ധർമടത്ത് രണ്ട് കാര്യമേ ഞാൻ വോട്ടർമാരോട് പറഞ്ഞിട്ടുള്ളൂ -വി.പി. അബ്ദുൽ റഷീദ്
text_fieldsകണ്ണൂർ: പ്രചാരണവേളയിൽ വോട്ടർമാരോട് താൻ രണ്ട് കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് പിണറായി വിജയനെ വിറപ്പിച്ച് മുന്നേറുന്ന കോൺഗ്രസിന്റെ സൂപ്പർ ഹീറോ വി.പി. അബ്ദുൽ റഷീദ്. കടക്ക് പുറത്ത് എന്ന് ഒരിക്കലും പറയില്ല എന്നതാണ് ഒന്ന്. എന്തെങ്കിലും തന്നോട് ചോദിക്കാനുണ്ടെങ്കിൽ വീട്ടിൽ പോയി ചോദിക്ക് എന്ന് പറയില്ല എന്നതായിരുന്നു രണ്ടാമത്തെ കാര്യം. പകരം, ചോദിക്കാനുള്ളവരുടെ വീട്ടിൽ പോയി അത് കേൾക്കും. ഇ രണ്ട് കാര്യങ്ങൾ മാത്രമാണ് താൻ വാഗ്ദാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ആറാം റൗണ്ട് പൂർത്തിയാകുമ്പോൾ ധർമടത്ത് 647 വോട്ടിന്റെ ലീഡ് നിലനിർത്തിയാണ് റഷീദ് മുന്നേറുന്നത്. 2021ൽ 50,123 വോട്ടിന്റെ ഭൂരിപക്ഷത്തിന് പിണറായി ജയിച്ച മണ്ഡലമാണിത്. ഇവിടെ ഇത്തരത്തിലൊരു മുന്നേറ്റം കോൺഗ്രസ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ഇടതു തരംഗം ആഞ്ഞടിച്ച 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടയായ തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയോളം കുറച്ച നേതാവാണ് കോൺഗ്രസിലെ യുവതാരമായ വി.പി. അബ്ദുൽ റഷീദ്. മുതിർന്ന നേതാവ് കെ. സുധാകരൻ മുതൽ ക്രൗഡ് പുള്ളർ ഷാഫി പറമ്പിൽ വരെയുള്ള നേതാക്കളിൽ ആരെങ്കിലും പിണറായിക്കെതിരെ മത്സരിക്കാൻ ധർമടത്ത് എത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുവ നേതാവായ അബ്ദുൽ റഷീദിനാണ് നറുക്കുവീണത്. ആ തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുയാണ് ഇപ്പോഴത്തെ ഫലം.
തളിപ്പറമ്പിൽ 2016ൽ ജെയിംസ് മാത്യു 40,617 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. എന്നാൽ, 2021ൽ അബ്ദുൽ റഷീദ് ഭൂരിപക്ഷം 22,689 വോട്ടാക്കി കുറിച്ചു. തോറ്റെങ്കിലും ‘ജയന്റ് കില്ലർ’ ഇമേജ് നേടാൻ ഇതിലൂടെ കോൺഗ്രസിലെ യുവനേതാവിനായി. തോറ്റശേഷവും തളിപ്പറമ്പിൽ തന്നെ കേന്ദ്രീകരിച്ചരിച്ചു പ്രവർത്തിക്കുകയായിരുന്നു റഷീദ്. എം.വി. ഗോവിന്ദന്റെ പിൻഗാമിയായി തളിപ്പറമ്പിൽ ഭാര്യ പി.കെ. ശ്യാമളയെത്തിയപ്പോൾ സി.പി.എമ്മിലുണ്ടായ പൊട്ടിത്തെറിയാണ് റഷീദിനെ ധർമടത്തേക്ക് പരിഗണിക്കാൻ കാരണം. പാർട്ടി വിട്ടെത്തിയ സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിൽ യു.ഡി.എഫ് സ്വതന്ത്രനായി. ജവാഹർ ബാലജനവേദിയിലൂടെയും കെ.എസ്.യുവിലൂടെയുമാണ് അബ്ദുൽ റഷീദ് സംഘടനാ രംഗത്തെത്തിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി അംഗവുമാണ്. ധർമടം മണ്ഡലത്തിലെ പലയാട് കാമ്പസിലായിരുന്നു നിയമപഠനം. ഒരു വർഷം പൊലീസ് സുരക്ഷയിലാണ് പഠനം പൂർത്തിയാക്കിയത്. ആറു വർഷമായി ധർമടം നിയോജക മണ്ഡലത്തിലെ പോതുവാച്ചേരിയിൽ ആണ് സ്ഥിരതാമസം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയിൽ സ്ഥിരാംഗമായിരുന്നു.
നിലവിൽ യു.ഡി.എഫ് 27869 വോട്ടുകൾ നേടിയപ്പോൾ പിണറായി വിജയൻ 26779 വോട്ടുകൾ നേടി. സി.പി.എമ്മിന്റെ കോട്ടകളിലടക്കം മേധാവിത്തം നേടാൻ യു.ഡി.എഫിന് കഴിഞ്ഞു. ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണാനുള്ളത്.
ആദ്യ റൗണ്ടിൽ തന്നെ പിണറായി വിജയനെ മറികടന്ന് അബ്ദുൽ റഷീദ് ലീഡെടുത്തു. പിണറായി 5008 വോട്ടുകൾ നേടിയപ്പോൾ അബ്ദുൽ റഷീദ് 5741 വോട്ടുകൾ നേടി. ആദ്യ റൗണ്ടിലെ ലീഡ് 733 വോട്ടുകൾ. രണ്ടാം റൗണ്ടിൽ അബ്ദുൽ റഷീദ് ലീഡ് 2523 വോട്ടുകളായി ലീഡ് ഉയർത്തി. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ലീഡ് 2077 ആയി മാറി. നാലാം റൗണ്ടിലും അബ്ദുൽ റഷീദ് ലീഡ് ഉയർത്തി. നാലാം റൗണ്ട് കഴിയുമ്പോൾ അബ്ദുൽ റഷീദിന്റെ ലീഡ് 2812 വോട്ടുകളാണ്. ഇനി 10 റൗണ്ടുകൾ എണ്ണാനുണ്ട്.
റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ. ബിന്ദു, ഗണേഷ് കുമാർ, പി. രാജീവ്, ഒ.ആർ. കേളു, വി. ശിവന്‍കുട്ടി, വീണാ ജോർജ്, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ് എന്നിവർ പിന്നിലാണ്. ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

