നിയമസഭ തെരഞ്ഞെടുപ്പ് ഫലം: ലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതിയിലും ചർച്ച നടന്നില്ല
text_fieldsകോഴിക്കോട്: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി (പി.എ.സി) യോഗത്തിൽ അവലോകനം നടന്നില്ല. പൗരത്വ ഭേദഗത നിയമം (സി.എ.എ) ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനും യു.ഡി.എഫിനും ഉണ്ടായ തിരിച്ചടിയെ കുറിച്ച് ഇതുവരെയും അവലോകനം നടത്താത്തതിൽ പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു.
കെ.എം. ഷാജിയുൾപ്പെടെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ഇത് പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം മുസ്ലിം ലീഗ് പ്രവർത്തക സമിതിയോ സെക്രട്ടറിയേറ്റോ വിളിച്ചുചേർക്കാൻ നേതൃത്വം ഇതുവരെ തയാറായിട്ടില്ല. ആറംഗ ഉന്നതാധികാര സമിതി യോഗം മാത്രമാണ് ചേർന്നിരുന്നത്. ഇതുസംബന്ധിച്ച് വിവാദം നിലനിൽക്കെയാണ് വെള്ളിയാഴ്ച പി.എ.സി യോഗം ചേർന്നത്. യോഗത്തിൽ സംബന്ധിച്ച പല അംഗങ്ങളും തെരഞ്ഞെടുപ്പ് വിഷയം ഉന്നയിച്ചെങ്കിലും അത് പിന്നീടാവാമെന്നാണ് അധ്യക്ഷവേദിയിൽനിന്ന് തീരുമാനമുണ്ടായത്.
ആസന്നമായ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും കൃത്യമായ തീരുമാനം യോഗത്തിലുണ്ടായിട്ടില്ല. മുസ്ലിം ലീഗിലും യൂത്ത് ലീഗ് ഉൾപ്പെടെയുള്ള പോഷക സംഘടനകളിലും മെംബർഷിപ് കാലാവധി കഴിഞ്ഞതിനാൽ പുതിയ മെംബർഷിപ് കാമ്പയിൻ ആരംഭിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. പുതിയ മെംബർഷിപ് ഡിജിറ്റലായിരിക്കണമെന്ന് പല അംഗങ്ങളും യോഗത്തിൽ ചൂണ്ടിക്കാട്ടി.
കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന യോഗം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു.
ദേശീയ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, സംസ്ഥാന വർക്കിങ് ജനറൽ സെക്രട്ടറി പി.എം.എ. സലാം, കെ.പി.എ. മജീദ്, സാദിഖലി ശിഹാബ് തങ്ങൾ, എം.കെ. മുനീർ, വനിത ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നൂർബീന റഷീദ്, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു തുടങ്ങിയവർ നേരിട്ടും ഇതര സംസ്ഥാനങ്ങളിലെ ഭാരവാഹികൾ ഓൺലൈനായും യോഗത്തിൽ സംബന്ധിച്ചു.