ക്ഷേമപെൻഷൻ 3000 രൂപ, റബറിന് 300 രൂപ താങ്ങുവില, 50 ശതമാനം സ്ത്രീകൾക്ക് ജോലി; വൻ വാഗ്ദാനങ്ങളുമായി എൽ.ഡി.എഫ് പ്രകടനപത്രിക
text_fieldsതിരുവനന്തപുരം: നവകേരള നിർമ്മാണം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 60 ഇന കർമ്മപദ്ധതിയുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കും, കേവല ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യും, അഭ്യസ്തവിദ്യരായ മുഴുവൻ പേർക്കും തൊഴിൽ ഉറപ്പാക്കും തുടങ്ങിയവയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
ക്ഷേമവും ദാരിദ്ര്യനിർമ്മാർജ്ജനവും
അതിദാരിദ്ര്യത്തിന് പിന്നാലെ കേവല ദാരിദ്ര്യവും ഇല്ലാതാക്കും: ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി അവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റും.
ക്ഷേമ പെൻഷൻ 3000 രൂപ: എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷനുകളും ക്ഷേമനിധി ബോർഡ് പെൻഷനുകളും ഘട്ടംഘട്ടമായി 3000 രൂപയായി ഉയർത്തും.
ലൈഫ് മിഷൻ 2.0: അവശേഷിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും വീട് നൽകി കേരളത്തെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാക്കും.
കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷ: കിടപ്പുരോഗികളുടെ അവകാശങ്ങൾ പ്രഖ്യാപിക്കുകയും അവർക്ക് വാതിൽപ്പടി സേവനങ്ങളും ചികിത്സയും ഉറപ്പാക്കുകയും ചെയ്യും.
തൊഴിലും വിജ്ഞാനവും
പഠിച്ചാൽ ജോലി ഉറപ്പ്: പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കും. ഇതിനായി 'ബാക്ക് ടു ക്യാമ്പസ്' പരിശീലന പദ്ധതി നടപ്പിലാക്കും.
സ്ത്രീകൾക്ക് 50% തൊഴിൽ: തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ 50 ശതമാനം പേർക്കെങ്കിലും ജോലി ഉറപ്പാക്കും.
20 ലക്ഷം വീട്ടമ്മമാർക്ക് പ്രാദേശിക തൊഴിലുകൾ ലഭ്യമാക്കും.
ആഗോള തൊഴിൽ അവസരങ്ങൾ: രണ്ട് ലക്ഷം പ്രൊഫഷണലുകൾക്കായി ആഗോള നിലവാരമുള്ള തൊഴിലുകൾ സൃഷ്ടിക്കാൻ ആഗോള കപ്പബിലിറ്റി സെന്ററുകൾ (GCC) വർദ്ധിപ്പിക്കും.
യുവസംരംഭകർക്ക് പലിശരഹിത വായ്പ: യുവജനങ്ങളുടെ പുതിയ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ നൽകും
കാർഷിക മേഖല
കാർഷിക വിളകളുടെ താങ്ങുവിലയിൽ ഗണ്യമായ വർദ്ധനവാണ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്:
നെല്ല്: 35 രൂപ
നാളികേരം: 45 രൂപ
റബ്ബർ: 300 രൂപ
എല്ലാ പഞ്ചായത്തുകളിലും ശീതീകരണ സൗകര്യമുള്ള പ്രാഥമിക ഗ്രാമീണ കാർഷിക വിപണികൾ സ്ഥാപിക്കും.
വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള നാശനഷ്ടങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കും.
ആരോഗ്യവും വിദ്യാഭ്യാസവും
സാർവ്വത്രിക ആരോഗ്യ പരിരക്ഷ: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ (KASP) അഞ്ച് ലക്ഷം രൂപ എന്ന ചികിത്സാ പരിധി എടുത്തുമാറ്റും.
ഇതിൽ ഉൾപ്പെടാത്തവർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരും.
ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ: തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നാല് അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കും.
സ്കൂൾ വിദ്യാഭ്യാസം: എല്ലാ ക്ലാസിലും കുട്ടികൾക്ക് മിനിമം ശേഷി ഉറപ്പുവരുത്തും. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പിന്തുണ നൽകും.
അടിസ്ഥാന സൗകര്യങ്ങളും വ്യവസായവും
രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയാക്കും.
അതിവേഗ റെയിൽപാത: വടക്ക്-തെക്ക് റെയിൽപാതയ്ക്കായുള്ള ശ്രമങ്ങൾ തുടരും. ശബരി റെയിൽപ്പാത സമയബന്ധിതമായി പൂർത്തിയാക്കും.
വ്യവസായ ഇടനാഴികൾ: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം-കൊല്ലം-പുനലൂർ ഇടനാഴിയും കൊച്ചി-ബംഗളൂരു, കൊച്ചി-മംഗലാപുരം ഇടനാഴികളും വികസിപ്പിക്കും.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
പ്രവാസികൾക്ക് നെറ്റിവിറ്റി കാർഡ്: പൗരത്വ നിയമവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ പ്രവാസികൾക്ക് നെറ്റിവിറ്റി കാർഡ് നൽകും.
ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ: പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കും.
അഴിമതിരഹിത ഭരണം: സമ്പൂർണ്ണ ഇ-ഗവേണൻസിലൂടെ അഴിമതിരഹിത സദ്ഭരണം ഉറപ്പാക്കും.
പരിസ്ഥിതി സംരക്ഷണം: പശ്ചിമഘട്ടത്തിലെ ഭൂപശ്നങ്ങൾ പരിഹരിക്കും. വനങ്ങൾ പൂർണ്ണമായും സംരക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

