ചെങ്കോട്ടയിൽ സന്ദീപ് വാര്യർ മുന്നേറുന്നു; 1821 വോട്ടിന് വി.പി.പി മുസ്തഫ പിന്നിൽ
text_fieldsതൃക്കരിപ്പൂര്‍: ചെങ്കോട്ടയെ വിറപ്പിച്ച് തൃക്കരിപ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് വാര്യർ മുന്നേറുന്നു. വോട്ടെണ്ണൽ തുടങ്ങി ഒന്നരമണിക്കൂർ പിന്നിട്ടപ്പോൾ 1821 വോട്ടിന് മുന്നിലാണ് അദ്ദേഹം. എൽ.ഡി.എഫ് സ്ഥാനാർഥി വി.പി.പി മുസ്തഫ പിന്നിലാണ്.
ഇടതുമുന്നണിക്ക് രണ്ടു മുഖ്യമന്ത്രിമാരേയും ഒരു പ്രതിപക്ഷനേതാവിനെയും സമ്മാനിച്ച തൃക്കരിപ്പൂർ മണ്ഡലം ഇക്കുറി സംസ്ഥാന തലത്തിൽ ശ്രദ്ധേയമായിരുന്നു. ഇടതുമുന്നണിക്കൊപ്പം അടിയുറച്ചുനിൽക്കുന്ന പാരമ്പര്യമാണ് മണ്ഡലത്തിന്റെ ചരിത്രം. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.പി.പി. മുസ്തഫയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സമൂഹമാധ്യമങ്ങളിലും മണ്ഡലത്തിലും ഏറെ മുന്നേറിനിൽക്കുമ്പോഴാണ് യു.ഡി.എഫ് സ്ഥാനാർഥിയായി സന്ദീപ് വാര്യർ എത്തിയത്.
എൻ.ഡി.എയുടെ ടിക്കറ്റിൽ ട്വന്റി ട്വൻറി സ്ഥാനാർഥി രവി കുളങ്ങരയാണ് മത്സരിച്ചത്. അട്ടിമറി നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യു.ഡി.എഫ് സന്ദീപ് വാര്യരെ ഇവിടേക്ക് ചുമതലപ്പെടുത്തിയിട്ടുള്ളത്.
നീലേശ്വരം ദ്വയാംഗ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മണ്ഡലം 1977ല്‍ വേർപെടുത്തുകയായിരുന്നു. സി.പി.എമ്മിന് വമ്പിച്ച അടിത്തറയുള്ള പഞ്ചായത്തുകള്‍ ചേർത്ത് കണ്ണൂര്‍, കാസർകോട് ജില്ലകളിലായി ഉരുക്കുകോട്ടയായി നിലകൊണ്ടു. പിന്നീട് കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തുകള്‍ ഒഴിവാക്കിയതോടെ മണ്ഡലം ജില്ലക്കകത്തായി. മണ്ഡലം രൂപവത്കരിച്ചതിനുശേഷം നടന്ന 11 തെരഞ്ഞെടുപ്പിലും നിയമസഭയില്‍ തൃക്കരിപ്പൂരിനെ പ്രതിനിധാനം ചെയ്തത് ഇടതുമുന്നണിയാണ്. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തുകളും നീലേശ്വരം നഗരസഭയുമാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉൾപ്പെടുന്നത്.
ഇതില്‍ തൃക്കരിപ്പൂര്‍, വലിയപറമ്പ പഞ്ചായത്തുകളില്‍ മുസ്‌ലിം ലീഗിന്റെ സാരഥ്യത്തിലും വെസ്റ്റ് എളേരിയിൽ ഈസ്റ്റ് എളേരി കോൺഗ്രസ് നേതൃത്വത്തിലും ഭരിക്കുന്നു. പടന്ന, പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, നീലേശ്വരം നഗരസഭ, വെസ്റ്റ് എളേരി എന്നിവ എല്‍.ഡി.എഫ് ഭരണത്തിലാണ്. തദ്ദേശസ്ഥാപനങ്ങളിൽ ഇടതുമുന്നണിക്ക് മേൽക്കൈ ലഭിച്ചെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ടുതവണയും യു.ഡി.എഫിനായിരുന്നു മുൻതൂക്കം.
