Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുടർച്ചയായ അധികാരം ഭരണ...

തുടർച്ചയായ അധികാരം ഭരണ പാർട്ടിയാക്കി മാറ്റും, കമ്യൂണിസ്റ്റ് കരുത്ത് കുറക്കും, അതിനാൽ എന്റെ പാർട്ടി 5 കൊല്ലം പ്രതിപക്ഷത്തിരിക്കട്ടെ എന്ന് ആളുകൾ ചിന്തിച്ചിരിക്കാം -എം. സ്വരാജ്

text_fields
bookmark_border
M Swaraj
cancel

തിരുവനന്തപുരം: എന്റെ പാർട്ടിയുടെ കരുത്ത് കുറയാതെ നിൽക്കണമെങ്കിൽ ഒരു അഞ്ചു കൊല്ലം പ്രതിപക്ഷത്തിരിക്കട്ടെ എന്നൊക്കെ ആളുകൾ ചിന്തിച്ചിരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. ‘തുടർച്ചയായി ഇങ്ങനെ അധികാരത്തിൽ ഇരുന്നാൽ ഒരു ഭരണ പാർട്ടിയായിട്ട് മാറും. അപ്പോ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്ത് കുറഞ്ഞുപോകും. അതുകൊണ്ട് എന്റെ പാർട്ടി കരുത്ത് കുറയാതെ നിൽക്കണമെങ്കിൽ ഒരു അഞ്ചു കൊല്ലം പ്രതിപക്ഷത്തി ഇരിക്കട്ടെ എന്നൊക്കെ ചിന്തിക്കാം ആളുകൾ. ആ ചിന്തയെ നമ്മൾ കുറ്റപ്പെടുത്തേണ്ട കാര്യമില്ല’ -എം.വി. നികേഷ്‍കുമാർ നടത്തിയ വിഡിയോ അഭിമുഖത്തിൽ സ്വരാജ് പറഞ്ഞു.

‘ഇടതുപക്ഷത്തിന് ഒരു ചെറിയ പരാജയം വന്നാലും തരക്കേടില്ല, അവർ തിരുത്തി കൂടുതൽ കരുത്തോടെ വരും. അതുകൊണ്ട് ഇപ്പോൾ ഒരു പരാജയം ഇരിക്കട്ടെ എന്ന് കരുതി ആരെങ്കിലും ഇടതുപക്ഷത്തിന് വോട്ട് ചെയ്യാതിരുന്നിട്ടുണ്ടെങ്കിൽ അവരോടും പ്രത്യേക വിരോധമൊന്നുമില്ല. അവരുടെയും ഉദ്ദേശശുദ്ധി കരുതി നമുക്ക് അതും സ്വീകരിക്കാവുന്നതാണ്. കാരണം ഒരുപക്ഷേ അങ്ങനെയും കരുതിയിട്ടുണ്ടാകും ആളുകൾ... എൽഡിഎഫ് ഇപ്പോൾ രണ്ടു തവണയായി തുടർച്ചയായി ജയിക്കുകയാണ്, കേരളത്തിൽ അങ്ങനെ ഉണ്ടായിട്ടില്ലല്ലോ. 10 വർഷം തുടർച്ചയായി ഇടതുപക്ഷം കേരളം ഭരിച്ചു, അതൊരു വലിയ ചരിത്രമാണ്. അങ്ങനെ ഇതുവരെ ഉണ്ടായിട്ടില്ല. 10 വർഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിൽ ഒരാൾ ഇരുന്നത് വേറൊരു അനുഭവം ഇല്ല.

