‘അരുത് അൻവറേ, അരുത്; തോൽക്കുമെന്ന് ഉറപ്പ്, ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല’ -ടി.പി. രാമകൃഷ്ണൻ
text_fieldsകോഴിക്കോട്: ബേപ്പൂരിൽ ബെറ്റ് വെക്കാൻ ഇടതുസ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച പി.വി. അൻവറിനോട്, തോറ്റാൽ മൊട്ടയടിക്കരുതെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. താൻ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയിലൂടെ നടക്കുമെന്നും തിരിച്ചാണെങ്കിൽ റിയാസ് മൊട്ടയടിക്കണമെന്നുമായിരുന്നു അൻവറിന്റെ വെല്ലുവിളി. എന്നാൽ, റിയാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
‘ബേപ്പൂരിൽ തോറ്റാൽ പി.വി. അൻവർ മൊട്ടയടിക്കരുത്. ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം. ഇനി അങ്ങനെ അഥവാ പറഞ്ഞു പോയിട്ടുണ്ടെങ്കിൽ അതൊരു പ്രശ്നമായി എടുക്കണ്ട. ഞങ്ങൾ അത് ഒരു വിഷയമായിട്ട് എടുക്കുന്നില്ല’ -പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കൂടിയായ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
‘മൊട്ടയടിക്കും എന്ന് ഏതെങ്കിലും ഒരു സ്ഥാനാർത്ഥി പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹം ആ നിലപാടിൽ നിന്ന് പിന്മാറണം. ഞങ്ങൾ ഒരു പരാതിയും ഉന്നയിക്കില്ല. അദ്ദേഹം മൊട്ടയടിച്ചില്ലെങ്കിൽ എന്തുകൊണ്ടാ അടിക്കാത്തത് എന്നൊന്നും ഞങ്ങൾ ചോദിക്കാൻ പോകുന്നില്ല. ഒരു സന്ദർഭത്തിൽ അദ്ദേഹം അങ്ങനെ പറഞ്ഞു പോയിട്ടുണ്ടെങ്കിൽ, അതിന്റെ പേരിൽ അദ്ദേഹം അങ്ങനെ ചെയ്യരുത് എന്നാണ് ഞാൻ പറയുന്നത്. തല മൊട്ട ആയിപ്പോയവർക്ക് വേറെ നിവൃത്തിയൊന്നുമില്ല. അവർ മൊട്ട അടിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. ഞാൻ മുടിയുള്ള ആളാണ്, കുറച്ചെങ്കിലും മുടിയുണ്ട്. ഞാൻ മൊട്ട അടിക്കുക എന്ന് പറഞ്ഞാൽ അതൊരു സുഖമുള്ള കാര്യമല്ല. ബേപ്പൂർ അസംബ്ലി മണ്ഡലത്തിൽ അദ്ദേഹം തോൽക്കുമെന്ന് ഉറപ്പ്. അതിൽ സംശയിക്കേണ്ട കാര്യമൊന്നുമില്ല. അങ്ങനെ വന്നാൽ അദ്ദേഹം മൊട്ട അടിക്കാൻ പാടില്ല എന്നാണ് എന്റെ ഉറച്ച നിലപാട്’ -രാമകൃഷ്ണൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് ആരാണ് മുഖ്യമന്ത്രി എന്ന് തീരുമാനിക്കുന്ന പതിവ് ഞങ്ങൾക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ 10 വർഷക്കാലം കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നയിച്ചത് പിണറായി വിജയനാണ്. പിണറായി വിജയന്റെ നല്ല കരുത്തുറ്റ നേതൃത്വമാണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്. ആ ബോധ്യം കേരളത്തിലെ ജനങ്ങൾക്കുണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സിപിഎമ്മിനുമുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് ആ കാര്യത്തിൽ ഒരു ആശങ്കയുമില്ല. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് ആരാണ് മുഖ്യമന്ത്രി എന്ന് തീരുമാനിക്കുന്ന പതിവ് ഞങ്ങൾക്കില്ല. ഈ തെരഞ്ഞെടുപ്പിലും അത്തരം ഒരു നിലപാട് തന്നെയാണ് ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
വലിയ തോതിൽ കൊട്ടിഘോഷിക്കുന്ന എക്സിറ്റ് പോളുകൾ എല്ലാം മുഖ്യമന്ത്രി എന്ന പദവിയിലേക്ക് പിണറായി വിജയനാണ് യോഗ്യൻ എന്നല്ലേ പറയുന്നത്. അതെങ്ങനെയാ ഇത് രണ്ടും കൂടി ഒക്കുക? അപ്പോൾ ഭരണവിരുദ്ധ വികാരമില്ല എന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിക്ക് അനുകൂലമായ വിധിയെഴുത്ത്. അത് കേരളത്തിലെ ജനങ്ങളുടെ അഭിപ്രായങ്ങളിൽ പ്രതിഫലിക്കും. അതാണ് കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന അന്തരീക്ഷം. മുഖ്യമന്ത്രി ആരാകണം എന്നുള്ളതിനെ കുറിച്ചുള്ള ഒരു ഉൽക്കണ്ഠയോ ആശങ്കയോ ഒന്നും ഞങ്ങൾക്കില്ല. ഫലം വന്നു കഴിഞ്ഞാൽ ഞങ്ങൾ അത് തീരുമാനിക്കും. ജനാധിപത്യ വ്യവസ്ഥയെ മാനിക്കുന്നതുകൊണ്ട് തന്നെ അങ്ങനെ ഒരു സമീപനമേ ഞങ്ങൾക്ക് എടുക്കാൻ കഴിയൂ. പ്രതിപക്ഷ നേതാവിനെ കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ട ഒരു വിഷയം വന്നിട്ടില്ല. അങ്ങനെ വിഷയം വന്നു കഴിഞ്ഞാൽ ഞങ്ങൾ ആലോചിക്കും. അത്രയേ അതിന്റെ കാര്യമുള്ളൂ’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

