വി.ഡി. സതീശൻ കാട്ടിൽ പോകുന്നു, വനവാസത്തിനല്ല: ‘ഇനി ഒന്നുറങ്ങണം, നാലഞ്ച് കിലോ കുറഞ്ഞു, ഡോക്ടർ വരെ ശാസിച്ചു’
text_fieldsകൊച്ചി: ഗംഭീര വിജയം നേടുമെന്ന ആത്മവിശ്വാസം വോട്ടെടുപ്പിന് ശേഷവും ഉറച്ചസ്വരത്തിൽ പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 100ലധികം സീറ്റ് ലഭിക്കുമെന്ന് ഭംഗിവാക്കായിപറഞ്ഞതല്ലെന്നും താൻ അങ്ങനെ പറയുന്ന ഒരാളല്ലെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു. തിരക്ക് ഒഴിഞ്ഞതോടെ നന്നായി ഒന്ന് ഉറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ യാത്ര പോകണം. ഒരു ട്രക്കിംഗ് ചെയ്യാൻ പോകണം എന്ന് വിചാരിക്കുന്നു. നന്നായിട്ട് കാട്ടിൽ പോയി ആരോഗ്യം ഒന്ന് വീണ്ടെടുക്കണം -അദ്ദേഹം പറഞ്ഞു.
‘വിജയിക്കുമെന്നത് നമ്മുടെ ആത്മവിശ്വാസമായിരുന്നു. ഫീൽഡിൽ നിന്ന് കിട്ടുന്ന വിവരങ്ങളും നമ്മൾ ഉണ്ടാക്കിയ നിശബ്ദമായ ചില മാറ്റങ്ങളുമാണ് അത് പറയാൻ പ്രേരിപ്പിച്ചത്. ഞാൻ ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുകയാണ്. ഞാൻ പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോൾ തുടർച്ചയായി രണ്ട് പരാജയം ഏറ്റുവാങ്ങി എല്ലാവരുടെയും ആത്മവീര്യം തകർന്ന നിലയിലായിരുന്നു. സത്യത്തിൽ നേതാക്കളും പ്രവർത്തകരും എല്ലാം ഡിമോറലൈസ്ഡ് ആയിരുന്നു. ഇനി എങ്ങനെ തിരിച്ചുവരും എന്ന ആത്മവിശ്വാസം ഇല്ലാതെയായിരുന്നു നമ്മൾ.
ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ് ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. 2005 മുതൽ 15 വർഷക്കാലം യുഡിഎഫിനെ വിട്ടുപിരിഞ്ഞ ഒരുപാട് സോഷ്യൽ ഗ്രൂപ്പുകളിൽ 90-95% ആളുകളെ തിരിച്ചുകൊണ്ടുവന്നു. അതുകൊണ്ടാണ് ചില വാക്കുകൾ പ്രത്യേകമായി ഞാൻ ഉപയോഗിച്ചത്. ഒരു ബ്രോഡർ പൊളിറ്റിക്കൽ പ്ലാറ്റ്ഫോം ആക്കി യുഡിഎഫിനെ മാറ്റി. രാഷ്ട്രീയ പാർട്ടികളുടെ ഒരു കോൺഫെഡറേഷൻ മാത്രമല്ല അതിന്റെ അപ്പുറത്തേക്ക് ഒരു ബ്രോഡർ പൊളിറ്റിക്കൽ പ്ലാറ്റ്ഫോം. ഉത്തമരായ കമ്യൂണിസ്റ്റുകാർ വോട്ട് ചെയ്യുമെന്ന് ഞാൻ അതിന് ശേഷം പറഞ്ഞു, ഇടതുപക്ഷ സഹയാത്രികർ വരുമെന്ന് പറഞ്ഞു, വിസ്മയങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞു. ഇതെല്ലാം നടന്നല്ലോ. ഇതൊക്കെ പറയുമ്പോൾ അവരുമായിട്ടൊക്കെ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു’ -വി.ഡി. സതീശൻ പറഞ്ഞു.