എൽഡിഎഫിന് കൂടുതൽ കരുത്ത് ഉണ്ടാവാൻ, പാർട്ടി കൂടുതൽ ശക്തിപ്പെടാൻ ചില തിരുത്തലുകളും ഇടയ്ക്കൊന്ന് പ്രതിപക്ഷത്തിരിക്കുന്നതുമൊക്കെ നല്ലതാണ് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഒരു വലിയ മഹാ അപരാധമല്ല. അങ്ങനെയുള്ളവരുടെ കൂടി പിന്തുണയോടു കൂടിയാണ് നമ്മൾ മുന്നോട്ടു പോകേണ്ടത്. അവരെയെല്ലാം സ്വീകരിച്ചും ഉൾക്കൊണ്ടും ചേർത്തുപിടിച്ചും കേരളത്തിന്റെ സമഗ്രമായ വളർച്ചയ്ക്കും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി സിപിഎമ്മും ഇടതുപക്ഷവും പ്രതിജ്ഞാബദ്ധതയോടെ പൊരുതും, മുന്നോട്ടുപോകും. ഏതെങ്കിലും തരത്തിലൊക്കെ പരിഭവിച്ചോ അകന്നോ നിൽക്കുന്നവരുടെ എല്ലാം പിന്തുണ ആർജ്ജിക്കും. അവരുടെ എല്ലാം പ്രസ്ഥാനമായി ഇടതുപക്ഷം മുന്നോട്ടു പോവുകയും ചെയ്യും.

ഇപ്പോ ബിജെപിയും യുഡിഎഫും കൂടി 105 പേര് മറുപക്ഷത്തുണ്ടെങ്കിലും ജനങ്ങളുടെ താല്പര്യങ്ങളെ പ്രതിഫലിപ്പിക്കാനും അവർക്കുവേണ്ടി പോരാടാനും ശക്തമായ പ്രതിപക്ഷത്തിന്റെ റോൾ ക്രിയാത്മകമായി നിർവഹിക്കാൻ കഴിവുള്ള 35 പേർ തന്നെയാണ് എൽ.ഡി.എഫിൽ ഉള്ളത്. നല്ല പാർലമെന്ററി അനുഭവങ്ങൾ ഉള്ളവരും നല്ല കരുത്തുള്ളവരുമാണവർ. അവർ ആ ഉത്തരവാദിത്വം നിറവേറ്റും’ -സ്വരാജ് പറഞ്ഞു.

ഒറ്റവാക്കിൽ ഒരു കനത്ത പരാജയം കേരളത്തിൽ എൽഡിഎഫിന് ഉണ്ടായിരിക്കുകയാണ്. ഇതിനോടൊപ്പം തിരഞ്ഞെടുപ്പ് നടന്ന ബംഗാളിലും തമിഴ്നാട്ടിലും എല്ലാം ഗവൺമെന്റുകൾക്ക് ഏറ്റ ഒരു തിരിച്ചടിയായി തന്നെയാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. പൊതുവായ ഒരു പ്രവണത അതിലുണ്ടെന്ന് തോന്നുന്നു. പക്ഷേ നമ്മൾ കേരളത്തിൽ നിന്ന് പരിശോധിക്കുമ്പോൾ എൽഡിഎഫിനുണ്ടായ പരാജയം വലിയ ഒരു പരാജയമാണ്. ഇതിനു മുൻപ് 2001 ലാണ് വലിയൊരു പരാജയം ഉണ്ടായത്. അതിനേക്കാൾ കുറച്ചുകൂടി വലിയൊരു പരാജയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

സിപിഎം ശക്തികേന്ദ്രങ്ങൾ എന്ന് പൊതുവിൽ കരുതപ്പെടുന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ പരാജയപ്പെട്ടു. സത്യത്തിൽ ഇങ്ങനെ ഒരു തിരിച്ചടി അപ്രതീക്ഷിതമാണ്. എൽഡിഎഫ് വിജയിക്കും എന്നാണ് പൊതുവിൽ കരുതപ്പെട്ടിരുന്നത്. കാരണം കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിൽ ഉണ്ടായ മാറ്റം വളരെ വലുതായിരുന്നു. അത് ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ്. ജനക്ഷേമ പദ്ധതികൾ ആളുകൾക്ക് ആശ്വാസം നൽകി, അതിനൊക്കെ ജനങ്ങൾ പിന്തുണക്കുകയും ചെയ്യും. അത് സ്വാഭാവികമാണ്. പക്ഷേ തെരഞ്ഞെടുപ്പിന്റെ ഒരു പ്രധാനപ്പെട്ട പരിഗണനാ വിഷയമായി അതൊന്നും കടന്നുവന്നില്ല എന്നാണ് തോന്നുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പരാജയം സംഭവിച്ചത് എന്ന് ആഴത്തിൽ പരിശോധിക്കേണ്ടതാണ്. സിപിഎമ്മിന്റെ ഒരു സംഘടനാ രീതി, തെരഞ്ഞെടുപ്പിൽ വിജയിക്കുമ്പോഴും പരാജയപ്പെടുമ്പോഴും അത് സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കും എന്നതാണ്.

