ഭരണവിരുദ്ധ വികാരം+ഗ്യാരന്റികൾ; ഭരണം പിടിക്കാൻ യു.ഡി.എഫ് പടയൊരുക്കം
text_fieldsതിരുവനന്തപുരം: തൃക്കാക്കര മുതൽ തദ്ദേശം വരെ നീളുന്ന വിജയപരമ്പരകളുടെ ആത്മവിശ്വസവും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് വമ്പൻ ഗ്യാരന്റികളും ഒപ്പം സർക്കാറിനെതിരെ കത്തിയാളുന്ന ഭരണവിരുദ്ധവികാരവും കൈമുതലാക്കിയാണ് അധികാരം പിടിച്ചെടുക്കാനുള്ള യു.ഡി.എഫ് പടപ്പുറപ്പാട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്കുണ്ടായ ചരിത്രപരമായ മുന്നേറ്റം പോസിറ്റീവ് തരംഗം എന്നതിനൊപ്പം തന്നെ ഇടതുമുന്നണിക്കെതിയായ ശക്തമായ നെഗറ്റീവ് വികാരമായി കൂടിയാണ് കോൺഗ്രസ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഈ ഫലങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ കൃത്യമായ ദിശാസൂചകമായാണ് യു.ഡി.എഫ് ക്യാമ്പ് നെഞ്ചേറ്റുന്നത്. സർക്കാറിന്റെ 10 വർഷത്തെ ഭരണപരാജയങ്ങൾ ജനസമക്ഷം തുറന്നുകാട്ടുന്ന കുറ്റപത്രവുമായാണ് യു.ഡി.എഫ് കളത്തിലേക്കിറങ്ങുന്നത്. മുന്നണിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജിയുടെ തുടക്കമെന്നത് കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച ‘പുതുയുഗ യാത്ര’യാണ്. വെറുമൊരു രാഷ്ട്രീയ ജാഥ എന്നതിലുപരി യാത്ര പ്രതിപക്ഷത്തിന് പുതിയ രാഷ്ട്രീയ ഭാഷ നൽകുകയും ഒപ്പം മുന്നണി സംവിധാനത്തെ കൂടുതൽ സജീവമാക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തൽ. ഭരണകൂടത്തിന്റെ വീഴ്ചകളെ വസ്തുനിഷ്ഠമായി വിമർശിക്കുന്നതിനോടൊപ്പം സംസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു ബദൽ വികസന രേഖയുടെ സംസ്ഥാന വ്യാപകമായ അവതരണം കൂടിയായിരുന്നു ജാഥ. ഇതിൽ ചുവടൂന്നിയാണ് ഇനിയുള്ള നീക്കങ്ങൾ.
യാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ‘ഗ്യാരന്റികളാണ്’ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ യു.ഡി.എഫിന്റെ തുരുപ്പുചീട്ട്. സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്ര സംസ്ഥാനത്തെ 1.39 കോടിയോളം വരുന്ന വനിത വോട്ടർമാരെ സ്വാധീനിക്കാൻ പര്യാപ്തമാണ്. പ്രതിമാസ ക്ഷേമ പെൻഷൻ 3,000 രൂപയായി വർധിപ്പിക്കുമെന്ന ഗ്യാരന്റിയുടെ വാഗ്ദാന പരിധിയിൽ 65 ലക്ഷം കുടുംബങ്ങൾ വരും. 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപനം 45 ലക്ഷത്തോളം കുടുംബങ്ങൾക്ക് പരിരക്ഷയുറപ്പാക്കൽ ലക്ഷ്യമിട്ടുള്ളതാണ്. യുവസംരംഭകർക്കായി അഞ്ച് ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പയും വിദ്യാർഥിനികൾക്കായുള്ള 1000 രൂപയുടെ പ്രതിമാസ സഹായവുമടക്കം യു.ഡി.എഫ് ഗ്യാരന്റികൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ളതാണെന്നതും യു.ഡി.എഫ് പ്രതീക്ഷകൾക്ക് നിറംപകരുന്നു.
ഇതോടൊപ്പം സ്വർണ്ണക്കൊള്ളയും യുവതിപ്രവേശനത്തിലെ സർക്കാറിന്റെ മലക്കംമറിച്ചിലും അയ്യപ്പസംഗമത്തിലെ പൊരുത്തപ്പെടാത്ത കണക്കുകളുമടക്കം ശബരിമലയിലെ സർക്കാറിന്റെ പിടിപ്പുകേടുകൾ അക്കമിട്ട് നിരത്താൻ തയാറെടുക്കുകയാണ് മുന്നണി. ആരോഗ്യമേഖലയിലെ വീഴ്ചകളുടെ പരമ്പരയും സംസ്ഥാനത്തെ സാമ്പത്തിക തകർച്ചയുമടക്കം വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