‘നാല് -അഞ്ച് കിലോ കുറഞ്ഞു. ഉറക്കമില്ലായ്മയും കൃത്യമായ ഭക്ഷണം ഇല്ലായ്മയും കാരണം ഡോക്ടർ വരെ ശാസിച്ചു’
കഴിഞ്ഞ കുറെ നാളുകളായിട്ട് ഒരു വ്യക്തിക്ക് ചെയ്യാൻ പറ്റാവുന്നതിനേക്കാൾ കൂടുതൽ കഠിനാധ്വാനത്തിലായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞു. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി ഒന്ന് ഉറങ്ങണം. കാരണം ഇത് അഞ്ചു വർഷത്തെ കഠിനാധ്വാനത്തിന്റെ അവസാനമാണ്. എന്റെ നാല് -അഞ്ച് കിലോ വെയിറ്റ് കുറഞ്ഞു. ഉറക്കമില്ലായ്മയും കൃത്യമായ ഭക്ഷണം ഇല്ലായ്മയും കാരണം എന്റെ ഡോക്ടർ വരെ ശാസിച്ചു.
വായനയുടെ ഒരു കുറവ് ഉണ്ടായിരുന്നു, അതൊക്കെ തിരിച്ചു പിടിക്കണം. പിന്നെ യാത്ര പോകണം. ഒരു ട്രക്കിംഗ് ചെയ്യാൻ പോകണം എന്ന് വിചാരിക്കുന്നു. നന്നായിട്ട് കാട്ടിൽ പോയി ആരോഗ്യം ഒന്ന് വീണ്ടെടുക്കണം’ -സതീശൻ പറഞ്ഞു.
’ഞാൻ പറഞ്ഞ വാക്ക് പാലിക്കും, തോറ്റാൽ ഞാൻ റിട്ടയർ ചെയ്യും, ഉറപ്പായിട്ടും’
‘തെരഞ്ഞെടുപ്പിൽ തോറ്റാൽ രാഷ്ട്രീയ വനവാസം എന്നത് ഞാൻ പറഞ്ഞതാണ്. യുഡിഎഫിന് എങ്ങനെ ജയിക്കാൻ കഴിയും എന്ന് എന്നോട് ഒരു വെല്ലുവിളി പോലെ ചോദ്യം ചോദിച്ചു. അപ്പോഴാണ് ജയിപ്പിച്ചില്ലെങ്കിൽ വനവാസത്തിൽ പോകും എന്ന് പ്രഖ്യാപിച്ചത്. യുഡിഎഫിനെ ജയിപ്പിക്കും. എന്റെ ഉത്തരവാദിത്വം അതാണ്. 100-ൽ അധികം സീറ്റ് നേടി ജയിപ്പിക്കും. ജയിക്കുക പോലുമില്ല, തോറ്റുപോകും എന്നാണ് കുറെ പേര് പറഞ്ഞത്. ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ പറഞ്ഞ വാക്ക് പാലിക്കും, ഞാൻ റിട്ടയർ ചെയ്യും, ഉറപ്പായിട്ടും.
യുഡിഎഫിനെ തിരിച്ചു കൊണ്ടുവരിക എന്നാണ് ഉത്തരവാദിത്വം. ഞാൻ അത് ഒറ്റയ്ക്കല്ല ചെയ്തത്, കളക്ടീവ് ആയിട്ടുള്ള ലീഡർഷിപ്പാണ്. എല്ലാവരും അതിൽ സംഭാവന ചെയ്തിട്ടുണ്ട്. ജയിപ്പിക്കുമ്പോൾ എല്ലാവർക്കും അതിന്റെ ക്രെഡിറ്റും ഉണ്ട്. തോറ്റാൽപൂർണ്ണ ഉത്തരവാദിത്വം എനിക്കാണ്. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ പ്രഗൽഭരായ നേതാക്കന്മാർ ഇരുന്ന കസേരയിലാണ് ഞാൻ ഇരിക്കുന്നത്. ഉത്തരവാദിത്വത്തിൽ ഞാൻ പരാജയപ്പെട്ടാൽ അത് എന്റെ വ്യക്തിപരമായ പരാജയം കൂടിയാണ്’ -സതീശൻ പറഞ്ഞു.
