ഡീലിൽ മുറിവേറ്റ കുറേ എസ്ഡിപിഐക്കാരും സിപിഎമ്മുകാരും വോട്ട് മാറ്റി ചെയ്തു, ഇങ്ങനെ ഒരു പെടൽ പെടുമെന്ന് സി.പി.എം ആലോചിച്ചതേയില്ല -കെ.എം. ഷാജി
text_fieldsമലപ്പുറം: എന്ത് ഡീൽ ആണെങ്കിലും ഏത് കേഡർ പാർട്ടിയാണെങ്കിലും ഭാഗികമായി മാത്രമേ നടക്കുകയുള്ളൂ എന്ന് വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെഎം ഷാജി. വേങ്ങരയിൽ നല്ലൊരു ശതമാനം എസ്.ഡി.പി.ഐക്കാരും സി.പി.എമ്മുകാരും ഈ ഡീലിൽ മുറിവേറ്റ് വോട്ട് മാറ്റി ചെയ്യുകയോ വോട്ട് ചെയ്യാതിരിക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിയും സിപിഎമ്മും ഡീൽ നടത്തുമ്പോൾ താഴെത്തട്ടിൽ മറക്കാൻ പറ്റാത്ത പല കാര്യങ്ങളുമുണ്ട്. ഇവർ എത്രപേരുടെ രക്തം ചിന്തിയിട്ടുണ്ട്? എത്ര രക്തസാക്ഷികളുണ്ട്? എത്ര ആളുകളുടെ കുടുംബം തകർത്തിട്ടുണ്ട്? എന്നിട്ടും കച്ചവടത്തിന് വേണ്ടി ഡീൽ ചെയ്യുമ്പോൾ ആരായാലും പ്രതികരിക്കും. അതുകൊണ്ട് ഡീൽ നേതാക്കന്മാർ തമ്മിൽ മാത്രമാവുകയും അണികൾ അതിനെ നിരാകരിക്കുകയും ചെയ്തിട്ടുണ്ടാകും എന്നാണ് ഞാൻ വിചാരിക്കുന്നത്. അതേസമയം ലീഗിനും കോൺഗ്രസിനും വലിയ പ്രശ്നമൊന്നും വരില്ല. കാരണം ചോരക്കളി ഒന്നുമില്ലാത്ത മറന്നു പോകാവുന്ന കാര്യങ്ങൾ മാത്രമേ അവർക്കിടയിൽ ഉണ്ടാവുകയുള്ളൂ’ -ഷാജി പറഞ്ഞു.
എസ്ഡിപിഐയുടെയും സിപിഎമ്മിന്റെയും ഡീലിൽ മനസ് നൊന്ത അണികൾ ഇരുഭാഗത്തുമുണ്ട്. സിപിഎമ്മിനെ കബളിപ്പിച്ചിട്ട് ചിഹ്നം കൊണ്ടുവന്നത് തന്നെ വലിയ തട്ടിപ്പണിയാണ്. സിപിഎം സീറ്റ് വിറ്റിട്ട് ഓരോ വഴിക്ക് പോയി. സി.പി.എമ്മിന്റെ സ്വന്തം സ്ഥാനാർഥി എസ്.ഡി.പി.ഐ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. തൊട്ടടുത്ത മണ്ഡലങ്ങളിൽ ഇതേ ചിഹ്നം വെച്ച് മത്സരിക്കുകയാണ് എസ്ഡിപിഐ. ഇങ്ങനെ ഒരു പെടൽ പെടുമെന്ന് സി.പി.എം ഒരിക്കലും ആലോചിച്ചില്ല. പണ്ടത്തെ കാലമൊന്നും അല്ലല്ലോ. ആളുകൾക്ക് ഒരു മിനിറ്റ് കൊണ്ട് ഇത് മനസ്സിലാകില്ലേ. അതിലൊക്കെ മനസ്സു മുറിഞ്ഞ കുറെ സിപിഎമ്മുകാർ ഉണ്ട്.
അവസാന അഞ്ച് ദിവസം പൊളിറ്റിക്സ് പറയിപ്പിക്കലേക്ക് ഇടതുപക്ഷത്തെ കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞു. മികച്ച വിജയം എന്തായാലും ഇവിടെ ഉണ്ടാവും. പോളിങ് ശതമാനം ഉയർന്നത് സംസ്ഥാനത്ത് പൊതുവിൽ എപ്പോഴും യുഡിഎഫിന് അനുകൂലമായിരിക്കും. കാരണം, യു.ഡി.എഫിന്റെ വോട്ടുകൾ എപ്പോഴും അലസമായി പോകുന്നതാണ്. എന്നാൽ, സിപിഎം കേഡർ പാർട്ടിയായതിനാൽ അവർ എപ്പോഴും അവസാനത്തെ വോട്ടും പെറുക്കിയെടുക്കും. ആ മെത്തേഡ് യുഡിഎഫ് പയറ്റുമ്പോഴാണ് വോട്ടിങ് ശതമാനം കൂടുക -ഷാജി അഭിപ്രായപ്പെട്ടു.
കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളെ കുറിച്ച് താൻ വ്യക്തിപരമായി അഭിപ്രായം പറയില്ല. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകും. അവരാണ് അത് തീരുമാനിക്കുക -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

