Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരാകും മുഖ്യമന്ത്രി?...

ആരാകും മുഖ്യമന്ത്രി? പ്രതികരണവുമായി കെ.സി. വേണുഗോപാൽ; ‘നമ്മൾ വട്ടപൂജ്യമെന്നാണ് വിമർശനം, ആയിക്കോട്ടെ; കഴിഞ്ഞ 10 കൊല്ലമായി ഇത് കേട്ടുകൊണ്ടിരിക്കുന്നു’

text_fields
bookmark_border
ആരാകും മുഖ്യമന്ത്രി? പ്രതികരണവുമായി കെ.സി. വേണുഗോപാൽ; ‘നമ്മൾ വട്ടപൂജ്യമെന്നാണ് വിമർശനം, ആയിക്കോട്ടെ; കഴിഞ്ഞ 10 കൊല്ലമായി ഇത് കേട്ടുകൊണ്ടിരിക്കുന്നു’
cancel

ന്യൂഡൽഹി: കേരളത്തിൽ മുഖ്യമ​ന്ത്രി ആരാകും എന്ന തരത്തിലുള്ള ചർച്ചകളിൽ തനിക്ക് താൽപര്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഈ രാജ്യത്തെ ബാധിക്കുന്ന, ജനാധിപത്യത്തെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ ഡീലിമിറ്റേഷൻ ബിൽ പ്രശ്നം നിലനിൽക്കുമ്പോൾ ഇത്തരം ചർച്ച ഉചിതമല്ല. നാലാംതീയതി ഫലം വന്ന ശേഷം കോൺഗ്രസ് പാർട്ടി സംവിധാനം മുഖ്യമന്ത്രിയെ തീരുമാനിക്കു​മെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കെ.സിയെ പുകഴ്ത്തി കെ. സുധാകരൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിനെകുറിച്ചും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളെ കുറിച്ചും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സമൂഹമാധ്യമങ്ങളോ നെഗറ്റീവ്, പോസിറ്റീവ് ചർച്ചകളോ ഒന്നുമല്ല കോൺഗ്രസിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. നാലാം നാലാം തിയതി ഫലം വരട്ടെ. എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇതാണ്, ഫലം വരുന്നവരെ കാത്തിരിക്കുക. കോൺഗ്രസിന്റെ ലീഡർഷിപ്പും സിസ്റ്റവും കൂടിയാലോചിച്ചു തീരുമാനിക്കും. നേതാക്കന്മാർക്കില്ലാത്ത ആശങ്ക നിങ്ങൾക്കെന്തിനാണ്. നേതാക്കന്മാരെല്ലാം വളരെ ശാന്തരായിട്ട് ഇരിക്കുകയാണ്. പൊതുജന മധ്യത്തിൽ വലിച്ചിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്’ -അദ്ദേഹം പറഞ്ഞു.

‘പാർട്ടിക്കാരൻ എന്ന നിലയിൽ ജനങ്ങൾ നമുക്ക് അനുകൂലമായ വിധി എഴുതിയിട്ടുണ്ട് എന്നുള്ളതാണ് ഉറച്ച വിശ്വാസം. ജനങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് മുന്നോട്ട് പോകുക. അതിനപ്പുറം വേറെ ഒന്നുമില്ല. പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കലാണ് നല്ലത്. കെ സുധാകരൻ മാത്രമല്ലല്ലോ അഭിപ്രായം പറഞ്ഞത്. ചില മാധ്യമങ്ങളൊക്കെ ഇന്നലെയും മിനിഞ്ഞാന്നൊക്കെ എന്നെകുറിച്ച് ചർച്ച ചെയ്തത് പ്രവർത്തകരിൽ വിഷമമുണ്ടാക്കിയില്ലേ? നമ്മൾ വട്ട പൂജ്യം എന്നൊക്കെയാണ് പറഞ്ഞത്. പൂജ്യം ആയിക്കോട്ടെ, ഞാൻ കഴിഞ്ഞ 10 കൊല്ലമായിട്ട് ഇത് കേട്ടുകൊണ്ടിരിക്കുകയാണ്. ചില മാധ്യമങ്ങൾ കരുതുന്നത് അവരാണ് തീരുമാനിക്കുന്നത് എന്നാണ്. എങ്കിൽ അവർ തീരുമാനിക്കട്ടെ’ -അദ്ദേഹം പറഞ്ഞു.


