കഴക്കൂട്ടത്ത് കടകംപള്ളിയെ അയ്യപ്പന്റെ പുലി പിടിക്കും, അവിടെ പുലി ഇറങ്ങിയിട്ടുണ്ട് -ശരത്ചന്ദ്ര പ്രസാദ്
text_fieldsതിരുവനന്തപുരം: കഴക്കൂട്ടത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയും മുന് ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ അയ്യപ്പന്റെ പുലി പിടിക്കുമെന്ന് കോണ്ഗ്രസ് സ്ഥാനാർഥി ശരത്ചന്ദ്ര പ്രസാദ്. സ്വർണക്കൊള്ളയുടെ കേന്ദ്ര ബിന്ദുവാണ് കഴക്കൂട്ടമെന്നും ഇവിടെ പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
‘അയ്യപ്പനെ തൊട്ടുകളിച്ചാൽ വെറുതെവിടില്ല. ഈ തെരഞ്ഞെടുപ്പിൽ അവിടെ പുലി ഇറങ്ങിയിട്ടുണ്ട്. അയ്യപ്പന്റെ പുലി കടകംപള്ളിയെ പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല. 100 ശതമാനവും പിടിച്ചിരിക്കും’ -ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
അതിനിടെ, 2017ൽ ശബരിമലയിൽ സ്വർണക്കൊടിമരം പുതുക്കി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ക്രമക്കേടില്ലെന്ന വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച് ഇതുസംബന്ധിച്ച കേസിലെ നടപടികൾ ഹൈകോടതി അവസാനിപ്പിച്ചു. എന്നാൽ, ദ്വാരപാലക ശിൽപങ്ങളും ശ്രീകോവിൽ കട്ടിളപ്പാളികളുമായി ബന്ധപ്പെട്ട സ്വർണക്കൊള്ളക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് കൂടുതൽ സമയം അനുവദിച്ചു. സ്വർണപ്പാളി സാമ്പിളുകളുടെ പരിശോധനാഫലം വൈകുന്ന സാഹചര്യത്തിലാണിത്.
ഭക്തർ സംഭാവന നൽകിയ സ്വർണവുമായി ബന്ധപ്പെട്ട് ക്രമക്കോടോ ക്രിമിനൽ വിശ്വാസ വഞ്ചനയോ നടന്നിട്ടില്ലെന്ന് അന്വേഷണം നടത്തിയ തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂനിറ്റ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ശബരിമല സ്വർണക്കൊടിമരം പുതുക്കി നിർമിക്കാൻ 412.010 ഗ്രാം സ്വർണം ഭക്തരിൽനിന്ന് ലഭിച്ചതായാണ് ദേവസ്വത്തിന്റെ മഹസറിലും രേഖകളിലും കാണിച്ചത്. എന്നാൽ, സംഭാവന നൽകിയവരെ വിജിലൻസ് ബന്ധപ്പെടുകയും വിവരം ശേഖരിക്കുകയും ചെയ്തതിൽനിന്ന് ആകെ സംഭാവന ചെയ്ത സ്വർണത്തിന്റെ യഥാർഥ അളവ് 300 ഗ്രാമാണെന്ന് കണ്ടെത്തി. മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള പ്രാഥമികാന്വേഷണ പ്രകാരം ക്രമക്കേടോ വിശ്വാസവഞ്ചനയോ ഉണ്ടായെന്ന് കണക്കാക്കാനാവില്ലെന്ന് കോടതിയും വിലയിരുത്തി. വിശദവും സൂക്ഷ്മവുമായ അന്വേഷണമാണ് വിജിലൻസ് നടത്തിയതെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് വിജിലൻസ് റിപ്പോർട്ട് സ്വീകരിച്ച് ഈ കേസിലെ നടപടികൾ അവസാനിപ്പിച്ചത്.
സ്വർണപ്പാളി കേസിലാവട്ടെ, സ്വർണ സാമ്പിളുകളുടെ പരിശോധനാ ഫലം ഏപ്രിൽ അവസാനവാരമേ ഹാജരാക്കാനാവൂ എന്നാണ് ജംഷഡ്പുരിലെ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറി എസ്.ഐ.ടിയെ അറിയിച്ചത്. സങ്കീർണമായ പരിശോധനകൾ ആവശ്യമുള്ളതിനാലാണ് ഫലം വൈകുന്നത്. ഇക്കാര്യം എസ്.ഐ.ടി കോടതിയെ അറിയിച്ചത് പരിഗണിച്ചാണ് അന്തിമ റിപ്പോർട്ട് നൽകാനുള്ള സമയം നീട്ടി നൽകിയത്. അന്വേഷണം മാർച്ച് 31ന് പൂർത്തിയാക്കാനാണ് എസ്.ഐ.ടിക്ക് കോടതി നേരത്തെ നിർദേശം നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

