Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ജനത്തെ...

‘ജനത്തെ തെറ്റിധരിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴയല്ല, വയനാടിന്റെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരമാണ് വേണ്ടത്’

text_fields
bookmark_border
‘ജനത്തെ തെറ്റിധരിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴയല്ല, വയനാടിന്റെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരമാണ് വേണ്ടത്’
cancel

കൽപറ്റ: വയനാടിന്റെ ജീവൽ പ്രശ്നങ്ങളുടെ പരിഹാരത്തിന്ന് മതിയായ ഉറപ്പ് രാഷ്ട്രീയ മുന്നണികളിൽ നിന്നും സ്ഥാനാർഥികളിൽനിന്നും വാങ്ങിയ ശേഷമേ വോട്ടു ചെയ്യു എന്ന് വയനാടൻ ജനത പ്രഖ്യാപിക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും മാഫിയകളുടെ പ്രേരണക്ക് വഴങ്ങി അപ്രായോഗികവും ഒരിക്കലും നിറവേറ്റാൻ സാധിക്കാത്തതുമായ വികസന വാഗ്ദാനങ്ങൾ നൽകി ജനക്കൂട്ടത്തെ അഭിരമിപ്പിക്കുന്ന പതിവുരീതി പാർട്ടികളും സ്ഥാനാർഥികളും അവസാനിപ്പിക്കണം. ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴയല്ല, വയനാടിന്റെ ജീവന്മരണ പ്രശ്നങ്ങൾക്ക് വ്യക്തമായ പരിഹാരമാണ് ഉണ്ടാവേണ്ടത്.

മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ യുക്തിപൂർവവും സമയബന്ധിതവുമായ പരിഹാരം, മെഡിക്കൽ കോളജ് നിർമാണം, ചുരം റോഡുകളിലെ ഗതാഗതക്കുരുക്ക്, കാർഷിക മേഖലയുടെ പുനരുജ്ജീവനം, ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ഭൂപ്രശ്നം തുടങ്ങിയ ജീവൽ പ്രശ്നങ്ങളിൽ സ്ഥാനാർഥികൾ ഉറപ്പ് നൽകണം. തെരഞ്ഞെടുപ്പ് അജണ്ട മാഫിയ-ഗൂഢ സംഘങ്ങൾ ഹൈജാക്ക് ചെയ്യുന്ന പതിവ് വയനാട്ടിൽ ദശാബ്ദങ്ങളായി നിലനിൽക്കുന്നുണ്ട്. അത് ഇത്തവണ ജനങ്ങൾ മാറ്റണം.

വന്യമൃഗ സംഘർഷങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് നാലു ലക്ഷം രൂപയുടെ വർധന ഈയിടെ സർക്കാർ പ്രഖ്യാപിച്ചത് മിതമായ ഭാഷയിൽ പറഞ്ഞാൽ കർഷകരെ കൊഞ്ഞനം കുത്തലാണ്. ഇതിനെക്കുറിച്ച് ഒരു പാർട്ടിയും പ്രതികരിച്ചിട്ടില്ല. ചുരുങ്ങിയത് 30 ലക്ഷം രൂപയും പങ്കാളികൾക്ക് ആജീവനാന്ത പെൻഷനും മക്കളുടെ വിദ്യാഭ്യാസവും സ്റ്റേറ്റ് ഏറ്റെടുക്കണം. കൊല്ലപ്പെടുന്ന ആദിമനിവാസികളുടെ ആശ്രിതർക്ക് സർക്കാർ സ്ഥിരം ജോലി നൽകണം. കർഷകർക്കു നൽകി വരുന്ന വിളനഷ്ടങ്ങൾക്ക് ഇപ്പോൾ നൽകുന്നതിന്റെ നാലിരട്ടി നഷ്ടപരിഹാരം നൽകണം. കൃഷിഭൂമി സ്വയം സംരക്ഷിക്കുന്നവർക്ക് സബ്സിഡി നൽകണം. ഇതിനുള്ള ഫണ്ട് ബജറ്റിൽ വകയിരുത്തണം.

