പൊടിപാറി സമൂഹമാധ്യമ പൂരം; കത്തിക്കയറി വോട്ടാരവം
text_fieldsകോട്ടയം: അത്യൂഷ്ണ പൊരിച്ചിലിൽ അതിനേക്കാൾ പൊള്ളിച്ച് വോട്ടാരവം കത്തിക്കയറുന്നു. പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൊണ്ടുംകൊടുത്തും നേതാക്കൾ കൊട്ടിക്കയറുമ്പോൾ വീടുകൾ കയറിയും പര്യടനങ്ങളുമായും സ്ഥാനാർഥികളും പ്രവർത്തകരും വിജയം ഉറപ്പിക്കാൻ കൈമെയ് മറന്ന് പ്രവർത്തിക്കുകയാണ്. മൈക്ക് വിളംബരങ്ങളുമായി വാഹനങ്ങൾ തെരുവുകളിൽ പ്രഘോഷണങ്ങൾ തീർക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ആവേശത്തിന്‍റെ പൂരലഹരിയാണു തീർക്കുന്നത്.
അൽപ്പം മാന്ദ്യത്തിലായിരുന്ന പ്രവർത്തകരുടെ വീടുകയറ്റം അവധിദിനങ്ങളിൽ കൊടുമ്പിരി കൊള്ളിക്കുന്നുണ്ട്. ഭരണത്തിന്‍റെ കുറ്റം പറഞ്ഞും നേട്ടം നിരത്തിയും വാഗ്ദാനപ്പെരുമഴ വിതറിയുമാണു വീട് കയറ്റം. പുതുകാലത്തിന്‍റെ തിരക്കിലും കൊടുംചൂടിലും കവലകളിൽ പ്രചാരണത്തിൽ പങ്കാളികളാവാൻ ജനക്കൂട്ടം മടിച്ചുനിന്നതിനാൽ സമൂഹ മാധ്യമങ്ങളിലെ കമ്പക്കെട്ട് കളറാണ്. തെരഞ്ഞെടുപ്പ് കമീഷന്‍റെ സൂക്ഷ്മ നിരീക്ഷണവും നിയന്ത്രണങ്ങളുമുണ്ടെങ്കിലും ജനമനസ്സിൽ സ്വന്തം സ്ഥാനാർഥിയെ ഇടിച്ചുകയറ്റി പിടിച്ചുനിർത്താൻ സാമൂഹ മാധ്യമങ്ങളിൽ അടവുകൾ പതിനെട്ടും പയറ്റുകയാണ് മുന്നണികൾ.
ആവേശത്തിന്‍റെ പാണ്ടിയും പഞ്ചാരിയും കുടമാറ്റവും അരങ്ങ് തകർക്കുന്ന സമൂഹ മാധ്യമപ്പൂരം അവസാനഘട്ടമായപ്പോഴേക്കും ബ്ലോക്ക് ബസ്റ്റർ സിനിമയുടെ ത്രില്ലർ അനുഭവമാണ് പകരുന്നത്. വിവിധ മുന്നണികളുടെയും പാർട്ടികളുടെയും സൈബർ മുറികളിൽനിന്ന് യുദ്ധതന്ത്രങ്ങളുടെ ഭാഗമായി വരുന്ന ട്രോളുകൾക്കും പ്രചാരണ പടക്കോപ്പുകൾക്കുമൊപ്പം സ്ഥാനാർഥികളുടെ സ്വന്തം സൈബർ പ്രചാരകർ ഇറക്കുന്ന വിഡിയോകളും റീലുകളും കളം നിറഞ്ഞോടുകയാണ്.
സ്ഥാനാർഥികളുടെ സമൂഹ മാധ്യമ പ്രചാരണ ചുമതല ഏറ്റെടുത്ത പ്രഫഷനൽ സംഘങ്ങൾ രാപ്പകലില്ലാതെ അധ്വാനത്തിലാണ്. സ്ഥാനാർഥികളുടെ ഇമേജ് കൂട്ടാൻ ആശംസ വീഡിയോകളും വികസന നേട്ടങ്ങളും ജനകീയതയുമൊക്കെ തരാതരം പടച്ചുവിടുന്നുണ്ട്. വ്യത്യസ്ത തീമുകളിലുള്ള പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ സന്ദേശങ്ങൾ വന്നുകഴിഞ്ഞു. ഓശാന പെരുന്നാളിനു വരെ ആശംസകളിറങ്ങി. വിഷുവിനു മുമ്പേ വോട്ടെടുപ്പ് കഴിയുമെന്നതിനാൽ വേറിട്ട പ്രതിപാദ്യവുമായി ചില സ്ഥാനാർഥികൾക്കൊപ്പം കണിക്കൊന്നയും ഇടം പിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

