ടിൽ ഇന്ന് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിലാണ് കുറിപ്പ്.
‘തമിഴ്നാട്ടിൽ ഇനി ദളപതി ഭരണം. മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. അതെ സമയം കാലാവസ്ഥ മോശമായതിനെ തുടർന്ന് ഇന്നലെ നിർത്തിവെച്ച കേരള മുഖ്യമന്ത്രിക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചിട്ടുണ്ട്’ -ബിനീഷ് ഫേസ്ബുക് കുറപ്പിൽ പറഞ്ഞു.
കേരള മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ താഴെത്തട്ടിൽ നിരവധി തവണ നടത്തിയ ചർച്ചകൾക്കൊടുവിൽ, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്നാണ് അന്തിമ തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി ശനിയാഴ്ച വൈകീട്ട് ഖാർഗെയുടെ വസതിയിൽ രാഹുലും ഖാർഗെയും ഒറ്റക്കും കൂട്ടായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ചർച്ചക്കൊടുവിൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ, തങ്ങൾക്കുവേണ്ടി നടത്തുന്ന ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും ഫ്ലക്സ് പോരുകളും അവസാനിപ്പിക്കണമെന്ന് മൂവരും ആവശ്യപ്പെട്ടു. മത്സരരംഗത്ത് ഉറച്ചുനിൽക്കുന്ന മൂവരും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നാണ് പ്രതികരിച്ചത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയുമായും ഘടകകക്ഷികളുമായുമുള്ള ചർച്ച പൂർത്തിയാക്കിയതിനാൽ പ്രഖ്യാപനമാണിനി ബാക്കി. സതീശൻ ഇന്നലെ രാത്രി 10 മണിക്കുതന്നെ കേരളത്തിലേക്ക് മടങ്ങിയിരുന്നു.
ശനിയാഴ്ച പുലർച്ചെ ഒരേ വിമാനത്തിൽ ഡൽഹിയിൽ വന്നിറങ്ങിയ സതീശൻ, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, ഡൽഹിയിൽതന്നെയുണ്ടായിരുന്ന വേണുഗോപാൽ എന്നിവരെ വൈകീട്ട് നാല് മണിക്കാണ് ഖാർഗെയുടെ വസതിയിലേക്ക് വിളിപ്പിച്ചത്. രാഹുൽ ഗാന്ധിയും എത്തിച്ചേർന്നു. നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്, കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി എന്നിവരെ ആദ്യം കൂടിക്കാഴ്ചക്ക് വിളിച്ചു. ശേഷം ഒറ്റക്കുള്ള കൂടിക്കാഴ്ച. ആദ്യം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പിന്നാലെ രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിങ്ങനെ. പറയാനുള്ളത് കേട്ടതിന് പുറമെ ഓരോരുത്തരെയും കുറിച്ചുള്ള പരാതികളിൽ മറുപടിയും തേടി.
സീനിയോറിറ്റിയും ഭരണപാടവവും മുൻനിർത്തി രമേശ് ചെന്നിത്തല അവകാശവാദം മുന്നോട്ടുവെച്ചപ്പോൾ, എം.എൽ.എമാരുടെ പിന്തുണയുടെ ബലത്തിൽ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന വാദമാണ് കെ.സി. വേണുഗോപാൽ നടത്തിയത്. അതേസമയം, ടീം യു.ഡി.എഫ് എന്ന നിലക്ക് മുന്നണിയെ നയിച്ച തനിക്കാണ് അർഹതയെന്ന് വാദിച്ച സതീശൻ, അന്തിമ തീരുമാനമെടുക്കുംമുമ്പ് ഘടകകക്ഷികളോട് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.
മൂവർക്കും പറയാനുള്ളത് കേട്ട ശേഷവും, രാഹുലും ഖാർഗെയും മനസ്സു തുറന്നില്ല. ശേഷം എല്ലാവരെയും ഒരുമിച്ചിരുത്തി നടത്തിയ ചർച്ചയിലാണ്, വിജയത്തിന്റെ ശോഭ കെടുത്തുന്ന നിലവിട്ട പ്രകടനങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിക്കാൻ ആവശ്യപ്പെടാൻ തീരുമാനിച്ചത്. മൂന്നു മണിക്കൂർ നീണ്ട യോഗത്തിനു ശേഷം മൂന്നു നേതാക്കളും പുറത്തെത്തി. അന്തിമ തീരുമാനം വൈകില്ലെന്ന് വ്യക്തമാക്കിയ ദീപദാസ് മുൻഷി, അത് എപ്പോഴാണെന്ന് പറഞ്ഞില്ല. ശനിയാഴ്ച പുലർച്ചെ ഡൽഹിയിലെത്തിയ വി.ഡി. സതീശന് കേന്ദ്ര സർവകലാശാല വിദ്യാർഥികൾ വരവേൽപ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

