പതിനായിരത്തോളം വോട്ടിന് ജയിക്കും, പടച്ച റബ്ബ് സാക്ഷി -കെ.ടി. ജലീൽ; ‘അഞ്ചാമത് വിജയ വാർത്ത വിറക്കുന്ന കൈകളോടെ ‘മാധ്യമ’ത്തിൽ നിരത്തേണ്ടി വരും’
text_fieldsമലപ്പുറം: പതിനായിരത്തോളം വോട്ടുകൾക്ക് ജയിക്കുമെന്ന് മലപ്പുറം തവനൂരിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഡോ. കെ.ടി ജലീൽ. ‘ജനവിധി ആർക്കൊപ്പം’ എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ ‘മാധ്യമം’ വായനക്കാർക്ക് അഭിപ്രായം പറയാൻ ഒരുക്കിയ കാമ്പയിനിലാണ് തന്റെ വിജയം പ്രവചിച്ച് സ്ഥാനാർഥി രംഗത്തെത്തിയത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തവനൂരിൽ കെ.ടി ജലീലിന് കാലിടറുമോ എന്ന ചോദ്യത്തിന് ‘കാലിടറില്ല. പതിനായിരത്തോളം വോട്ടുകൾക്ക് ജയിക്കും’ എന്നായിരുന്നു ജലീലിന്റെ മറുപടി. ‘‘എന്റെ തോൽവി ‘മാധ്യമം’ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ നടക്കില്ല. തവനൂരും ഞാനും തമ്മിലുള്ള ആത്മബന്ധം അത്രകണ്ട് ഗാഢമാണ്. 2021-ൽ നിങ്ങളെല്ലാം കൂടി എഴുന്നള്ളിച്ച് കൊണ്ടുവന്ന ചാരിറ്റി മാഫിയാ തലവന്റെ ഗതി എന്തായി? മെയ് 4-ന് രാവിലെ 8 മണിവരെ നിങ്ങൾക്ക് എന്നെ തോൽപ്പിക്കാം. അന്നേ ദിവസം ഉച്ചയോടെ എന്റെ അഞ്ചാമത്തെ വിജയത്തിന്റെ ചിത്രവും വാർത്തയും വിറക്കുന്ന കൈകളോടെ അഞ്ചാം തിയ്യതിയിലെ മാധ്യമത്തിലേക്കായി നിങ്ങൾക്ക് നിരത്തേണ്ടി വരും. പടച്ച റബ്ബ് സാക്ഷി’’ -ജലീൽ ഫേസ്ബുക് കമന്റിൽ കുറിച്ചു.
അതേസമയം, വിജയം സുനിശ്ചിതമെന്ന് കെ.ടി. ജലീൽ ആവർത്തിക്കുമ്പോഴും പോളിങ് ശതമാനം നൽകുന്ന സൂചനകൾ എൽ.ഡി.എഫിന് അത്ര അനുകൂലമല്ല. ബൂത്തുതല കണക്കുകൾ വെച്ച്, പൊന്നാനിക്കൊപ്പം തവനൂരിലും ഭൂരിപക്ഷം കുറയുമെന്ന വിലയിരുത്തലിലാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് എത്തിയിരിക്കുന്നത്. മണ്ഡലത്തിൽ സുരക്ഷിത ഭൂരിപക്ഷം സി.പി.എം പ്രതീക്ഷിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മണ്ഡലം നഷ്ടപ്പെടാനുള്ള സാധ്യതയും പാർട്ടി മുന്നിൽ കാണുന്നുണ്ട്.
പ്രതീക്ഷിച്ച എല്ലാ ഘടകങ്ങളും ഒത്തുവന്നാൽ 5000 മുതൽ 8000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. എൽ.ഡി.എഫ് സർക്കാറിനെതിരായ ഭരണവിരുദ്ധത വികാരവും മണ്ഡലത്തിൽ കെ.ടി. ജലീലിന് എതിരായ ഘടകങ്ങളും വി.എസ്. ജോയിക്ക് അനുകൂലമായതായി യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. തദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഭരണം ലഭിച്ചതിന്റെ ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്നും വ്യത്യസ്തമായി പ്രാദേശികമായി ലീഗിന്റെ സഹകരണം നന്നായി ലഭിച്ചതും വി.എസ്. ജോയിയുടെ ആത്മവിശ്വാസം ഉയർത്തുന്ന ഘടകമാണ്.
ബി.ജെ.പിക്ക് സമാന്യം ശക്തിയുള്ള മണ്ഡലത്തിൽ, പാർട്ടി മുൻ ജില്ല അധ്യക്ഷനായ ബി.ജെ.പി സ്ഥാനാർഥി രവി തേലത്ത് പിടിക്കുന്ന വോട്ടുകളും ജലീലിന് നിർണായകമാവും. സി.പി.എമ്മിന് വിജയം ഉറപ്പുള്ള സംസ്ഥാനത്തെ 50 മണ്ഡലങ്ങളുടെ പട്ടികയിൽ തവനൂരില്ല എന്നതിൽതന്നെ എൽ.ഡി.എഫിന് ആശങ്കയുള്ള മണ്ഡലങ്ങളിൽ ഒന്നാണിതെന്ന് വ്യക്തം.
അതേസമയം, കാന്തപുരം വിഭാഗത്തിന്റെയും സമസ്തയിലെ ലീഗ് വിരുദ്ധരുടെയും വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായതായും തവനൂരിൽ വിജയം ഉറപ്പാണെന്നും കെ.ടി. ജലീൽ ആവർത്തിക്കുന്നുണ്ട്. 2011ലും 2016ലും 2021ലും തവനൂരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കെ.ടി ജലീലിന്റെ ഈ മണ്ഡലത്തിൽനിന്നുള്ള നാലാമത്തെ അങ്കമാണിത്. 2021ൽ ജീവകാരുണ്യപ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലിനെതിരെ മത്സരിച്ചപ്പോൾ കേവലം 2,564 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജലീൽ തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