നമ്മളിപ്പോൾ നല്ല ഉദ്ദേശ്യത്തോടുകൂടി നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ, പ്രവർത്തനങ്ങൾ, അതിന്റെ ഭാഗമായി കൈവന്ന നേട്ടം, നാടിനുണ്ടായ നേട്ടം. നീതി ആയോഗിന്റെ എല്ലാ പരിശോധനകളിലും നമ്മൾ ഒന്നാം സ്ഥാനത്താണല്ലോ. അപ്പൊ ഇത്തരം കാര്യങ്ങൾ എല്ലാം ചെയ്തു മുൻപോട്ട് പോകുമ്പോഴും നമുക്ക് ചിലപ്പോൾ വീഴ്ചകൾ പറ്റിയിട്ടുണ്ടാവാം, പിശകുകൾ സംഭവിച്ചിട്ടുണ്ടാവാം. നല്ലത് എന്ന് കരുതി സ്വീകരിച്ചിട്ടുള്ള നിലപാടുകളിൽ ചിലപ്പോൾ പാളിച്ചകൾ പറ്റിയിട്ടുണ്ടാവാം. തെറ്റുകൾക്ക് അതീതരായിട്ടുള്ള ഒരു കൂട്ടരല്ലല്ലോ നമ്മൾ. ഈ തെരഞ്ഞെടുപ്പ് പരാജയം തീർച്ചയായും ആഴത്തിൽ പരിശോധിച്ച്, യാഥാർഥ്യ ബോധത്തോടെ പരിശോധിച്ച്, ഒരുപാട് ശരിയായ കാര്യങ്ങൾ ചെയ്യുന്നതിനിടയിലും എന്തെങ്കിലും പിശകുകൾ പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. നമ്മുടെ സമൂഹം, കേരളീയ സമൂഹം ഇടതുപക്ഷത്തിന് ഒരു ചെറിയ കുറവ് പോലും ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നവരാണ്.

വലതുപക്ഷത്ത് കുറച്ചൊക്കെ കുഴപ്പങ്ങൾ ഉണ്ടായാലും അതൊക്കെ സഹജമാണ്. പക്ഷേ എൽഡിഎഫ് ഇതിൽ നിന്നെല്ലാം വേറിട്ടു നിൽക്കണം, സംശുദ്ധമായിരിക്കണം എന്ന ഒരു കാഴ്ചപ്പാട് മലയാളികൾക്കുണ്ട്. അതിന് അവരെ കുറ്റം പറയാൻ പറ്റില്ല. അത് ശരിയാണ്, നല്ലതാണ്. അതുകൊണ്ടുതന്നെ ഒരുപാട് ശരികൾക്കിടയിൽ ചിലപ്പോൾ പിശകുകൾ പറ്റിയിട്ടുണ്ടാവാം, തിരുത്തേണ്ടതുണ്ടാവാം. ഒരു ദുരഭിമാനവും ഇല്ലാതെ അത്തരം കാര്യങ്ങളെല്ലാം പരിശോധിച്ച് തിരുത്തേണ്ടതെല്ലാം തിരുത്തി ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഇടതുപക്ഷം ഉയരും, തിരികെ വരും എന്നാണ് ഈ ഘട്ടത്തിൽ പറയാനാവുക -സ്വരാജ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M SwarajCPMKerala Assembly Election 2026Assembly Elections 2026
News Summary - kerala assembly election 2026: m swaraj cpm lose
Next Story