ബി.ജെ.പിയുടെ തീപ്പൊരി നേതാവായിരുന്ന സന്ദീപ് വാര്യർ, കോൺഗ്രസിലെത്തിയത് മുതൽ കടുത്ത സംഘ്പരിവാർ വിരുദ്ധനും മതേതരചേരിയുടെ മുന്നണിപ്പോരാളിയുമായി മാറി. പാലക്കാട് ചെത്തല്ലൂർ സ്വദേശിയാണ്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ ബുക്കിങ് ക്ലർക്കായിരുന്ന പിതാവ് ഗോവിന്ദ വാര്യർ വഴിയാണ് തൃക്കരിപ്പൂർ ബന്ധം. മാതാവ് രുഗ്മിണി. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്ങിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. കെ.പി.സി.സി വക്താവ്, ജന. സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചുവരുന്നു. ബി.ജെ.പിയിൽ ആയിരുന്നപ്പോൾ നേരത്തെ ഷൊർണൂരിൽനിന്ന് മത്സരിച്ചിട്ടുണ്ട്. അന്ന് 36,973 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ടെലിവിഷൻ ചർച്ചകളിലൂടെ ശ്രദ്ധേയനാണ്. ശബരിമല സ്വർണപ്പാളി വിഷയത്തിലെ പ്രതിഷേധസമരവുമായി ബന്ധപ്പെട്ട് 10 ദിവസം റിമാൻഡിൽ കഴിഞ്ഞു. ഭാര്യ: ഷീജ സന്ദീപ് പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രി ജീവനക്കാരിയാണ്. മകൻ: ശ്രീഗോവിന്ദ് (ഒമ്പതാം തരം വിദ്യാർഥി).
സി.ഐ.ടി.യു ജില്ല പ്രസിഡന്റും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ വി.പി.പി. മുസ്തഫ (56) തൃക്കരിപ്പൂർ കാരോളം സ്വദേശിയാണ്. എം.എസ്.എഫിലൂടെ പൊതുരംഗത്തെത്തി. പിന്നിട് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതൃനിരയിൽ. 2015ൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗമായി. മൂന്നുതവണ ജില്ല പഞ്ചായത്തംഗം, ജില്ല ആസൂത്രണസമിതി അംഗം. സമരങ്ങൾക്ക് നേതൃത്വം നൽകിയതിന് 21 ദിവസത്തോളം ജയിൽവാസം. എം.എ, ഡോക്ടറേറ്റ്, എൽ.എൽ.ബി യോഗ്യതകൾ. പി.എസ്.സി മുഖേന എൽ.ഡി ക്ലർക്ക് ജോലിയിൽ പ്രവേശിച്ചിരുന്നു. കിലയുടെ ഫാക്കൽറ്റി. കലയും പ്രത്യയശാസ്ത്രവും: ഇ.എം.എസിന്റെ വിചാരലോകം, ജൈവനീതി ദർശനം പി കവിതകളിൽ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. റിട്ട ഹെൽത്ത് ഇൻസ്പെക്ടർ പരേതരായ കെ.വി.പി. അബ്ദുൽഖാദർ-വി.പി.പി. ബീഫാത്തിമ ദമ്പതിമാരുടെ മകൻ. ഉദുമ സ്വദേശിനി സീനിയ മാഹിനാണ് ജീവിതപങ്കാളി. മകൻ: പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റി ബിരുദ വിദ്യാർഥി അലൻ.
ചെറുവത്തൂർ ആനിക്കാടി സ്വദേശിയാണ് രവി കുളങ്ങരയാണ് (56) എൻ.ഡി.എ ടിക്കറ്റിൽ ട്വന്റി 20ക്ക് വേണ്ടി തൃക്കരിപ്പൂരിൽ മത്സരിച്ചത്. പ്രവാസി വ്യവസായിയാണ്. പ്രവാസി കോൺഗ്രസിൽനിന്ന് തുടങ്ങി എൻ.സി.പിയിലൂടെയാണ് ട്വന്റി 20യിൽ എത്തിനിൽക്കുന്നത്. കരക്കക്കാവിൽ ഗോവിന്ദന്റെ മകനായ രവി തീയ്യ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റാണ്. ട്വന്റി 20 പാർട്ടിയുടെ ജില്ല കോഓഡിനേറ്റർ. ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദധാരി. തൃക്കരിപ്പൂരിൽ റസ്റ്റാറന്റും കെട്ടിടവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