മത്സരിച്ചവരെ മാത്രമായിരിക്കുമോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു: ‘സഹോദരാ ഞാൻ കൃത്യമായിട്ട് പറഞ്ഞു. വെയിറ്റ് ഫോർ ദി റിസൾട്ട്. നമ്മൾ എല്ലാവരും പാർട്ടിക്കാരാണ്. ഞങ്ങളുടെ നേതാക്കന്മാരെല്ലാം യോജിച്ച് പ്രവർത്തിക്കുന്നവരാണ്. ആ യോജിപ്പ് ഇപ്പോഴും അവിടെയുണ്ട്. കേരളത്തിലെ കോൺഗ്രസിൽ ഭയങ്കര ഉരുൾ പൊട്ടൽ ഉണ്ടാകും എന്നായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് നിങ്ങളെല്ലാം പറഞ്ഞുകൊണ്ടിരുന്നത്. സ്ഥാനാർത്ഥി നിർണയം വന്നാൽ ഭയങ്കര ഉരുൾ പൊട്ടൽ ഉണ്ടാകും, വലിയ കലാപം ആയിരിക്കും ഉണ്ടാകാൻ പോകുന്നത് എന്നൊക്കെ പറഞ്ഞു. ഒന്നും ഉണ്ടായില്ലല്ലോ. ഇത്രയും സ്മൂത്ത് ആയിട്ട് എല്ലാവരും യോജിച്ചു പോയി. അതുപോലെ സ്മൂത്ത് ആയിട്ട് കാര്യങ്ങൾ നടക്കും. പാർട്ടിക്ക് ഒരു ലീഡർഷിപ്പ് ഉണ്ട്, വ്യവസ്ഥാപിതമായ മാർഗങ്ങൾ ഉണ്ട്. നേതാക്കന്മാരുമായിട്ടുള്ള ഡിസ്കഷൻ ഉണ്ടാകും. ഇതെല്ലാം കൂടി ഒന്നിച്ചിരുന്ന് തീരുമാനം എടുക്കും. അതിലൊന്നും ബേജാറാകണ്ട. ഇത്തരം പൊതു ചർച്ചകൾ ഒഴിവാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്’ -അദ്ദേഹം പറഞ്ഞു.

കെ. സുധാകരന് പാർട്ടിയുടെ ഈ ചട്ടങ്ങൾ അറിയില്ലേ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, ഞാൻ പൊതുവായി പറഞ്ഞതാണെന്ന് അദ്ദേഹം പ്രതികരിച്ചു. ‘നിങ്ങൾക്ക് ഈ ഡീലിമിറ്റേഷനെ കുറിച്ച് ഒരു താല്പര്യവുമില്ലേ? അതാണ് ഉദ്ദേശം എനിക്ക് മനസ്സിലായി. ഈ രാജ്യത്തെ ബാധിക്കുന്ന ഏറ്റവും ഗൗരവതരമായ പ്രശ്നം ചോദിക്കാൻ വന്നിട്ട് നിങ്ങൾ ചോദിക്കുന്നത് ഇതാണല്ലേ. സാഹചര്യത്തിന്റെ പ്രാധാന്യം ഇല്ലേ സഹോദരാ? ഇന്ന് ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുന്നത്, ലോകം മുഴുവൻ ചർച്ച ചെയ്യുന്നത് എന്താണ്?. പാർലമെന്റിൽ ഇത്ര തിടുക്കപ്പെട്ട ഒരു സമ്മേളനം വിളിച്ചുകൂട്ടുക, രണ്ട് സ്റ്റേറ്റിൽ ഇലക്ഷൻ നടക്കു​മ്പോൾ അവിടുത്തെ എംപിമാർക്ക് പോലും അവിടെ നിൽക്കാൻ പറ്റാതെ ഇവിടെ വിളിച്ചു കൊണ്ടുവരുക, ഇത്രയും വലിയ കാര്യം നടക്കുമ്പോൾ നിങ്ങൾക്ക് കേരളത്തിലെ കോൺഗ്രസിലെ പ്രശ്നം എങ്ങനെയാ കുത്തിവീർപ്പിക്കാൻ പറ്റുന്നത്? വളരെ സീനിയർ നേതാക്കന്മാരാണ് എല്ലാവരും. ഞങ്ങൾ എല്ലാവരും ഒന്നിച്ചാണ് ചർച്ച ചെയ്യുന്നത്. ഒന്നിച്ച് മുന്നോട്ട് പോകും. ഒരു പ്രശ്നവും ഉണ്ടാവില്ല’ -കെ.സി. വേണുഗോപാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KC VenugopalK SudhakaranVD SatheesanKerala Assembly Election 2026Congress
News Summary - kerala assembly election 2026: kc venugopal about kerala chief minister
Next Story