ചെങ്കോട്ടകൾ കടപുഴകി; കണ്ണൂരിലും കടുത്ത തിരിച്ചടി
text_fieldsകണ്ണൂർ: സി.പി.എമ്മിനെതിരെ പോരടിച്ച് പുറത്തേക്ക് പോയ വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും തീർത്ത സൂനാമിയിൽ കണ്ണൂരിൽ തകർന്നടിഞ്ഞ് സി.പി.എം. പയ്യന്നൂരിൽ കഴിഞ്ഞ തവണ അരലക്ഷത്തോളം വോട്ടിന് ജയിച്ച സി.പി.എമ്മിലെ ടി.ഐ. മധുസൂദനനെ 7487 വോട്ടിനാണ് യു.ഡി.എഫ് സ്വതന്ത്രനായ വി. കുഞ്ഞികൃഷ്ണൻ തറപറ്റിച്ചത്. തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനെ ചോദ്യം ചെയ്തു പാർട്ടിവിട്ട ടി.കെ. ഗോവിന്ദനും വിജയിച്ചത് സി.പി.എമ്മിന് കനത്തപ്രഹരമായി. യു.ഡി.എഫ് തരംഗത്തിനപ്പുറം സി.പി.എമ്മുകാർ കൂട്ടത്തോടെ ഇരുവർക്കും വോട്ട് ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പയ്യന്നൂരിൽ ധൻരാജ് രക്തസാക്ഷി ഫണ്ടിൽ അഴിമതി നടത്തിയെന്ന് ആരോപിച്ചാണ് സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ പാർട്ടിവിട്ടത്. പ്രചാരണവേളയിൽ വിരലിലെണ്ണാവുന്ന സി.പി.എമ്മുകാർ മാത്രമാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. പാർട്ടി കേന്ദ്രങ്ങളിലെ ശക്തമായ അടിയൊഴുക്കിൽ പയ്യന്നൂരിൽ സി.പി.എം നിലംപരിശായി. കഴിഞ്ഞ തവണ തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ 22,689 വോട്ടിന് ജയിച്ചിടത്താണ് സി.പി.എം മുൻ ജില്ല സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദന്റെ 12,627 വോട്ട് ഭൂരിപക്ഷത്തിന്റെ മിന്നുംജയം. പി.കെ. ശ്യാമളക്കെതിരെ പാർട്ടി അണികളിലുണ്ടായ വൻവികാരമാണ് വോട്ടായത്. കണ്ണൂരിൽ എൽ.ഡി.എഫ് വിജയിച്ച ആറിടത്തും ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായി.
ധർമടത്ത് കഴിഞ്ഞതവണ അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മുഖ്യമന്ത്രി പിണറായി വിജയന് അതിന്റെ പകുതിപോലും ലഭിച്ചില്ല. കഴിഞ്ഞതവണ കെ.കെ. ശൈലജക്ക് 60,963 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ മട്ടന്നൂരിൽ ഇത്തവണ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന് അതിന്റെ നാലിലൊന്നുപോലും ലഭിച്ചില്ലെന്നത് പാർട്ടിഗ്രാമങ്ങളിലെ വോട്ടുചോർച്ച വ്യക്തമാക്കുന്നു. കല്യാശ്ശേരി, തലശ്ശേരി എന്നിവിടങ്ങളിലും സി.പി.എമ്മിന് വൻതോതിൽ വോട്ടു ചോർന്നു.
കല്യാശ്ശേരിയിൽ കഴിഞ്ഞതവണ എം. വിജിന് 44,393 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിടത്ത് ഇത്തവണ പകുതിപോലുമില്ല. തലശ്ശേരിയിൽ കഴിഞ്ഞ തവണ എ.എൻ. ഷംസീറിന് ലഭിച്ച 36,801ന്റെ ഭൂരിപക്ഷം കാരായി രാജനിൽ എത്തിയപ്പോൾ 20,000ത്തിലെത്തി. കഴിഞ്ഞതവണ ആറായിരത്തിലേറെ ലീഡ് ലഭിച്ച അഴീക്കോട് കെ.വി. സുമേഷിന് ഇത്തവണ 349ൽ ഒതുങ്ങി.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പത്തുവർഷമായി ജയിച്ചുവരുന്ന കണ്ണൂർ മണ്ഡലം ടി.ഒ. മോഹനനിലൂടെ വൻഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് തിരിച്ചുപിടിച്ചത്. സി.പി.എം കോട്ടയായ കൂത്തുപറമ്പ് എൽ.ഡി.എഫ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷം കഴിഞ്ഞതവണയുടെ പത്തിലൊന്നിലേക്ക് താഴ്ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

