പാളയത്തിൽ പട; ആടിയുലഞ്ഞ് സി.പി.എം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‍റെ ചൂടാറും മുമ്പേ സ്ഥാനാർഥിപ്രഖ്യാപനം നടത്തിയതിന്‍റെ സ്വഭാവിക മുൻതൂക്കം സി.പി.എമ്മിന് നഷ്ടപ്പെട്ടു. മാത്രമല്ല, കണ്ണൂർ പാർട്ടിക്കുള്ളിലെ പടയിൽ സി.പി.എം ആടിയുലയുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ജില്ല സെക്രട്ടറിയേറ്റംഗം ടി.കെ. ഗോവിന്ദൻ രംഗത്തെത്തിയത് പ്രാദേശിക വിയോജിപ്പിനപ്പുറം സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്ന യുദ്ധപ്രഖ്യാപനം കൂടിയാണ്. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തന്ത്രപരമായ നീക്കങ്ങൾക്കെല്ലാം ചുക്കാൻപിടിക്കുന്ന സംസ്ഥാന സെക്രട്ടറിയെ, കണ്ണൂർ പാർട്ടിയിലെ സമുന്നതൻതന്നെ ‘സ്വജനപക്ഷപാതി’യായി മുദ്രകുത്തി കടന്നാക്രമിച്ചെന്നതാണ് സി.പി.എമ്മിനെ ഞെട്ടിക്കുന്നത്. ആലപ്പുഴയിൽ ജി. സുധാകരന്‍റെ പരസ്യനിലപാടുകൾ തള്ളിപ്പറഞ്ഞും സ്ഥാനാർഥിപ്രഖ്യാപനം വേഗത്തിൽ പൂർത്തിയാക്കിയും നഷ്ടപ്പെട്ട താളം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാർട്ടിയുടെ നട്ടെല്ലായ കണ്ണൂരിലെ കലാപം.
വികസനവും ഭരണനേട്ടവും പറഞ്ഞ് മൂന്നാം ഊഴത്തിനായി വോട്ടുതേടേണ്ട ഘട്ടത്തിൽ കുടുംബവാഴ്ചയുടെയും പ്രാദേശിക മുൻഗണനകളുടെയും പേരിൽ കലഹിക്കുകയും പാർട്ടിവിട്ട ‘സ്വന്തം’ നേതാക്കൾക്ക് മറുപടി പറഞ്ഞ് പ്രതിരോധം തീർക്കുകയും ചെയ്യേണ്ട ഗതികേടിൽ കൂടിയാണ് സി.പി.എം. പാർട്ടിയുടെ സമീപകാല സംഘടന ചരിത്രത്തിൽ എം.വി. രാഘവൻ ഉയർത്തിയ കലാപക്കൊടിക്കും പാർട്ടിയിലെ വിഭാഗീയതക്കും ശേഷം ഏറ്റവും പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളെയാണ് നേരിടുന്നത്.
1980കളുടെ മധ്യത്തിൽ സി.പി.എമ്മിൽ എം.വി.ആർ ഉയർത്തിയ ‘ബദൽ രേഖ’ വിവാദം പ്രത്യയശാസ്ത്ര തർക്കമായിരുന്നു. എന്നാൽ, ടി.കെ. ഗോവിന്ദൻ ഉയർത്തുന്ന കലാപം പ്രത്യയശാസ്ത്രപരമല്ല, മറിച്ച് സംഘടനാപരമായ നീതികേടിനും പാർട്ടിയിലെ വ്യക്തികേന്ദ്രീകൃത അധികാരഘടനക്കും സ്ഥാനാർത്ഥിനിർണയത്തിലെ അപാകതകൾക്കുമെതിരെയാണ്. എം.വി.ആറിനെപ്പോലെ വലിയൊരു വിഭാഗം അണികളെ തന്നോടൊപ്പം കൊണ്ടുപോകാനുള്ള സ്വാധീനം ടി.കെ. ഗോവിന്ദനുണ്ടോ എന്നത് അവ്യക്തം.
പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണനെ ടി.കെ. ഗോവിന്ദൻ പിന്തുണച്ചത് വിമതസ്വരങ്ങൾ ഏകോപിപ്പിക്കപ്പെടുന്ന സാഹചര്യംകൂടി സൃഷ്ടിക്കുന്നു. സി.പി.എം ഓർക്കാൻ മടിക്കുന്ന ആന്തൂരിലെ സാജൻ സംഭവമടക്കം തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും ചർച്ചകളിലേക്ക് ഗോവിന്ദൻ വലിച്ചിടുകയും ചെയ്തിട്ടുണ്ട്. സി.പി.എമ്മിലെ വിമതരെ പിന്തുണച്ച് ‘അമ്പലപ്പുഴ മോഡൽ’ (ജി. സുധാകരനെ പിന്തുണയ്ക്കുന്ന സാഹചര്യം) തളിപ്പറമ്പിലും പയ്യന്നൂരിലും പരീക്ഷിക്കാൻ യു.ഡി.എഫ് തയാറെടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

