കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ച ജനാധിപത്യത്തിന് കളങ്കം, ഇടതുമുന്നണി ഇതുവരെ തീരുമാനിച്ചിട്ടില്ലല്ലോ? -ടി.പി. രാമകൃഷ്ണൻ
text_fieldsടി.പി. രാമകൃഷ്ണൻ, പിണറായി വിജയൻ (Photo:facebook.com/tpramakrishnan)
പേരാമ്പ്ര: മുഖ്യമന്ത്രിയെ സംബന്ധിച്ച് മുൻകൂട്ടി ചർച്ച നടത്തുന്നത് നമ്മുടെ നാടിന്റെ ജനാധിപത്യബോധത്തെ പരിഹസിക്കുന്നതും കളങ്കപ്പെടുത്തുന്നതുമാണെന്ന് എൽ.ഡി.എഫ് കൺവീനറും പേരാമ്പ്രയിലെ സ്ഥാനാർഥിയുമായ ടി.പി. രാമകൃഷ്ണൻ. തെരഞ്ഞെടുപ്പിന്റെ ഫലം പോലും പുറത്തുവരാതെ, ഫലം ഊഹിച്ചു നിന്നുകൊണ്ട് മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുകയാണ്. ആരാണ് മുഖ്യമന്ത്രി എന്നത് കോൺഗ്രസിന് തീരുമാനിക്കാമല്ലോ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതുവരെ മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ലല്ലോ. സിപിഎം ഒരിക്കലും തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലോ അതിന്റെ മുമ്പത്തെ തെരഞ്ഞെടുപ്പുകളിലോ ഒന്നിലും തീരുമാനിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുശേഷമാണ് ആരാണ് നേതാവ് എന്നത് തീരുമാനിക്കുക. ആരാണ് മുഖ്യമന്ത്രി അല്ലെങ്കിൽ മന്ത്രിമാർ എന്നൊക്കെയുള്ള തീരുമാനം അതിനുശേഷം എടുക്കേണ്ടുന്ന കാര്യമാണ്. അതാണ് ജനാധിപത്യത്തെ മാനിക്കുക എന്ന് പറയുന്നത്. കോൺഗ്രസിന്റെ നേതൃത്വം ജനവിധിയെ മാനിക്കാതെ ആരാണ് മുഖ്യമന്ത്രി എന്നുള്ള ചർച്ച നടത്തുകയാണ്. പലപ്പോഴും കോൺഗ്രസിനകത്ത് ഇത്തരം ഒരു രീതി അവർ സ്വീകരിക്കാറുണ്ടല്ലോ. ആ രീതി ഈ നാട്ടിലെ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്ന കാര്യമല്ല. അത് കോൺഗ്രസ് തന്നെയാണ് മനസ്സിലാക്കേണ്ടത് -അദ്ദേഹം പറഞ്ഞു.
ഈ ചർച്ചകളൊന്നും ജനവിധിയെ ബാധിക്കാൻ പോകുന്നില്ല എന്നത് വേറെ പ്രശ്നം. വോട്ടിങ് കഴിഞ്ഞ്, എല്ലാം പെട്ടിയിലായി കഴിഞ്ഞു. നാലാം തീയതി ആർക്ക് എത്ര വോട്ട് എന്നുള്ളത് ക്രോഡീകരിച്ച് പ്രഖ്യാപിക്കും. ആ പണിയേ ഇനിയുള്ളൂ. അത് വന്നു കഴിഞ്ഞാൽ നമുക്ക് പൂർണമായ ചിത്രം വ്യക്തമാകും. ഊഹാപോഹങ്ങൾക്കെല്ലാം അതുവരെ മാത്രമാണ് ആയുസ്സുള്ളത് -ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ തവണ പ്രധാനപ്പെട്ട ചില മണ്ഡലങ്ങളിൽ എൽ.ഡി.എഫ് തോൽക്കുമെന്ന എക്സിറ്റ് പോൾ പ്രവചനം തെറ്റിയിരുന്നുവെന്നും ഇത്തവണയും അതുതന്നെയാകും സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോൽക്കും എന്ന് പറഞ്ഞ മണ്ഡലങ്ങളിലൊന്ന് ബാലുശ്ശേരിയാണ്, മറ്റൊന്ന് ബേപ്പൂരാണ്. എക്സിറ്റ് പോളിൽ ഞാനും തോൽക്കുന്ന പട്ടികയിൽ ആണല്ലോ. അതൊന്നും എനിക്ക് പ്രശ്നമല്ല. ഇതെല്ലാം വെച്ച് നോക്കുമ്പോൾ അവരുടെ ഈ കാൽക്കുലേഷൻ എല്ലാം മാറ്റം വരും എന്നാണ് ഞങ്ങളുടെ അഭിപ്രായം.
കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയിൽ ഉൾപ്പെടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ നല്ല റിസൾട്ട് ഉണ്ടാകുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഞാൻ തോൽക്കും എന്ന അഭിപ്രായമാന്നും എനിക്കില്ല. ഞാൻ ജയിക്കുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇടതുപക്ഷ ജനാധിപത്യ മുന്നണി ജയിക്കും എന്ന് തന്നെയാണ് എന്റെ ഉറച്ച ധാരണ.
ന്യൂനപക്ഷ ഏകീകരണം ഉണ്ടായി എന്നൊന്നും പറയാൻ പറ്റില്ല. ന്യൂനപക്ഷങ്ങളെല്ലാം ഒരു ഭാഗത്തേക്ക് മാറിക്കഴിഞ്ഞു എന്നൊരു സാഹചര്യം കേരളത്തിൽ വന്നിട്ടില്ല. അത് കേരളത്തിൽ അനുവദിക്കാനും പാടില്ല. കേരള സാമൂഹ്യ ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട പ്രശ്നമാണത്. ന്യൂനപക്ഷ ഏകീകരണം ഇപ്പോൾ നമുക്ക് പറയാൻ പറ്റുന്നതല്ല. ഇതുവരെ നടന്ന അനുഭവങ്ങൾ വെച്ച് നോക്കുമ്പോൾ കേരളത്തിൽ ഒരു ന്യൂനപക്ഷ ഏകീകരണം ഉണ്ടായിരിക്കുന്നു എന്ന വിശകലനത്തിൽ എത്താൻ പറ്റില്ല -അദ്ദേഹം പറഞ്ഞു.
ഇലക്ഷന് മുമ്പ് ഇന്ന കാരണം കൊണ്ട് മാറ്റം വരണം എന്ന് ആരും ഉന്നയിച്ചിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ജയിച്ചാലും തോറ്റാലും ഒരു വിഭാഗത്തിനിടയിൽ വന്ന ഈ ചിന്ത എങ്ങനെ എങ്ങനെ രൂപപ്പെടുന്നു എന്നത് സംബന്ധിച്ച് നമുക്ക് പരിശോധിക്കേണ്ടി വരും. ആ പരിശോധന നടത്താം. അപ്പോൾ അഭിപ്രായങ്ങളെല്ലാം നമുക്ക് കേൾക്കാം. നിലപാടുകളിൽ അതിനനുസൃതമായ സമീപനം സ്വീകരിക്കാം. അത് നമുക്ക് ചെയ്യാം.
എക്സിറ്റ് പോൾ 100 ശതമാനം തെറ്റ് എന്നല്ല ഞാൻ പറയുന്നത്. നമുക്ക് അംഗീകരിക്കാൻ പറ്റാവുന്ന ചില വശങ്ങൾ ഉണ്ടാവും. എന്നാൽ, അതിനനുസൃതമായിട്ടാണ് തെരഞ്ഞെടുപ്പ് ഫലം വരാൻ പോകുന്നത് എന്ന് കണക്കാക്കാൻ പറ്റില്ല. കോഴിക്കോട് യു.ഡി.എഫ് തൂത്തുവാരും എന്ന പ്രവചനം തെറ്റാണ്. അത് പ്രതീക്ഷിക്കേണ്ട.
നാലാം തീയതി കാണാം. യു.ഡി.എഫ് ജയിക്കും എന്നാണ് ജനവിധിയെങ്കിൽ നമുക്ക് എല്ലാവർക്കും കൂടി അത് അംഗീകരിക്കാലോ. നമുക്ക് ഒരു പ്രയാസവുമില്ല. നമുക്ക് ജനവിധിയെ മാനിക്കാതിരിക്കാൻ പറ്റുമോ? അത് നാലാം തീയതിയേ പറയാൻ പറ്റുള്ളൂ -ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

