‘ഖൗമിലെ കുട്ടി’യെ വെറുതെ വിടില്ലെന്ന് മുസ്‍ലിംലീഗ്: ‘തഹ്‍ലിയ പറയാത്തത് പറഞ്ഞതായി മൂന്ന് കക്ഷികൾ പ്രചരിപ്പിച്ചു, ഓഡിയോ റെക്കോഡ് ചെയ്തത് നിസരി സ്റ്റുഡിയോയിൽ; കേസുമായി മുന്നോട്ട്’
text_fieldsകോഴിക്കോട്: പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ എൽ.ഡി.എഫ് പ്രചരിപ്പിച്ച 'ഖൗമിലെ കുട്ടി' പ്രയോഗത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുസ്‍ലിം ലീഗ്. തഹ്‍ലിയ പറയാത്തത് പറഞ്ഞതായി മൂന്ന് കക്ഷികൾ പ്രചരിപ്പിച്ചതായും ഇവർക്കെതിരെ മാനനഷ്ട കേസുകൾ ഫയൽ ചെയ്യുമെന്നും ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി.ടി. ഇസ്‌മായിൽ അറിയിച്ചു.
‘ഫാത്തിമ തഹ്‍ലിയക്കെതരായ അപവാദപ്രചാരണത്തിനെതിരെ ഞങ്ങൾ കേസ് തുടരുകയാണ്. തഹ്‍ലിയ പറയാത്തത് പറഞ്ഞതായി മൂന്ന് കക്ഷികൾ പ്രചരിപ്പിച്ചിട്ടുണ്ട്. അവർക്കെതിരെ മാനനഷ്ടക്കേസ് നൽകും. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നടുവണ്ണൂരിലെ നിസരി എന്ന് പറയുന്ന ഒരു സ്റ്റുഡിയോയിൽ വെച്ചാണ് 'ഖൗമിലെ കുട്ടി' എന്ന് പറയുന്ന പ്രയോഗം റെക്കോർഡ് ചെയ്തത്. എന്നാൽ, അങ്ങനെ ചെയ്തിട്ടില്ല എന്ന റിപ്പോർട്ടാണ് കലക്ടർ നൽകിയത്. ഞങ്ങൾ നിയമത്തിന്റെ എല്ലാ വഴിയും സ്വീകരിക്കും. കോടതിയിലേക്ക് ഈ വിഷയത്തെ കൊണ്ടുവരും.
ആരാണ് കാഫിർ സ്ക്രീൻഷോട്ട് കൊണ്ടുവന്നത് എന്ന് തെളിയിച്ചതുപോലെ തന്നെ 'ഖൗമിലെ കുട്ടിയും' തെളിയിക്കും. ജനാധിപത്യ മതേതര സമൂഹത്തിൽ അത് ആരു പറഞ്ഞു എന്ന് കൃത്യമായി ബോധ്യപ്പെടുത്തുക എന്നത് രാജ്യത്തോട് പ്രതിബദ്ധതയുള്ള, സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്’ -അദ്ദേഹം പറഞ്ഞു.
വളഞ്ഞ വഴിക്ക് വിജയം നേടാനുള്ള പരിശ്രമമാണ് എൽഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുസ്‍ലിം ലീഗ് ഭാരവാഹികൾ ആരോപിച്ചു. ‘അതിൽ ഒന്ന് മാത്രമാണ് പേരാമ്പ്രയിലെ ‘ഖൗം പ്രയോഗം’. നാദാപുരം മേഖല അടക്കം ജില്ലയിലെ പല ഭാഗങ്ങളിലും ജാതിയും മതവും ഒക്കെ പറഞ്ഞ് ഇടതുപക്ഷം വോട്ട് പിടിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ തെളിവ് ഞങ്ങളുടെ കൈയ്യിലുണ്ട്.
അക്രമ മാർഗത്തിലുടെ ബിഹാറിനെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ നടന്നു. നാദാപുരം നിയോജക മണ്ഡലത്തിലെ അഞ്ചു ബൂത്തുകളിൽ വ്യാപക കള്ളവോട്ട് ചെയ്തു. ചിലയിടങ്ങളിൽ പൊലീസ് അവരെ സഹായിച്ചു. ബൂത്ത് ഏജന്റുമാരെ ബൂത്തിനകത്ത് തടഞ്ഞുവെച്ചും ആക്രമിച്ചും ഭക്ഷണം കഴിക്കാനോ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനോ ഉള്ള സൗകര്യങ്ങൾ പോലും കൊടുക്കാതെയും ഉപദ്രവിച്ച കുറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റൽ വോട്ടിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്’ -നാദാപുരം മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