മെഡിക്കൽ കോളജിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു പതിറ്റാണ്ടായിട്ടും മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ഉപേക്ഷിച്ച് വനഭൂമിക്കും സ്വകാര്യഭൂമിക്കും വേണ്ടി നെട്ടോട്ടം ഓടി ജനത്തെ കമ്പളിപ്പിക്കുന്ന കാപട്യത്തെ വയനാട്ടുകാർ ഈ തെരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യണം. വയനാട്ടിൽ കൽപറ്റയിലും ബത്തേരിയിലും സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങുന്നതിനെക്കുറിച്ച് നേതാക്കളോട് ചോദിക്കണം.

കള്ളാടി - ആനക്കാംപൊയിൽ തുരങ്കമുണ്ടാക്കാനുള്ള ജനവികാരം ഉണർത്താനായി ചുരം റോഡുകളിലെ ഗതാഗതക്കുരുക്ക് പരമാവധി വർധിപ്പിക്കാനാണ് സർക്കാറും ഗൂഢസംഘങ്ങളും ശ്രമിക്കുന്നത്. വയനാടിന്റെ ഗതാഗത പ്രശ്നം പത്തോ ഇരുപതോ വർഷം കഴിഞ്ഞാൽ പരിഹാരമായാൽ മതിയോ, അതല്ല പെട്ടെന്ന് പരിഹരിക്കണോ എന്ന് രാഷ്ട്രീയ മുന്നണികൾ വ്യക്തമാക്കണം.

വയനാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ, തൊണ്ണൂറുശതമാനത്തിന്റെ ഉപജീവന മാർഗമായ കൃഷിയെ നിലനിർത്താനുള്ള സമഗ്ര പദ്ധതി ഒരു മുന്നണിയും ജനങ്ങൾക്ക് മുമ്പിൽ വെച്ചിട്ടില്ല. മണ്ണിന്റെ മക്കളായ ആദിമ ജനത സ്വന്തം ജന്മഭൂമിയിൽ അഭയാർഥികളാണിന്ന്. തോട്ടങ്ങളിൽ അടിമ ജീവിതം നയിക്കുന്ന തൊഴിലാളികളുടെ പ്രശ്നപരിഹാരത്തെക്കുറിച്ച് യൂനിയൻ നേതാക്കളായ രാഷ്ടീയക്കാർക്ക് പോലും വേവലാതിയില്ല. സർക്കാറിന് ഉടമസ്ഥതയും അവകാശവും ഉണ്ടെന്ന് കോടതികൾ വിധി നൽകിയ ഒന്നരലക്ഷം ഏക്കർ ഭൂമി സ്വകാര്യതോട്ടമുടമകൾ ഇപ്പോഴും കൈവശം വെക്കുന്നു.

ലക്കുകെട്ട ടൂറിസം വയനാടിന്റെ കാലാവസ്ഥയെയും കൃഷിയെയും ആവാസവ്യവസ്ഥകളെയും തകർത്തുകൊണ്ട് മുന്നേറുകയും ഗുണ്ടകൾ പിടിമുറുക്കുകയും ചെയ്യുന്നു. വയനാടിന്റെ പരിസ്ഥിതിയെയും സാമൂഹിക ജീവിതത്തെയും നശിപ്പിക്കുന്ന മെഗാ വികസന പദ്ധതികളല്ല, ജീവൽപ്രശ്നങ്ങളുടെ പരിഹാരമാണ് വേണ്ടതെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സാധാരണക്കാരായ പൗരന്മാരുടെ ശക്തമായ ആയുധമായ വോട്ടവകാശം ഉപയോഗിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ജനങ്ങളോട് അഭ്യർഥിച്ചു. യോഗത്തിൽ തോമസ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. പി.എം. സുരേഷ്, സി.എ. ഗോപാലകൃഷ്ണൻ, എൻ. ബാദുഷ, ബഷീർ ആനദ് ജോൺ, തച്ചമ്പത്ത് രാമകൃഷ്ണൻ, എ.വി. മനോജ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsWayanadKerala Assembly Election 2026Wayanad Prakruthi Samrakshana Samithi
News Summary - kerala assembly election wayanad
Next Story