‘വർഗീയത പറയരുത്. അത് ആര് പറഞ്ഞാലും എതിർക്കും’
വെള്ളാപ്പള്ളി നടേശന്റെ പുതിയ പ്രസ്താവനയെ രാഷ്ട്രീയമായിട്ട് കാണുന്നില്ലെന്ന് സതീശൻ പറഞ്ഞു. ‘അദ്ദേഹം എന്നോട് വളരെ മോശമായിട്ടൊക്കെ നേരത്തെ സംസാരിച്ചിരുന്നു. ഞാൻ അദ്ദേഹത്തോട് പ്രതികരിച്ചില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും മറ്റെല്ലാം മനസ്സിലാക്കിയിട്ടായിരിക്കാം അദ്ദേഹത്തിന്റെ ഇപ്പോഴുള്ള പ്രസ്താവന.ഞാൻ പറഞ്ഞ ഒറ്റ കാര്യമേ ഉള്ളൂ, വർഗീയത പറയരുത്. വർഗീയത പറഞ്ഞ് കേരളത്തെ വിഭജിക്കരുത്. അത് പറയുമ്പോൾ നമ്മൾ എതിർക്കും, ആര് പറഞ്ഞാലും എതിർക്കും.
പാർട്ടിയിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചിട്ടല്ല ഇതൊന്നും ചെയ്യുന്നത്. എനിക്ക് ഒരുപാട് സ്ഥാനമാനങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ വെച്ച് നഷ്ടപ്പെട്ട് നല്ല ശീലമുള്ള ആളാണ് ഞാൻ. അതിനെക്കുറിച്ചൊന്നും ഒട്ടും പ്രശ്നമുള്ള ഒരാളല്ല. അത് കുറച്ച് ചിന്തിച്ച് തലപുകച്ച് നടക്കുന്ന ആളല്ല. എന്റെ ദൗത്യം ഞാൻ നന്നായി ചെയ്തിട്ടുണ്ട്. ഞാൻ അത് ഒറ്റക്കല്ല, ടീം ആയാണ് ചെയ്തത്. യു.ഡി.എഫിലെ ഘടകക്ഷികളുടെ സപ്പോർട്ടാണ് എനിക്ക് ഏറ്റവും സന്തോഷം നൽകിയത്. എനിക്ക് കിട്ടിയത്ര സപ്പോർട്ട് കെ കരുണാകരനും എകെ ആന്റണിക്കും പോലും കിട്ടിയിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. ഈ സപ്പോർട്ടാണ് ഞാൻ എന്റെ ഏറ്റവും വലിയ ക്രെഡിറ്റ് ആയിട്ട് കാണുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി കരുണാകരന്റെയും ആന്റണിയുടെയും ഒക്കെ കൂടെ ഒരു ഉപനേതാവായിരുന്ന ഒരാളാണ്. താരതമ്യേന വളരെ ജൂനിയർ ആയ ഒരാളാണ് ഞാൻ. അദ്ദേഹം എനിക്ക് എന്തൊരു സപ്പോർട്ട് ആയിരുന്നു! പിജെ ജോസഫ് സാർ, ഈ കേരള രാഷ്ട്രീയത്തിലെ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും സീനിയർ ആയിട്ടുള്ള ഒരാളാണ്. എന്തൊരു സപ്പോർട്ടാണ് അദ്ദേഹം തന്നത്. യുഡിഎഫിനെ ഒരു വലിയൊരു സംഭവമാക്കാൻ എനിക്ക് അവര് തന്ന സഹായം ഞാൻ ഒരിക്കലും മറക്കില്ല.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഒരു തർക്കവും കോൺഗ്രസിൽ ഒരു കാരണവശാലും ഉണ്ടാവില്ല. അതൊക്കെ ഓരോ നറേറ്റീവ്സ് ആണ്. എല്ലാ പാർട്ടികളിലും ആഗ്രഹമുള്ള ഒരുപാട് പേര് ഉണ്ടായിരുന്നില്ലേ? അച്യുതാനന്ദനും പിണറായി വിജയനും മുഖ്യമന്ത്രി ആവാൻ ആഗ്രഹം ഉണ്ടായില്ലേ. എന്നിട്ട് പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോൾ ആ മനുഷ്യന് ടിക്കറ്റ് കൊടുക്കാതിരിക്കാൻ നോക്കിയില്ലേ? അദ്ദേഹം പോളിറ്റ് ബ്യൂറോയിൽ പോയി ടിക്കറ്റ് മേടിച്ചുകൊണ്ട് വന്നിട്ടല്ലേ മുഖ്യമന്ത്രി ആയത്. പിന്നീട് വി.എസ് ജയിച്ചു വന്നിട്ടും അദ്ദേഹം ആകാതെ പിണറായി വിജയൻ മുഖ്യമന്ത്രിയായില്ലേ?’ -വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

